കൊച്ചി: സംരക്ഷണ കേന്ദ്രമായി സർക്കാർ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പക്ഷികളുടെ സ്വാഭാവിക ആവാസ വ്യവസ്ഥ സംരക്ഷിക്കാൻ അധികൃതർക്ക് ബാധ്യതയുണ്ടെന്ന് ഹൈകോടതി. പക്ഷിസങ്കേതമാക്കാനിരുന്ന സ്ഥലത്തിനുസമീപം പാറമടക്ക് അനുമതി നിഷേധിച്ച നടപടി ശരിവെച്ചാണ് ജസ്റ്റിസ് പി.ബി. സുരേഷ്കുമാറിെൻറ ഉത്തരവ്. കാസർകോട് കിടൂരിൽ ക്വാറി പ്രവർത്തനത്തിന് അഡീ. ജില്ല മജിസ്ട്രേട്ട് (എ.ഡി.എം) അനുമതി നിഷേധിച്ചതിനെതിരെ കണ്ണൂരിലെ ദേവദാരു അഗ്രോ -ലാൻഡ് വെഞ്ച്വേഴ്സ് ലിമിറ്റഡ് നൽകിയ ഹരജിയാണ് കോടതി തള്ളിയത്.
1.78 ഹെക്ടറിൽ ക്വാറി പ്രവർത്തനത്തിന് സ്ഫോടകവസ്തുക്കൾ ശേഖരിക്കാൻ ലൈസൻസിന് ഹരജിക്കാർ നൽകിയ അപേക്ഷ എ.ഡി.എം നിരസിക്കുകയായിരുന്നു. സ്ഫോടക വസ്തുക്കൾ ശേഖരിക്കാൻ നിലപാട് അറിയിക്കേണ്ട ആർ.ഡി.ഒ, ജില്ല പൊലീസ് മേധാവി, അഗ്നിരക്ഷാസേന ഡിവിഷനൽ ഒാഫിസർ, ജില്ല ജിയോളജിസ്റ്റ്, പഞ്ചായത്ത് അധികൃതർ എന്നിവരെല്ലാം അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും ക്വാറി പ്രവർത്തനം തുടങ്ങുന്ന ഭൂമിക്ക് സമീപം പക്ഷിസങ്കേതത്തിന് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ അനുമതി തേടിയത് കണക്കിലെടുത്താണ് എ.ഡി.എം അപേക്ഷ നിരസിച്ചത്.
ക്വാറി മേഖലയിൽനിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് പക്ഷിസങ്കേതമെന്ന് ഹരജിക്കാർ വാദിച്ചെങ്കിലും 350 മീറ്റർ ആകാശദൂരം മാത്രമാണുള്ളതെന്ന് തഹസിൽദാർ റിപ്പോർട്ട് നൽകിയിരുന്നു. ഒരു മേഖലയെ പക്ഷിസങ്കേതമായി പ്രഖ്യാപിക്കാൻ സർക്കാറിനാണ് അധികാരമെന്നും സർക്കാർ ഇത് പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ പക്ഷിസങ്കേതത്തിെൻറ പേരിൽ ക്വാറി പ്രവർത്തനത്തിന് അനുമതി നിഷേധിച്ചത് നിയമപരമല്ലെന്നുമായിരുന്നു ഹരജിക്കാരുടെ വാദം.
എന്നാൽ, സർക്കാറിനും പൗരന്മാർക്കും വന്യജീവികളെ സംരക്ഷിക്കാൻ ഭരണഘടനാപരമായി ബാധ്യതയുണ്ടെന്നിരിക്കെ അനുമതി നിഷേധിച്ചതിൽ അപാകതയില്ലെന്ന് വ്യക്തമാക്കിയ സിംഗിൾ ബെഞ്ച് ഹരജി തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.