കോഴിക്കോട്: ജനജീവിതം ദുസ്സഹമാക്കി അവശ്യസാധനങ്ങളുടെ വില കുതിച്ചുയർന്നിട്ടും സർക്കാർ സംവിധാനങ്ങൾക്ക് നിസ്സംഗത. വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യം ശക്തമായിട്ടും നടപടിയൊന്നും സ്വീകരിക്കാത്തത് വ്യാപക ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്.പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കാൻ നാമമാത്ര ഹോർട്ടികോർപ് ഔട്ട്ലറ്റുകൾ ഉണ്ടെങ്കിലും അവിടങ്ങളിൽ ഭൂരിഭാഗം സാധനങ്ങൾക്കും പൊതുമാർക്കറ്റിുനക്കാൾ വില കൂടുതലാണ്.
അരി, പരിപ്പ്, ചെറുപയർ അടക്കമുള്ള പലചരക്ക് സാധനങ്ങൾക്കും വൻതോതിൽ വില വർധിച്ചിട്ടുണ്ട്. പരിപ്പിന് ഒരു മാസത്തിനിടെ 40 രൂപയാണ് വർധിച്ചത്. ഒരു മാസം മുമ്പ് 130 രൂപക്ക് ലഭിച്ചിരുന്ന പരിപ്പിന് ഇപ്പോൾ 165-170 രൂപ നൽകണം. മലബാറിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള കുറുവ അരിക്ക് നാല് മുതൽ 10 രൂപ വരെ വർധിച്ചു.
ബോധന അരിക്ക് അഞ്ച് രൂപയാണ് കൂടിയത്. ചെറുപയർ 110ൽനിന്ന് 130 ആയി. സിവിൽ സപ്ലൈസ് ഔട്ട്ലറ്റുകളിൽ സബ്സിഡി ഇനങ്ങൾ ഗണ്യമായി കുറഞ്ഞതും വിലക്കയറ്റത്തിന് ആക്കംകൂട്ടുന്നു. കോഴിക്കോട് പാളയം പൊതുമാർക്കറ്റിൽ 160 രൂപക്ക് ലഭിക്കുന്ന ഇഞ്ചിക്ക് ഹോർട്ടി കോർപിൽ 199 രൂപ നൽകണം.
50 രൂപക്ക് ലഭിക്കുന്ന പാവക്കക്ക് 69ഉം. മുളക് 65നും 75നും ലഭിക്കുമ്പോൾ ഹോർട്ടികോർപിൽ 85 രൂപയാണ് വില. പാളയം പച്ചക്കറി മാർക്കറ്റിൽ ലഭിക്കുന്നതിനേക്കാൾ കൂടിയ വില ഈടാക്കുകയാണെങ്കിൽ ഹോർട്ടികോർപ് വിപണികൾക്കൊണ്ട് എന്താണ് പ്രയോജനമെന്ന് ജനം ചോദിക്കുന്നു. മാത്രമല്ല തക്കാളി, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവയുടെ വിലക്കയറ്റം മുതലെടുത്ത് ചെറുകിട വ്യാപാരികൾ നാട്ടിൻപുറങ്ങളിലും മറ്റും എല്ലാ സാധനങ്ങൾക്കും തോന്നിയപോലെ വിലയിടുന്നതും പതിവായിരിക്കുകയാണ്.
കർണാടക, തമിഴ്നാട്, ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ മഴയും വെള്ളപ്പൊക്കവുമാണ് കേരളത്തിൽ വിലക്കയറ്റത്തിന് പ്രധാന കാരണമെന്ന് വ്യാപാരികൾ പറയുന്നു. വിലക്കയറ്റം കാരണം ആളുകൾ സാധനങ്ങൾ വാങ്ങുന്നത് കുറഞ്ഞതിനാൽ വിൽപനക്ക് ശേഖരിക്കുന്ന പച്ചക്കറി ഉൽപന്നങ്ങൾ നല്ലൊരു ഭാഗം കേടായിപ്പോവുകയാണെന്നും വ്യാപാരികൾ പറയുന്നു.
ഇത് നഷ്ടം വർധിപ്പിക്കും. ഇതും ഉൽപന്നങ്ങളുടെ വില തോന്നിയപോലെ വർധിപ്പിക്കാൻ വ്യാപാരികളെ പ്രേരിപ്പിക്കുന്നു. വൻകിട സൂപ്പർ മാർക്കറ്റുകൾ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ഓഫറുകൾ പ്രഖ്യാപിക്കുന്നത് തങ്ങളെ പ്രതിസന്ധിയിലാക്കുന്നതായും ചെറുകിട വ്യാപാരികൾ പറയുന്നു.
ഉൽപന്നം, ഹോർട്ടികോർപ്, പാളയം പൊതുമാർക്കറ്റ് ക്രമത്തിൽ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.