തൊടുപുഴ: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതിപരത്തുന്ന അക്രമകാരിയായ കാട്ടാന അരിക്കൊമ്പനെ പിടികൂടുന്ന നടപടികൾ കോടതി സ്റ്റേയെ തുടർന്ന് നിർത്തിവെക്കുന്നതിൽ വ്യാപക പ്രതിഷേധം. കേസിൽ കക്ഷിചേരാൻ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകൾ തീരുമാനിച്ചു.
കേസിൽ കക്ഷിചേരുമെന്ന് ഡീൻ കുര്യാക്കോസ് എം.പിയും വ്യക്തമാക്കി. കുങ്കിയാനകളെ തിരികെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രദേശവാസികൾ. അരിക്കൊമ്പന്‍റെ തുടർച്ചയായ ആക്രമണങ്ങൾക്കൊടുവിൽ മയക്കുവെടി വെച്ച് പിടികൂടാനുള്ള വനംവകുപ്പ് തീരുമാനത്തിൽ ആശ്വാസത്തിലായിരുന്ന ജനവാസ കേന്ദ്രങ്ങളിൽ കോടതിവിധി കടുത്ത പ്രതിഷേധമാണുണ്ടാക്കിയത്.
ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ വെള്ളിയാഴ്ച പ്രതിഷേധ പരിപാടികൾ നടന്നു. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ഹർത്താൽ അടക്കം സമരപരിപാടികളിലേക്ക് കടക്കാനാണ് തീരുമാനം.
നാട്ടുകാരും ജനപ്രതിനിധികളും രാഷ്ട്രീയകക്ഷി നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തി. വിധി നിരാശാജനകമാണെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ശാന്തൻപാറ പഞ്ചായത്ത് പ്രസിഡന്‍റ് ലിജു വർഗീസ് പറഞ്ഞു. കോടതിയിൽനിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉയരുമെന്നും കുങ്കിയാനകളെ തിരികെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മൃഗശാലകളിൽ മാത്രം മൃഗങ്ങളെ കണ്ടിട്ടുള്ളവരാണ് പരാതി നൽകിയതെന്നും ആനയെ പിടിക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോകണമെന്നും യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് കെ.എസ്. അരുൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.