തുറമുഖ പദ്ധതി ആരംഭിക്കുമ്പോൾതന്നെ പ്രാദേശികമായി വലിയ പ്രതിഷേധമുയർന്നു. തൊഴിലും ജീവനോപാധികളും നഷ്ടപ്പെടുമെന്നായിരുന്നു മത്സ്യത്തൊഴിലാളികളുടെ ആശങ്ക. നഷ്ടപരിഹാരവും പുനരധിവാസ പാക്കേജുമൊക്കെ പ്രഖ്യാപിച്ചെങ്കിലും പരിഹരിക്കാനുള്ള ആവശ്യങ്ങൾ നിരവധിയായിരുന്നു. മാസങ്ങൾ നീണ്ട സമരവും സംഘർഷവുമൊക്കെ തുറമുഖ നിർമാണത്തെയടക്കം ബാധിക്കുന്നഘട്ടത്തിലെത്തി.
ചർച്ചകൾക്കൊടുവിൽ പ്രതിഷേധത്തിന് കുറവുവന്നെങ്കിലും സർക്കാർ പ്രഖ്യാപിച്ച പുനരവധിവാസ-നഷ്ടപരിഹാര പദ്ധതികളെല്ലാം പൂർണതോതിൽ നടപ്പാക്കണമെന്ന ആവശ്യം തീരവാസികൾക്കുണ്ട്. വിഴിഞ്ഞം ഉയർത്തുന്ന തീരശോഷണമടക്കം യാഥാർഥ്യമാണെന്ന് മത്സ്യത്തൊഴിലാളി സംഘടനകൾ ചൂണ്ടിക്കാട്ടുമ്പോൾ തീരശോഷണം തുറമുഖം മൂലമല്ലെന്ന വാദമാണ് പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഉയർത്തിയത്.
പ്രാദേശിക പ്രതിഷേധത്തിനൊപ്പം തുറമുഖത്തെച്ചൊല്ലി രാഷ്ട്രീയ വിവാദവും കൊടുമ്പിരിക്കൊണ്ടു. വിഴിഞ്ഞം ‘യു.ഡി.എഫിന്റെ കുഞ്ഞാണെന്ന്’ പ്രതിപക്ഷം അവകാശപ്പെട്ടപ്പോൾ അത് അംഗീകരിക്കാൻ ഭരണപക്ഷം തയാറായില്ല. ഉമ്മൻ ചാണ്ടി സർക്കാർ തുറമുഖത്തിനായി നടത്തിയ ഇടപെടലുകളാണ് ഇന്നു പദ്ധതി യാഥാർഥ്യമാകാൻ വഴിതുറന്നതെന്ന് യു.ഡി.എഫ് പറയുന്നു. എന്നാൽ, ഇടതുസർക്കാറിന്റെ ഉറച്ച തീരുമാനങ്ങളാണ് അനിശ്ചിതത്വത്തിലായിരുന്ന തുറമുഖത്തേക്ക് കപ്പലടുക്കാൻ സാഹചര്യമൊരുക്കിയതെന്നാണ് എൽ.ഡി.എഫ് വാദം. തുറമുഖവുമായി ബന്ധപ്പെട്ട പൊതുചടങ്ങുകളിൽ വരെ ഇതേചൊല്ലിയുള്ള വാക്പോരുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.