സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ.സി. മൊയ്തീൻ എം.എൽ.എ

‘ബഹുമാനം ബഹുമാനമെന്ന് നേരം വെളുക്കുന്നത് വരെ പറഞ്ഞിട്ട് ഇതുപോലെ കുത്തുന്നത് ശരിയാണോ..?‘ എ.സി മൊയ്തീനോട് സ്പീക്കർ

തിരുവനന്തപുരം: പ്രസംഗത്തിനിടെ സമയം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും എ.സി. മൊയ്തീൻ എം.എൽ.എയും തമ്മിൽ നിയമസഭയിൽ തർക്കം. പ്രസംഗത്തിനിടെ സമയം ഓർമ്മിപ്പിച്ച സ്പീക്കറുടെ നടപടിയോട് എ.സി. മൊയ്തീൻ വിയോജിപ്പ് പ്രകടിപ്പിച്ചതോടെയാണ് വാഗ്വാദമുണ്ടായത്. സഭാധ്യക്ഷനെ ആവർത്തിച്ച് വിമർശിക്കുന്ന നടപടി ശരിയല്ലെന്നും, സമയം പാലിക്കേണ്ടതും സഭാ നടപടികൾ നിയന്ത്രിക്കേണ്ടതും കടമയാണെന്നും സ്പീക്കർ വ്യക്തമാക്കി.

താൻ ബഹുമാനത്തോടെയാണ് സംസാരിച്ചതെന്ന് എ.സി. മൊയ്തീൻ പ്രതികരിച്ചപ്പോൾ, നേരം വെളുക്കുന്നതുവരെ ബഹുമാനം ബഹുമാനമാണെന്ന് പറയുകയും അതോടൊപ്പം ചെയറിനെതിരെ സംസാരിക്കുകയും ചെയ്യുന്നത് ശരിയല്ലെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.

ചെയറിനെതിരെ സംസാരിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞപ്പോൾ, ‘അങ്ങ് എന്റെ സംസാരത്തിൽ ഇടപെട്ട് തടസ്സം ഉണ്ടാക്കിയപ്പോഴല്ലേ സാർ എനിക്ക് വീണ്ടും ആവർത്തിക്കേണ്ടി വരുന്നത്’ എന്നായിരുന്നു മൊയ്തീന്റെ ന്യായം. അങ്ങ് രണ്ടു പ്രാവശ്യം ചെയറിനെതിരെ സംസാരിച്ചുവെന്നായി തിരുവഞ്ചൂർ.

താൻ ബഹുമാനത്തോടെയാണ് പറഞ്ഞതെന്ന് മൊയ്തീൻ വിശദീകരിച്ചു. ‘ബഹുമാനത്തിൽ എന്ന് പറഞ്ഞിട്ട് ബഹുമാനക്കുറവ് കാണിക്കുന്നു’ എന്ന് തിരുവഞ്ചൂർ തിരിച്ചടിച്ചു. ‘എനിക്ക് പൂർണ ബഹുമാനമാണ്, അങ്ങയോട് പൂർണ്ണ ബഹുമാനമുണ്ട്’ എന്നായിരുന്നു ഇതിന് മൊയ്തീന്റെ മറുപടി. ‘ബഹുമാനം ബഹുമാനം ബഹുമാനം ബഹുമാനം എന്ന് നേരം വെളുക്കുന്നതുവരെ പറയുകയും അതിനിടക്ക് വീണ്ടും വീണ്ടും ഇതുപോലുള്ള കുത്തു കുത്തുകയും ചെയ്യുന്നത് ശരിയാണോ ഏസീ? അതുകൊണ്ട് അങ്ങ് ഇടപെട്ട് എന്റെ സമയം കളയാതിരുന്നാൽ മതി എന്ന് പറഞ്ഞ അങ്ങയുടെ ഒരു വാചകമുണ്ട്. അത് അങ്ങയുടെ പെർമിഷനോടു കൂടി മാറ്റുകയാണ്. അത് സഭാരേഖകളിൽ കാണുകയില്ല’ -എന്നായിരുന്നു തിരുവഞ്ചൂരിന്റെ മറുപടി.

ഇടക്കിടെ സമയം ഓർമിപ്പിക്കുമ്പോൾ അത് തന്റെ സംസാരം തടസ്സപ്പെടുത്തുന്നു എന്നായിരുന്നു മൊയ്തീന്റെ മറുപടി. അത് അധ്യക്ഷന്റെ കടമയാണെന്ന് സ്പീക്കർ പറഞ്ഞു. ‘ചെയറിന്റെ കടമയല്ലേ ഏസീ? സമയം ഓർമ്മിപ്പിക്കേണ്ടത് സമയം ചെയറിന്റെ കടമയാണ്. ഞാൻ ഇവിടെ എത്രയോ സ്പീക്കർമാരെ കണ്ടിരിക്കുന്നു. ഒരു സ്പീക്കറുടെ കടമയാണത്. ആ കടമ നിറവേറ്റണം. അങ്ങ് പ്രതിപക്ഷത്തിരുന്ന് കടമ നിറവേറ്റുന്നതുപോലെ തന്നെ ചെയറിലിരുന്ന് എന്റെ കടമ നിറവേറ്റാനുള്ള ഒരു ചെറിയൊരു പെർമിഷൻ എനിക്കും തരണം. ദയവായിട്ട് കൺക്ലൂഡ് ചെയ്യൂ...’ -സ്പീക്കർ എം.എൽ.എയോട് അഭ്യർഥിച്ചു. തുടർന്ന് മൊയ്തീൻ വിഷയത്തിലേക്ക് കടന്നു.

സംസ്ഥാനത്ത് പോലീസിന്റെ വഴിവിട്ട നടപടികളും അതിക്രമങ്ങളും ശക്തിപ്പെടുകയാണെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാട് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും എ.സി. മൊയ്തീൻ ആവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ചു മാസങ്ങളായി സംസ്ഥാനത്ത് പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ അക്രമങ്ങളും വീഴ്ചകളും ഉണ്ടാകുന്നുണ്ടെന്ന് എ.സി. മൊയ്തീൻ ആരോപിച്ചു. കാലിന് സ്റ്റീൽ റോഡ് ഇട്ട ചെറുപ്പക്കാരനെ​ പൊലീസ് ഉദ്യോഗസ്ഥൻ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ വ്യക്തമായ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചതിനെ തുടർന്ന് സജി എന്ന ചെറുപ്പക്കാരൻ മരണപ്പെട്ട സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർ പ്രതികളാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി കോളജ് എസ്‌.ഐയും സി.ഐയും കൈകാര്യം ചെയ്ത രീതിയും, അത് മന്ത്രിയുടെ നിർദ്ദേശപ്രകാരമാണെന്ന് താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥൻ പറഞ്ഞതും പോലീസ് രാജിന്റെ ഉദാഹരണമാണെന്ന് അദ്ദേഹം വിമർശിച്ചു.

പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകരുമെന്ന് പറഞ്ഞ് എല്ലാ കൊള്ളരുതായ്മകളെയും സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് എ.സി. മൊയ്തീൻ കുറ്റപ്പെടുത്തി. കുറ്റവാളികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്താൽ പൊലീസിന്റെ മനോവീര്യം തകരുകയല്ല, മറിച്ച് സേനയുടെ നന്മയും പേരുമാണ് വർധിക്കുന്നത്. ഇത്തരം സംരക്ഷണം നൽകുന്നത് മൂലം പൊലീസ് സ്റ്റേഷനുകളിൽ പണവും സ്വാധീനവുമുള്ളവർക്ക് കുറ്റകൃത്യങ്ങൾ ചെയ്യാൻ വീണ്ടും വീണ്ടും അവസരമൊരുങ്ങുകയാണെന്നും, അതിനാൽ സഭാ നടപടികൾ നിർത്തിവെച്ച് ഈ വിഷയം ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - Assembly clash over speech timing: Speaker vs AC Moideen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.