പ്രധാനമന്ത്രിയുടെ സന്ദർശനം: കൊച്ചിയിലെ ഗതാഗത നിയന്ത്രണം ഇങ്ങനെ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. തിങ്കൾ ഉച്ചക്ക് രണ്ട് മുതൽ രാത്രി എട്ട് വരെ പശ്ചിമ കൊച്ചി ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ തോപ്പുംപടി, തേവര ഫെറി, കുണ്ടന്നൂർ, വൈറ്റില വഴിയും ഇടക്കൊച്ചി, അരൂർ വഴിയും എൻ.എച്ചിൽ പ്രവേശിച്ച് എറണാകുളം ഭാഗത്തേക്ക് വരണം.

ഉച്ചക്ക് രണ്ട് മുതൽ രാത്രി എട്ടുവരെ വരെ പശ്ചിമ കൊച്ചി ഭാഗത്ത് നിന്നും തേവര ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വാഹനങ്ങൾ ബി.ഒ.ടി ഈസ്റ്റിൽ നിന്നും തിരിഞ്ഞ് തേവര ഫെറി വഴി കുണ്ടന്നൂർ, വൈറ്റില വഴി പോകേണ്ടതാണ്. തേവര ഫെറി ഭാഗത്ത് നിന്ന് തേവരക്കും തിരിച്ചും ഉച്ചക്ക് രണ്ടു മുതൽ രാത്രി എട്ടു വരെ വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

എറണാകുളത്ത് നിന്നും പശ്ചിമ കൊച്ചിക്ക് പോകുന്ന വലിയ വാഹനങ്ങൾ കുണ്ടന്നൂർ, അരൂർ വഴി പോകണം. പള്ളിമുക്ക് ഭാഗത്ത് നിന്നു തേവര ഭാഗത്തേക്ക് ഉച്ചക്ക് രണ്ടു മുതൽ രാത്രി എട്ടു വരെ വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. വാഹനങ്ങൾ പള്ളിമുക്കിൽ നിന്നും തിരിഞ്ഞ് കടവന്ത്ര വഴി വൈറ്റിലക്ക് പോകണം.

മറൈൻ ഡ്രൈവ് ഭാഗത്ത് നിന്നും തേവര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ബി.റ്റി.എച്ചിൽ നിന്ന് തിരിഞ്ഞ് ജോസ് ജങ്ഷൻ വഴി പോകേണ്ടതാണ്. എറണാകുളം ഭാഗത്ത് നിന്നു പശ്ചിമ കൊച്ചിയിലേക്ക് പോകുന്ന സർവീസ് ബസുകൾ പള്ളിമുക്കിൽ നിന്നും തിരിഞ്ഞ് കടവന്ത്ര, വൈറ്റില, കുണ്ടന്നൂർ, അരൂർ വഴി പോകേണ്ടതാണ്.

ചൊവ്വ രാവിലെ എട്ടു മുതൽ 10.30 വരെ തേവര ഭാഗത്ത് നിന്നും പശ്ചിമ കൊച്ചി ഐലൻഡ് ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വാഹനങ്ങൾ തേവര ജങ്ഷനിൽ നിന്നും തിരിഞ്ഞ് തേവര ഭാഗത്തേക്ക് പോകേണ്ടതാണ്. പശ്ചിമ കൊച്ചി ഭാഗത്തുനിന്നും തേവര ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വാഹനങ്ങൾ ബി.ഒ.ടി ഈസ്റ്റിൽ നിന്നും തിരിഞ്ഞ് തേവര ഫെറി ഭാഗത്തേക്ക് പോകേണ്ടതാണ്.

തൃശൂർ ഭാഗത്ത് നിന്നും സമ്മേളനത്തിന് വരുന്ന വാഹനങ്ങൾ കടവന്ത്ര ഭാഗത്ത് ആളുകളെ ഇറക്കിയ ശേഷം എറണാകുളത്തപ്പൻ ഗ്രൗണ്ട്, കണ്ടെയ്നർ റോഡ്, കടവന്ത്ര മാവേലി റോഡ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്. ആലപ്പുഴ, കോട്ടയം, ഇടുക്കി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ തേവര ഫെറി ജങ്ഷനിൽ ആളുകളെ ഇറക്കിയ ശേഷം തേവര ഫെറി ബോട്ട് ഈസ്റ്റർ റോഡിൽ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിലും ഇന്ദിരാഗാന്ധി റോഡിലും പാർക്ക് ചെയ്യണം.

Tags:    
News Summary - Prime Minister's visit: Traffic control in Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.