കൊച്ചി: സഹോദരിമാർക്ക് നീതി ഉറപ്പാക്കാനുള്ള പോരാട്ടത്തിൽ നിമിത്തമായതിൽ ചാരിതാർഥ്യമുണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യം ആരോപണം ഉന്നയിച്ച നടി റിനി ജോർജ്. അതിജീവിതകൾ നേരിട്ട ക്രൂരപീഡനത്തിന് അവർക്ക് കിട്ടുന്ന നീതിയുടെ തുടക്കം മാത്രമാണിത്. ഇനിയും അതിജീവിതകളുണ്ടെന്നാണ് മനസിലാക്കുന്നത്. അവരും കേസിന്റെ ഭാഗമാകണമെന്നും റിനി ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ ഒരുപാട് സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. താൻ പറഞ്ഞതെല്ലാം കെട്ടിചമച്ച കഥകളാണെന്നായിരുന്നു ആരോപണം. അത് അങ്ങനെയല്ലെന്നതിന്റെ ആദ്യ സൂചനയാണ് കോടതി നൽകിയിരിക്കുന്നത്. അത്രയും വിഷമത്തോടെ പറഞ്ഞ കാര്യങ്ങൾക്ക് വേണ്ടി ഒരുപാട് അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും റിനി പറഞ്ഞു.
അതിജീവിതകൾ തങ്ങളുടെ ട്രോമയുമായി വീട്ടിലിരിക്കരുതെന്നും അവർ ആവശ്യപ്പെട്ടു. സ്ത്രീപക്ഷ നടപടി സ്വീകരിച്ചതിന് കോൺഗ്രസ് നേതൃത്വത്തിന് എല്ലാ അതിജീവിതമാരുടെ പേരിലും നന്ദി പറയുന്നുവെന്നും റിനി കൂട്ടിച്ചേർത്തു.
തിരുവനന്തപുരം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് രാഹുൽ മാങ്കൂട്ടത്തിൽ എ.എൽ.എക്ക് മുൻകൂർ ജാമ്യം നിഷേധിച്ചത്. രാഹുലിനെതിരെ പ്രാഥമികമായി തെളിവുണ്ടെന്നും അറസ്റ്റ് തടയാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ബുധനാഴ്ചയാണ് രാഹുലിന്റെ മുൻകൂർ ജാമ്യ ഹരജി തിരുവനന്തപുരം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി എസ്. നസീറ പരിഗണിച്ചത്. അടച്ചിട്ട കോടതിയിൽ വാദം കേൾക്കണമെന്ന ഇരുകക്ഷികളുടെയും ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.