തിരുവനന്തപുരം: ഭൂമി പതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്തപ്പോഴും പതിച്ചുനൽകുന്ന ഭൂമിയിലെ സംരക്ഷിത മരങ്ങൾ വനം വകുപ്പിെൻറ അനുമതിയില്ലാതെ മുറിക്കാൻ അനുവാദം നൽകിയിരുന്നില്ലെന്ന് നിയമസഭ രേഖകൾ. 2019 നവംബർ 21ന് ചേർന്ന നിയമസഭ സമ്മേളനത്തിൽ നക്ഷത്ര ചിഹ്നമിട്ട ചോദ്യത്തിന് മറുപടിയായി അന്നത്തെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭൂമി കൈമാറ്റം ചെയ്യുന്നതിലും ധനകാര്യ സ്ഥാപനങ്ങളിൽ ഇൗടുവെച്ച് വായ്പയെടുക്കുന്നതിനുമാണ് ഇളവ് നൽകിയതെന്നും രേഖകൾ വെളിപ്പെടുത്തുന്നു. ഇത് മറച്ചുവെച്ചാണ് ചന്ദനമൊഴികെ മരങ്ങൾ മുറിക്കാൻ അനുവദിച്ച് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി എ. ജയതിലക് വിവാദ ഉത്തരവിട്ടത്.
റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരെൻറ മറുപടിയിൽ 1964 ലെ ഭൂമി പതിവ് ചട്ടങ്ങളിൽ എൽ.ഡി.എഫ് സർക്കാർ വരുത്തിയ ഭേദഗതി വ്യക്തമാക്കുന്നുണ്ട്. 2017 ആഗസ്റ്റ് 17 ലെ ഉത്തരവ് പ്രകാരം കേരള ഭൂമി പതിവ് ചട്ടങ്ങളിലെ ഏഴ്, എട്ട്, ഒമ്പത് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയെന്നും പിന്നീട് 2018 ഫെബ്രുവരി രണ്ടിലെ ഉത്തരവ് പ്രകാരം ചട്ടം 9(1)ലും ഭേദഗതി വരുത്തിയതായി മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. 'ആഗസ്റ്റ് 17 ലെ ഉത്തരവ് പ്രകാരം പട്ടയം നൽകുന്ന ഭൂമിയിലെ മരങ്ങളുടെ അവകാശം 1964 ലെ കേരള ഭൂമി പതിവ് ചട്ടം 10 (3) പ്രകാരവും 1986 ലെ കേരള പ്രിസർവഷേൻ ഒാഫ് ട്രീസ് ആക്ടിലെ നാല്, 22 വകുപ്പുകൾ പ്രകാരവുമാണ്. 1986 ലെ കേരള പ്രിസർവേഷൻ ഒാഫ് ട്രീസ് ആക്ടിൽ വൃക്ഷമെന്ന് നിർവചിച്ച പത്ത് മരങ്ങളൊഴികെ മരങ്ങൾ വനംവകുപ്പിെൻറ അനുവാദം കൂടാതെയും ആക്ടിൽ ഉൾപ്പെടുന്ന പത്ത് മരങ്ങൾ വനംവകുപ്പിെൻറ അനുവാദത്തോടെയും മുറിക്കാവുന്നതാണെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ട്.'
തുടർന്ന് 2017 ലെ ഉത്തരവ് പ്രകാരം 1964 ലെ ഭൂമി പതിവ് ചട്ടങ്ങളിലെ ഉപാധികളിൽ വരുത്തിയ ഇളവുകളിൽ മരം മുറിക്കുന്നത് ഉൾപ്പെടുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. അതിങ്ങനെ: 'കൈവശമില്ലാത്ത, പതിച്ചുകിട്ടുന്ന ഭൂമി കൈമാറ്റം ചെയ്യാനുള്ള കാലപരിധി 25 വർഷത്തിൽനിന്ന് 12 വർഷമാക്കി. കൈവശഭൂമി പതിച്ചുകിട്ടിയാൽ കൈമാറ്റം ചെയ്യാനുള്ള തടസ്സവും നീക്കി. കൈവശ ഭൂമി പതിച്ചുകിട്ടിയശേഷം വീട് നിർമാണത്തിനോ കൃഷിക്കോ ഭൂമി അഭിവൃദ്ധിപ്പെടുത്താനോ വേണ്ടി സർക്കാറിലോ റബർ ബോർഡിലോ ടീ ബോർഡിലോ ബാങ്കുകളിലോ ധനകാര്യ സ്ഥാപനങ്ങളിലോ ഇൗടുവെച്ച് വായ്പയെടുക്കാനുള്ള വ്യവസ്ഥ ഉൾപ്പെടുത്തി. കൈവശമില്ലാത്ത ഭൂമി പതിച്ചുകിട്ടുന്ന കേസുകളിൽ 25 വർഷത്തേക്ക് അന്യാധീനപ്പെടുത്താൻ പാടില്ലെന്നത് 12 വർഷമാക്കി.' എൽ.ഡി.എഫ് എം.എൽ.എമാരായ ഇ.കെ. വിജയൻ, സി. ദിവാകരൻ, ഗീതാ ഗോപി, ഇ.ടി. ടൈസൺ എന്നിവരുടെതായിരുന്നു ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.