പി.എസ്.സി പരീക്ഷക്ക് ഫീസ് ഏര്‍പ്പെടുത്തണമെന്ന് ചെയര്‍മാന്‍

തിരുവനന്തപുരം: പി.എസ്.സി പരീക്ഷ സൗജന്യമായി നടത്തുന്നത് അവസാനിപ്പിച്ച് ഫീസ് ഏര്‍പ്പെടുത്തണമെന്ന് ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍. സാമ്പത്തിക സൗജന്യം അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രമേ നല്‍കാവൂ എന്നും അല്ലാത്തപക്ഷം നീതികേടാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനമൊഴിയുന്നതിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 100 രൂപ മുടക്കി മൊബൈല്‍ റീചാര്‍ജ് ചെയ്യുന്ന ചെറുപ്പക്കാരന് 10 രൂപ പോലും പരീക്ഷക്ക് മുടക്കാനില്ളെന്ന് പറയുന്നത് ശരിയല്ല. ഒരു ഉദ്യോഗാര്‍ഥി പരീക്ഷയെഴുതുമ്പോള്‍ പി.എസ്.സി ചെലവഴിക്കുന്നത് 210 രൂപയാണ്. അപേക്ഷിച്ചയാള്‍ പരീക്ഷയെഴുതിയാലും ഇല്ളെങ്കിലും ഈ തുക  നല്‍കണം. ഒരാളുടെ പരീക്ഷായിടത്തിന് സ്കൂളിന് നല്‍കുന്നത് അഞ്ചുരൂപയാണ്.

എന്നാല്‍ അപേക്ഷിച്ചശേഷം പരീക്ഷക്ക് ഹാജരാകാതിരിക്കുന്ന പ്രവണത വര്‍ധിച്ചിട്ടുണ്ട്. ഫീസ് ഏര്‍പ്പെടുത്തുന്നത് ആവശ്യപ്പെട്ട് രണ്ടുവര്‍ഷം മുമ്പ് സര്‍ക്കാറില്‍ ശിപാര്‍ശ നല്‍കിയെങ്കിലും  പിന്നീട് ആ ഫയല്‍ വെളിച്ചം കണ്ടില്ല. മുഴുവന്‍ പി.എസ്.സി പരീക്ഷകളും ഓണ്‍ലൈന്‍ പ്ളാറ്റ്ഫോമിലേക്ക് മാറണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം സ്വാഗതാര്‍ഹമാണ്. ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. രാജസ്ഥാനില്‍ ഓണ്‍ലൈന്‍ പരീക്ഷക്ക് 600 രൂപയാണ് ഫീസ് ഈടാക്കുന്നത്. പരീക്ഷകളില്‍ മാതൃഭാഷ നിര്‍ബന്ധമാക്കണമെങ്കില്‍ സംസ്ഥാനത്തെ ഭാഷാന്യൂനപക്ഷങ്ങളുടെ പ്രശ്നം പരിഹരിക്കണം. ഇത് സംബന്ധിച്ച് സബ്കമ്മിറ്റി പഠനം നടത്തുന്നുണ്ട്. ആദിവാസി വിഭാഗങ്ങളില്‍നിന്ന് 617 ട്രൈബല്‍ വാച്ചര്‍മാരെ നിയമിക്കാന്‍ കഴിഞ്ഞത് കമീഷന്‍െറ മികവും അഭിമാനവുമായി കരുതുന്നു. തനിക്കെതിരെയുള്ള ധനകാര്യ പരിശോധനാ വിഭാഗത്തിന്‍െറ റിപ്പോര്‍ട്ടിന് പൂര്‍ണമായും മറുപടി നല്‍കും.

സര്‍ക്കാര്‍ ചെലവില്‍  വിദേശയാത്ര നടത്തിയിട്ടില്ല. കെ.എം. എബ്രഹാമിന് തന്നോട് എന്താണ് പ്രശ്നമെന്നും അറിയില്ല. ചാവറയച്ചനെ വിശുദ്ധനാക്കിയ ചടങ്ങിലും ശിവഗിരി തീര്‍ഥാടനത്തിന്‍െറ 100ാം വാര്‍ഷികച്ചടങ്ങിലും പങ്കെടുത്തത് ചൂണ്ടിക്കാട്ടിയാണ് മതതാല്‍പര്യത്തിന് വിദേശ യാത്ര നടത്തിയെന്ന് റിപ്പോര്‍ട്ടില്‍ എഴുതിയത്. മതനേതാക്കളെയും നവോത്ഥാന നായകരെയും തിരിച്ചറിയാനുള്ള മിനിമം യോഗ്യത ഉദ്യോഗസ്ഥര്‍ക്കുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - psc chairman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.