ചെറ്റ എന്ന് വിളിച്ചതിൽ അഭിമാനിക്കുന്നു; മുഖ്യമന്ത്രിയുടെ ചെറ്റത്തരം പരാമര്‍ശത്തിന് മറുപടിയുമായി ജി. സുധാകരന്‍

അമ്പലപ്പുഴ : മുഖ്യമന്ത്രി പിണറായി വിജയന്റെ 'ചെറ്റത്തരം' പരാമർശത്തിന് ചുട്ട മറുപടിയുമായി മുതിർന്ന സി.പി.എം നേതാവ് ജി. സുധാകരൻ. അമ്പലപ്പുഴയിൽ നടന്ന യു.ഡി.എഫ് ജനറൽ ബോഡി യോഗത്തിൽ വെച്ചാണ് സുധാകരൻ മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ചത്.

ചെറ്റ എന്ന് വിളിച്ചതിൽ അഭിമാനമുണ്ട്. പാവപ്പട്ടവന്‍റെ പുരകളുടെ പ്രതീകമാണ് ചെറ്റ. അത്കൊണ്ട് മുഖ്യമന്ത്രി തന്നെ ചെറ്റ എന്ന് വിളിച്ചതിലൂടെ പാവപ്പെട്ടവരെയാണ് അധിക്ഷേപ്പിച്ചത്. മാത്രമല്ല താനും ചെറ്റക്കുടിലിൽ തന്നെ വളർന്നിട്ടുള്ള ആളാണ്. അതിന് ശേഷമാണ് പിന്നീട് വീട് എടുത്തൊക്കെ മാറുന്നത്. നീ പോടെ ചെറ്റെ എന്ന് മാത്രമല്ല അതിന് അർഥമുളളത്. സാധാരണക്കാരന്റെ വീടിനെ ആക്ഷേപിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മലയാള ഭാഷയിലെ പദങ്ങളുടെ അർത്ഥഭേദങ്ങൾ മുഖ്യമന്ത്രിക്ക് അറിയില്ലെന്ന് സുധാകരൻ പരിഹസിച്ചു. തന്നെ എന്ത് പേര് വിളിച്ചാലും തിരിച്ച് അസഭ്യം പറയില്ലെന്നത് തന്റെ 'ഗുരുത്വ'മാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നെ ചെറ്റ എന്നല്ല, വറ്റ മത്സ്യം എന്ന് വിളിച്ചാലും ഞാൻ തിരിച്ചു ചീത്ത പറയില്ലെന്നും ജി. സുധാകരൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് വിജയങ്ങളെയും സുധാകരൻ നേരിട്ട് ചോദ്യം ചെയ്തു. ആർക്കും ജയിക്കാൻ കഴിയുന്ന മണ്ഡലമായതിനാലാണ് പിണറായി വിജയൻ ധർമ്മടത്ത് വിജയിക്കുന്നത്. അവിടെ ഇടതുസ്ഥാനാർത്ഥികൾ ഇതുവരെ പരാജയപ്പെട്ടിട്ടില്ല. ഒമ്പത് തവണ മത്സരിച്ചത് പാർലമെന്ററി മോഹം കൊണ്ടല്ലേയെന്നും തന്നെ പാർലമെന്ററി മോഹിയെന്ന് വിളിക്കുന്നവർ സ്വന്തം ചരിത്രം പരിശോധിക്കണമെന്നും സുധാകരൻ വ്യക്തമാക്കി. പാർട്ടിയോട് ഇടഞ്ഞ് യു.ഡി.എഫ് പിന്തുണയിൽ മത്സരിക്കുന്ന ജി.സുധാകരൻ കാണിച്ചത് രാഷ്ട്രീയ ചെറ്റത്തരം ആണെന്നയിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ മുമ്പ് പറഞ്ഞിരുന്നത്.

Tags:    
News Summary - "Proud to be Called 'Chetta': G. Sudhakaran Hits Back at CM Pinarayi Vijayan's Remarks"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.