എഡിജിപി പി വിജയൻ


‘ജഡ്ജിയെന്നോ പൊലീസെന്നോ നോക്കില്ല, തെറ്റ് ചെയ്താൽ നടപടിയുണ്ടാകും’; ചേരാനല്ലൂർ കേസിൽ എഡിജിപി പി വിജയൻ

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പൊലീസിന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് എഡിജിപി പി. വിജയൻ. മരിച്ച ജയബാലകൃഷ്ണന്‍റെ കുടുംബം ഉൾപ്പെടെ ബന്ധപ്പെട്ട എല്ലാവരുമായും കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ജഡ്ജി എന്നോ പൊലീസ് എന്നോ വ്യത്യാസം ഇതിനകത്തില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിയമപരമായ നടപടികൾ എല്ലാവർക്കും ഉണ്ടായിരിക്കും. ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി പറഞ്ഞത് കേട്ടിരിക്കുമല്ലോ. ഇതിൽ എന്ത് വീഴ്ചയാണ് സംഭവിച്ചത്, ആരൊക്കെയാണ് കാരണക്കാർ, എന്നിവയെല്ലാം പരിശോധിക്കാനാണ് താൻ ഇവിടെ വന്നിരിക്കുന്നതെന്നും എഡിജിപി പറഞ്ഞു. സംഭവത്തിൽ പൊലീസിന് പ്രാഥമിക ഘട്ടത്തിൽ വീഴ്ച സംഭവിച്ചതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ആഭ്യന്തരമന്ത്രിയുടെ നിർദേശപ്രകാരമാണ് എഡിജിപിയെ അന്വേഷണത്തിനായി നിയോഗിച്ചത്.

നിലവിൽ കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. അതേസമയം, ചേരാനല്ലൂർ വാഹനാപകട വിഷയം കൈകാര്യം ചെയ്തതിൽ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ വ്യക്തമാക്കി. പൊലീസ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനെയെല്ലാം കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സർക്കാറിനില്ല. ജഡ്ജിയുടെ മകനല്ല, ആരുടെ മകനായാലും എന്താണ് കാര്യം. നിയമം എല്ലാവർക്കും ഒരുപോലെയല്ലേ. പൊലീസ് ഉദ്യോഗസ്ഥർ കാണിച്ചത് തെറ്റാണ്. കേസിൽ സർക്കാറിന് ഒന്നും ഒളിക്കാനില്ലെന്നും പ്രതിയുടെ ജാമ്യം റദ്ദാക്കാൻ അപ്പീൽ നൽകിയിട്ടുണ്ടെന്നും സഭയിൽ ചെന്നിത്തല പറഞ്ഞു.

ഇതിന്‍റെ ഭാഗമായാണ് എഡിജിപി പി. വിജയൻ ചേരാനല്ലൂർ സ്റ്റേഷനിലെത്തിയത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ അടക്കം ജില്ലയിലെ ക്രമസമാധാന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥർ മുഴുവൻ ചേരാനല്ലൂർ സ്റ്റേഷനിൽ എത്തിയിരുന്നു. കേസിന്റെ ഭാഗമായി ക്രൈം ബ്രാഞ്ച് സംഘം പതിനേഴുകാരന്റെയും ജഡ്ജിയുടെയും അമ്മയുടെയും മൊഴിയെടുത്തു. മരിച്ച ജയബാലകൃഷ്ണന്‍റെ കുടുംബത്തിന്റെ ആവശ്യപ്രകാരം പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കുന്നതടക്കമുള്ള നടപടികളും ഉണ്ടാകും.

Tags:    
News Summary - Whether a Judge or a Police Officer, Action Will Be Taken if They Commit a Wrongdoing”: ADGP P. Vijayan on the Cheranalloor Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.