വിമാനത്തിൽ മുഖ്യമന്ത്രിക്ക്​ നേരെ ​പ്രതിഷേധം: പ്രതികളുടെ ജാമ്യഹരജിയിൽ വിശദീകരണം തേടി

കൊച്ചി: വിമാനത്തിൽ മുഖ്യമന്ത്രിക്ക്​ നേരെ മുദ്രാവാക്യം വിളിച്ച്​ പ്രതിഷേധിച്ച കേസിൽ അറസ്റ്റിലായ യൂത്ത്​ കോൺഗ്രസ്​ നേതാക്കളുടെ ജാമ്യഹരജിയിൽ ഹൈകോടതി സർക്കാറിന്‍റെ വിശദീകരണം തേടി. കണ്ണൂർ -തിരുവനന്തപുരം ഇൻഡിഗോ വിമാനത്തിൽ വെച്ചുണ്ടായ സംഭവത്തിൽ പിടിയിലായ തലശ്ശേരി മട്ടന്നൂർ സ്വദേശി ഫർസീൻ മജീദ്, തലശ്ശേരി പട്ടാനൂർ സ്വദേശി ആർ.കെ. നവീൻ എന്നിവരു​ടെ ജാമ്യഹരജിയിൽ​, ജസ്റ്റിസ് വിജു എബ്രഹാം വിശദീകരണം തേടിയശേഷം ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി. കേസിലെ മൂന്നാം പ്രതി സുജിത് നാരായണൻ മുൻകൂർ ജാമ്യം തേടിയും ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്​. വെള്ളിയാഴ്ച ഹരജി പരിഗണിച്ചെങ്കിലും അറസ്റ്റ് തടയണമെന്ന ഇടക്കാല ആവശ്യം കോടതി അനുവദിച്ചില്ല. ഈ ഹരജിയും സർക്കാറിന്‍റെ വിശദീകരണത്തിനായി മാറ്റി. തിങ്കളാഴ്ച പരിഗണിക്കും.

ഈമാസം 13ന്​ വൈകീട്ട്​ മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന വിമാനത്തിലുണ്ടായിരുന്ന ഇവർ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് തിരുവനന്തപുരം വലിയതുറ പൊലീസ് കേസെടുത്തത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ വിമാനത്തിൽനിന്ന് ഇറങ്ങാൻ കാത്തുനിൽക്കുന്നതിനിടെ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുക മാത്രമാണുണ്ടായതെന്ന്​ ഹരജിക്കാർ പറയുന്നു. ഇതുകണ്ട് മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന മുൻ മന്ത്രി ഇ.പി. ജയരാജൻ തങ്ങളുടെ അടുത്തേക്ക് വന്നു പിടിച്ചുതള്ളി ആക്രമിച്ചു. സംഭവത്തെ തുടർന്ന് പരിക്കേറ്റ് ചികിത്സ തേടേണ്ടി വന്നു. സമാധാനപരമായി പ്രതിഷേധിക്കുകയാണ് ചെയ്തതെന്നും തിരുവനന്തപുരം ആർ.സി.സിയിൽ കാൻസർ ചികിത്സയിലുള്ള രോഗിയെ കാണാനാണ് തിരുവനന്തപുരത്തേക്ക് പോയതെന്നും മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന ആരോപണം കളവാണെന്നും ഹരജിയിൽ പറയുന്നു.

ജൂൺ 14ന് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി ഫർസീൻ സ്കൂൾ അധ്യാപകനും രണ്ടാം പ്രതി നവീൻ സഹകരണ ബാങ്ക് ജീവനക്കാരനുമാണ്. ജയിലിൽ തുടർന്നാൽ ജോലി നഷ്ടപ്പെടുമെന്ന്​ ഹരജിയിൽ പറയുന്നു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്​ കോടതിയിൽ ജാമ്യഹരജി നൽകിയെങ്കിലും വിഷയം ആ കോടതിയുടെ അധികാര പരിധിയിലുള്ളതല്ലെന്ന് വ്യക്തമാക്കി തള്ളി. ഇതേ തുടർന്നാണ്​ ഹൈകോടതിയെ സമീപിച്ചത്​.

Tags:    
News Summary - Protest against CM on flight: High Court sought Clarification on accuseds bail plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.