പ്രധാനമന്ത്രി പച്ചക്കൊടി കാട്ടും; വന്ദേഭാരത് ഇന്ന് ട്രാക്കിൽ
തിരുവനന്തപുരം: കേരളത്തിന് ലഭിച്ച ആദ്യ വന്ദേഭാരത് എക്സ്പ്രസ് ചൊവ്വാഴ്ച മുതൽ ഓടിത്തുടങ്ങും. രാവിലെ 10.30ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഉദ്ഘാടനച്ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് എന്നിവർ പങ്കെടുക്കും. രാജ്യത്തെ 14 ാമത്തെയും ദക്ഷിണറെയിൽവേയിലെ മൂന്നാമത്തെയും വന്ദേഭാരത് സർവിസാണിത്. തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേക്കും തിരിച്ചും എട്ടു മണിക്കൂർ അഞ്ച് മിനിറ്റ് വീതമെടുത്ത് ഓടിയെത്താൻ കഴിയും വിധത്തിലാണ് സമയക്രമീകരണം. രണ്ടു തവണ പരീക്ഷണയോട്ടം നടത്തിയിരുന്നു.
രാവിലെ 5.20ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന തിരുവനന്തപുരം- കാസർകോട് വന്ദേഭാരത് (20634) എക്സ്പ്രസ് ഉച്ചക്ക് 1.25ന് കാസർകോട് എത്തും. കാസർകോട് നിന്ന് ഉച്ചക്ക് 2.30ന് മടക്കയാത്ര ആരംഭിക്കുന്ന കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് (20633) രാത്രി 10.35ന് തമ്പാനൂരിലെത്തും. ആദ്യദിവസം രാവിലെ 10.30ന് ആണ് ഓട്ടം തുടങ്ങുക. ഔദ്യോഗിക സമയക്രമത്തിൽ ഏഴ് സ്റ്റോപ്പുകളേയുള്ളൂവെങ്കിലും ഉദ്ഘാടനയോട്ടത്തിൽ 14 സ്റ്റേഷനുകളുകളിൽ നിർത്തും. പതിവു സ്റ്റോപ്പുകൾക്കു പുറമെ, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, ചാലക്കുടി, തിരൂർ, തലശ്ശേരി, പയ്യന്നൂർ എന്നീ സ്റ്റേഷനുകളിൽ കൂടിയാണ് സ്പെഷൽ ട്രെയിൻ നിർത്തുക. ഫ്ലാഗ് ഓഫ് നടക്കുമെങ്കിലും കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് 26 മുതലും തിരുവനന്തപുരം-കാസർകോട് 28 മുതലുമാണ് പ്രഖ്യാപിച്ച സമയക്രമത്തിൽ ഓടിത്തുടങ്ങുക.
ആകെ 16 കോച്ചുകൾ, രണ്ടെണ്ണം എക്സിക്യുട്ടിവ്
മുൻ നിശ്ചയിച്ചതിൽനിന്നു വ്യത്യസ്തമായി എട്ട് കോച്ചിനു പകരം 16 കോച്ചുകളുള്ള ട്രെയിനാണു കേരളത്തിനു ലഭിച്ചത്. വന്ദേഭാരതിൽ എക്സിക്യുട്ടിവ് ക്ലാസിലാണ് സൗകര്യങ്ങൾ കൂടുതൽ. അതുകൊണ്ടുതന്നെ ഇതിൽ നിരക്കും കൂടുതാണ്.
16 കോച്ചുകളുള്ള ട്രെയിനിൽ രണ്ട് എക്സിക്യുട്ടിവ് ക്ലാസ് കോച്ചുകളാണുള്ളത്. 52 സീറ്റുകൾ വീതം ആകെ 104 സീറ്റുകൾ. വിമാനത്തിലെ ബിസിനസ് ക്ലാസിന് ഒപ്പം നിൽക്കുന്നതാണു വന്ദേഭാരതിലെ എക്സിക്യുട്ടിവ് ക്ലാസ്. വിമാന മാതൃകയിൽ സീറ്റിന്റെ ആം റെസ്റ്റിനുള്ളിലാണു സ്നാക് ടേബിളുള്ളത്. ചെയർ കാർ സീറ്റിനേക്കാൾ കുറെക്കൂടി പിറകോട്ടു ചരിക്കാവുന്ന റിക്ലൈനിങ് സീറ്റുകളാണ് എക്സിക്യുട്ടിവിലേത്. ഈ ക്ലാസിലെ പ്രധാന ആകർഷണം 180 ഡിഗ്രി തിരിക്കാവുന്ന സീറ്റുകളാണ്. പുറത്തെ കാഴ്ചകൾ കാണാൻ വീതിയേറിയ ഗ്ലാസുകളുമുണ്ട്. 52 സെക്കൻഡുകൾകൊണ്ട് വന്ദേഭാരത് 100 കി.മീ വേഗം കൈവരിക്കും.
ഭക്ഷണം ഒഴിവാക്കിയാൽ നിരക്ക് കുറയും
ഐ.ആർ.സി.ടി.സി വെബ്സൈറ്റ്, മൊബൈൽ ആപ് എന്നിവ വഴിയും സ്റ്റേഷനുകളിലെ റിസർവേഷൻ കൗണ്ടറുകൾ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേക്ക് ചെയർകാറിൽ 1590 രൂപയാണ് നിരക്ക്.എക്സിക്യുട്ടിവ് ചെയർകാറിൽ 2880 രൂപയും. കാസർകോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് (20633) ചെയർകാറിൽ 1520 രൂപയും എക്സികോച്ചിൽ 2815 ഉം. ഭക്ഷണത്തിന്റെ നിരക്കും ഇതിൽ ഉൾപ്പെടും.
ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്തു ഭക്ഷണം വേണ്ടെന്ന് വെക്കാനുള്ള അവസരമുണ്ട്. അങ്ങനെയെങ്കിൽ ടിക്കറ്റ് നിരക്കും ഇതിന് ആനുപാതികമായി കുറയും. കാസർകോട്ടേക്കുള്ള യാത്രയിൽ ചായ അല്ലെങ്കിൽ കോഫി, ബിസ്കറ്റ്, പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം എന്നിവയാണുണ്ടാവുക. മൂന്ന് ഇനം ഭക്ഷണം ഉൾപ്പെടുന്നതാണു കാസർകോടേക്കുള്ള ടിക്കറ്റ് നിരക്കു കൂടാൻ കാരണം.
മടക്കയാത്രയിൽ വൈകീട്ടത്തെ ചായ, രാത്രി ഭക്ഷണം എന്നിവ മാത്രമേയുള്ളൂ ഇതാണ് മടക്കയാത്രയുടെ നിരക്ക് കുറയാൻ കാരണം.
നിരക്ക് കുറയാൻ കാരണം. രാജധാനിയിൽ ഭക്ഷണം വിതരണം ചെയ്യുന്ന ഡൽഹി ആസ്ഥാനമായ വൃന്ദാവൻ ഫുഡ്സിനാണു വന്ദേഭാരതിലെ ഭക്ഷണ കരാർ ലഭിച്ചിരിക്കുന്നത്. ടിക്കറ്റിനൊപ്പം ഭക്ഷണം വേണ്ടെന്നുവെച്ചാലും ട്രെയിനിൽ പണം കൊടുത്തു വാങ്ങാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.