കോട്ടക്കൽ: അമ്പതിലധികം വീടുകൾ കുടിയൊഴിപ്പിച്ച് ദേശീയപാതക്കായി നിർമിക്കുന്ന സ്വാഗതമാട്-പാലച്ചിറമാട് ബൈപാസ് റോഡ് പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് അനശ്ചിതകാല സമരമാരംഭിച്ച അഡ്വ. ഷബീന ചൂരപ്പുലാക്കലിനെ അറസ്റ്റ് ചെയ്ത് നീക്കി. ശാരീരികാവസ്ഥ മോശമാണെന്ന ആരോഗ്യവകുപ്പ് നിർദേശത്തെ തുടർന്നായിരുന്നു പൊലീസ് നടപടി.
നീക്കം സമരനേതാക്കളടക്കമുള്ളവർ തടഞ്ഞത് സംഘർഷത്തിന് വഴിവെച്ചു. ബലപ്രയോഗത്തിലൂടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം മൂന്നോടെയാണ് ഇൻസ്പെക്ടർ എം.കെ. ഷാജിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്വാഗതമാട് സമരപ്പന്തലിലെത്തിയത്. മൂന്നാം ദിവസവും സമരം തുടരുന്ന ഷബീനയെ രാവിലെ ആരോഗ്യവകുപ്പ് സംഘം പരിശോധിച്ചാണ് റിപ്പോർട്ട് നൽകിയത്. ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയാണെന്നും സഹകരിക്കണമെന്നും പൊലീസ് അറിയിച്ചു. എന്നാൽ, സമരം തുടരുമെന്നും ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഇവർ മറുപടി നൽകി.
അറസ്റ്റ് ചെയ്യരുതെന്നും സമാധാനപരമായ സമരമാണ് നടത്തുന്നതെന്നും സമരനേതാക്കളായ വി.ടി. സുബൈർ തങ്ങൾ, സി. ആസാദ്, വാഹിദ് ചങ്ങരംചോല, കുഞ്ഞാണി എന്നിവരും അറിയിച്ചു.
ആരോഗ്യപരിശോധനക്ക് ശേഷം വിട്ടുതരാമെന്ന് പൊലീസ് അറിയിച്ചെങ്കിലും നാട്ടുകാർ മുദ്രാവാക്യം വിളിയോടെ പൊലീസിനെ നേരിട്ടു. ഇതോടെ ബലപ്രയോഗത്തിലൂടെ ഷബീനയെ അറസ്റ്റ് ചെയ്ത് ആംബുലൻസിലേക്ക് മാറ്റുകയായിരുന്നു.
തുടർന്ന് ദേശീയപാത ഉപരോധിക്കാനുള്ള പ്രതിഷേധക്കാരുടെ നീക്കവും പൊലീസ് തടഞ്ഞു. എസ്.ഐമാരായ റിയാസ് ചാക്കീരി, മഞ്ജിത്ത്്ലാൽ, നിപുൺ ശങ്കർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.