കോഴിക്കോട്: നിലമ്പൂർ ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടും സിറ്റിങ് സീറ്റിൽ ആരാകും മത്സരിക്കുകയെന്ന് വ്യക്തമാക്കാത്ത എൽ.ഡി.എഫ് നിലപാടിൽ പരിഹാസവുമായി പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ. ചിഹ്നം പ്രശ്നമല്ലെന്നും പ്രമുഖ പാർട്ടി സിറ്റിങ് സീറ്റിലേക്ക് സ്ഥാനാർഥിയെ അന്വേഷിക്കുകയാണെന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. ഒ.എൽ.എക്സിന്റെ ലോഗോയും പങ്കുവെച്ചാണ് രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ചർച്ചകൾക്കൊടുവിൽ നിലമ്പൂർ നിയമസഭ മണ്ഡലത്തിൽ കോൺഗ്രസ് കഴിഞ്ഞ ദിവസം സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നു. ആര്യാടൻ ഷൗക്കത്തിനെയാണ് കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. വി.എസ് ജോയിയെ സ്ഥാനാർഥിയാക്കണമെന്ന് എൽ.ഡി.എഫ് വിട്ടിറങ്ങിയ നിലമ്പൂർ മുൻ എം.എൽ.എ പി.വി.അൻവർ ആവശ്യം ഉന്നയിച്ചിരുന്നുവെങ്കിലും സമ്മർദത്തിന് വഴങ്ങാതെ ഷൗക്കത്തിനെ തന്നെ കോൺഗ്രസ് സ്ഥാനാർഥിയാക്കുകയായിരുന്നു.
അതേസമയം, എൽ.ഡി.എഫ് ഇനിയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. സ്ഥാനാർഥി നിർണയ ചർച്ചകൾക്കായി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇന്ന് നിലമ്പൂരിലെത്തിയിരുന്നു. ഒരാഴ്ചക്കകം സ്ഥാനാർഥിയെ പ്രഖ്യാപിക്കാനാണ് പാർട്ടി തീരുമാനമെടുത്തതെന്നും വെള്ളിയാഴ്ചക്കകം സ്ഥാനാർഥി പ്രഖ്യാപനമുണ്ടാവുമെന്നുമാണ് എം.വി ഗോവിന്ദൻ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.