‘ഞങ്ങൾക്ക് മറ്റു മാർഗമില്ല’; നവംബർ മൂന്നു മുതൽ അനിശ്ചിതകാല സമരമെന്ന് സ്വകാര്യ ബസ് ഉടമകൾ
തിരുവനന്തപുരം: നവംബർ മൂന്നു മുതൽ സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്. ബസുടമകളുടെ ആറ് സംഘടനകൾ ഉൾപ്പെട്ട സംയുക്ത സമരസമിതിയാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
സമരത്തിന്റെ കാര്യം ഈ മാസം 16 ന് സർക്കാറിനെ അറിയിച്ചിരുന്നെങ്കിലും അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് തുടർനീക്കമെന്ന് ബസുടമകൾ അറിയിച്ചു.
കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ, ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഫോറം, ഓൾ കേരള ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ, കേരള പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ, കേരള ബസ് ഓപറേറ്റേഴ്സ് കോ-ഓഡിനേഷൻ കമ്മിറ്റി തുടങ്ങിയ സംഘടനകളാണ് സമരത്തിന് നേതൃത്വം നൽകുന്നത്.
സെപ്തംബർ രണ്ടിന് സർക്കാർ നിയോഗിച്ച പ്രത്യേക കമീഷൻ സ്വകാര്യ ബസ് മേഖലയുടെ നഷ്ടം പരിഹരിക്കാൻ സർക്കാറിന് മുന്നിൽ നിർദേശങ്ങൾ വച്ചിരുന്നു. എന്നാൽ, ആ നിർദേശങ്ങൾ പാലിക്കാൻ സർക്കാർ ശ്രമിച്ചില്ലെന്നാണ് ബസുടമകളുടെ ആരോപണം.
സമരം പരമാവധി ഒഴിവാക്കാൻ ശ്രമിച്ചു. യാത്രക്കാരെ ബുദ്ധിമുട്ടിക്കരുത് എന്നാണ് ഞങ്ങളുടെ നിലപാട്. എന്നാൽ, സർക്കാർ സഹായിക്കാൻ തയാറല്ലാത്ത സാഹചര്യത്തിൽ പണിമുടക്കല്ലാതെ വേറെ വഴിയില്ലെന്ന് ബസുടമകൾ വ്യക്തമാക്കി.
അതേസമയം, സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിയെത്തുടർന്ന് ഉപജീവനമാർഗം പ്രതിസന്ധിയിലായെന്നാരോപിച്ച് സ്വകാര്യ ബസ് ഉടമകളുടെ മറ്റൊരു വിഭാഗം സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.
കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റും വൈസ് പ്രസിഡന്റുമാണ് സമരത്തിന് നേതൃത്വം നൽകുന്നത്. പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണവും വരുമാനവും കുറഞ്ഞതായും പല സർവിസുകളും നിർത്തേണ്ടിവന്നതായും ബസുടമകൾ ആരോപിക്കുന്നു.
ഈ മേഖലയെ ആശ്രയിച്ച് ഏകദേശം 60,000 കുടുംബങ്ങൾ കഴിയുന്നുണ്ടെന്നും അവരുടെ ഉപജീവനമാർഗം നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളതെന്നും ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ് പറഞ്ഞു.
നിലവിൽ സർവിസുകൾ നിർത്തിവച്ച് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സമരത്തിലേക്ക് കടക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഫെഡറേഷൻ വൈസ് പ്രസിഡന്റ് ശരണ്യ മനോജ് വ്യക്തമാക്കി. സമാധാനപരമായി സമരം തുടരാനാണ് തീരുമാനമെന്നും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.