ശോഭനാ ജോർജ്
‘ചെമ്പരത്തി മൊട്ടില്ലാതെ ഞാൻ മുട്ട കഴിക്കത്തില്ല... ആ കോമ്പിനേഷൻ ഉണ്ടേൽ സുന്ദരിയാവാൻ ഞാൻ എന്നേ പുരട്ടുമായിരുന്നു’ -ആരോപണങ്ങളെ പരിഹസിച്ച് ശോഭനാ ജോർജ് -VIDEO
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ ഔഷധിയുടെ ചെയർപേഴ്സനായിരിക്കെ ഇതിന് കീഴിലുള്ള ആശുപത്രിയിൽ അനധികൃതമായി സൗന്ദര്യവർധക ചികിത്സ നടത്തി എന്ന ആരോപണം തള്ളി ശോഭനാ ജോർജ്. ഔഷധിയിൽ താൻ ഒരു ചികിത്സയും നടത്തിയിട്ടില്ലെന്നും രേഖയുണ്ടെങ്കിൽ പുറത്തുവിടണമെന്നും അവർ ആവശ്യപ്പെട്ടു. പരാതിയെ പരിഹസിച്ച് ട്രോൾ വീഡിയോയും ശോഭനാ ജോർജ് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.
സുഹൃത്തുമൊത്ത് ഭക്ഷണം കഴിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്താണ് ശോഭനയുടെ ട്രോൾ. വിഡിയോയിൽ ‘മാഡം എന്താ കഴിക്കുന്നത്?’ എന്ന ചോദ്യത്തിന് ‘പൂരിയും സബ്ജിയും’ എന്ന് ശോഭന മറുപടി പറയുന്നു. ‘ഞാൻ വിചാരിച്ചത് മുട്ടയാണെന്നാ... മുട്ട കഴിക്കുന്നില്ലേ മാഡം..’ എന്ന് സുഹൃത്ത് ചോദിക്കുമ്പോൾ ‘300 മുട്ട കഴിച്ചു കഴിഞ്ഞില്ലേ. മുട്ടയുടെ കൂടെ ചെമ്പരത്തി മൊട്ടും കൂടി ഇല്ലാതെ ഞാൻ കഴിക്കത്തില്ല’ എന്നായിരുന്നു ശോഭനയുടെ മറുപടി. ‘ചെമ്പരത്തി മൊട്ട് അവൈലബിൾ ആണോ?’ എന്ന് സുഹൃത്ത് ചോദിക്കുമ്പോൾ ‘എന്നാലേ ഈ മുഖസൗന്ദര്യം വർധിക്കും. അപ്പോ ഒരു മുട്ട ഓംലെറ്റ് കഴിച്ചാലോ... ഓംലെറ്റ് കഴിക്കുന്നുണ്ട് കേട്ടോ.. ബുദ്ധിമുട്ടില്ലല്ലോ ബുദ്ധിമുട്ടില്ലല്ലോ..’ എന്നും ശോഭന പരിഹസിക്കുന്നു.
നിയമസഭയിൽ തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച വി.പി. സജീന്ദ്രൻ എം.എൽ.എയ്ക്കെതിരെ സ്പീക്കർക്ക് പരാതി നൽകുമെന്നും ശോഭനാ ജോർജ് അറിയിച്ചു. 300 കോഴിമുട്ട പുഴുങ്ങി തിന്നുകയും, 3 കിലോ ചെമ്പരത്തി പൂമൊട്ട് ചെവിയിൽ വെക്കുകയും, നാരങ്ങാനീര് കൊണ്ട് തളം വെക്കുകയും ചെയ്ത് സൗന്ദര്യവർധക ചികിത്സ നടത്തിയെന്നാണ് തനിക്കെതിരെ പരാതിപ്പെട്ടത്. ഇതിന് ഔഷധിയുടെ ഡോക്ടർമാരെയും ഫണ്ടും ദുരുപയോഗം ചെയ്തുവെന്നും വി.പി. സജീന്ദ്രൻ എം.എൽ.എ നിയമസഭയിൽ ആരോപിച്ചിരിക്കുന്നു. ഈ കണ്ടുപിടുത്തത്തിന് പേറ്റന്റ് ലഭിച്ചിട്ടുണ്ടോ എന്നും ചികിത്സാച്ചെലവ് തിരിച്ചുപിടിക്കുമോ എന്നും ശോഭന ജോർജ് പരിഹസിച്ചു.
ഔഷധിയിലെ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു സമിതിയെ നിയോഗിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ നിയമസഭയെ അറിയിച്ചിരുന്നു. സമിതി സമർപ്പിച്ച റിപ്പോർട്ടിൽ സജീന്ദ്രൻ എം.എൽ.എ സൂചിപ്പിച്ച രീതിയിലുള്ള ചില ചികിത്സകൾ നടന്നതായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും എന്നാൽ തുടർനടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
‘ഞാൻ 2022ൽ എന്നല്ല, ഒരു സമയത്തും ഒരു ട്രീറ്റ്മെൻറും ഔഷധിയിൽ എടുത്തിട്ടില്ല. സൗന്ദര്യവർധനവിനും ആരോഗ്യത്തിനും ചികിത്സ എടുത്തിട്ടില്ല. എനിക്ക് സുഖമില്ലാത്തപ്പോൾ പോലും അവിടുത്തെ അലോപ്പതി ആശുപത്രിയിലാണ് അഡ്മിറ്റ് ആകുന്നത്. ഞാൻ 300 കോഴിമുട്ട പുഴുങ്ങി പുഴുങ്ങി തിന്നു, 300 കിലോ ചെമ്പരത്തി മൊട്ട് ഞാൻ ചെവിയിൽ വെച്ചു, നാരങ്ങാനീര് തളം വെച്ചു എന്നൊക്കെ നിയമസഭയിൽ ഒരു ഉത്തരവാദിത്വമുള്ള ഒരു എംഎൽഎ പറയുന്നത് കേട്ടു.
പതിനഞ്ച് വർഷം നിയമസഭയിൽ ഇരുന്ന ഒരു സ്ത്രീ അല്ലേ ഞാൻ. നിയമസഭയുടെ ഏറ്റവും പ്രധാനപ്പെട്ട ആ ഒരു സമയം സബ്മിഷൻ കിട്ടാനായിട്ട് എത്ര റെക്കമൻഡേഷൻ നടത്തിയാലാണ് സമയം കിട്ടുക. അത്ര പ്രധാനപ്പെട്ട സന്ദർഭത്തിലാണ് ഇങ്ങനെ ഒരു സ്ത്രീയെ അപമാനിക്കുന്ന വിധത്തിൽ ഇല്ലാത്ത ഒരു കാര്യം പറയുന്നത്.
ഈ ചെമ്പരത്തി മൊട്ടും മുട്ടയും പിന്നെ നാരങ്ങാനീരും കൂടെ ചേർത്തുള്ള ഒരു കോമ്പിനേഷൻ ഉണ്ടോ? അങ്ങനെയായിരുന്നെങ്കിൽ എന്നേ ഞാൻ സുന്ദരി ആവാൻ അതൊക്കെ പുരട്ടുമായിരുന്നു. പുതിയ കാലഘട്ടത്തിൽ ഇങ്ങനെയൊക്കെ പറയാൻ നാണമില്ലേ എന്നാ ഞാൻ വിചാരിക്കുന്നത്. അതിന് നിയമസഭ പോലുള്ള ഒരു വേദി ഒരു എംഎൽഎ ഉപയോഗിക്കുന്നു എന്ന് പറയുന്നതല്ലേ ഏറ്റവും മോശം. ഞാൻ ഇന്നുവരെ ഔഷധിയുടെ ഫേസ് പാക്ക് ഉപയോഗിച്ചിട്ടില്ല. പിംപിൾസ് മാറാനും മുഖത്തെ കറുപ്പുനിറം മാറാനും ഒക്കെയാണ് ഫേസ് പാക്ക് ഔഷധി പുറത്തിറക്കിയിരിക്കുന്നത്. ഈ മൂന്ന് കിലോ ചെമ്പരത്തി മൊട്ട് എന്ന് പറഞ്ഞാൽ എത്ര രൂപ വരും? 100 രൂപ വരുമായിരിക്കും. ഈ കേരളത്തിലെ എല്ലാവർക്കും ചെറിയ ചെലവിൽ സൗന്ദര്യം വർദ്ധിപ്പിച്ചു കൂടെ? ആ നിലയിൽ ഒരു അന്വേഷണം ആവശ്യമാണ്’ -ശോഭന മാധ്യമങ്ങളോട് പറഞ്ഞു.
നിയമാവലി ലംഘിച്ച് 300 കോഴിമുട്ട പുഴുങ്ങി തിന്നുകയും, മൂന്ന് കിലോ ചെമ്പരത്തിപൂ മൊട്ട് ചെവിയിൽ വെക്കുകയും നെല്ലിക്കക്ക് പകരം നാരങ്ങനീര കൊണ്ട് തളം വെക്കുകയും ഔഷധിയുടെ ചെലവിൽ നടത്തി എന്നും ചികിത്സക്ക് ഔഷധിയുടെ ഡോക്ടർമാരെ ഉപയോഗപ്പെടുത്തി എന്നും വാർത്ത കണ്ടു എന്നായിരുന്നു വിപി സജീന്ദ്രൻ ഇന്നലെ നിയമസഭയിൽ ഉന്നയിച്ച ആരോപണം. ഔഷധിയിലെ ആരോപണം അന്വേഷിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയെ വെച്ചതായി മന്ത്രി മുരളീധരൻ മറുപടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.