മലപ്പുറം: ഓണത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സംസ്ഥാനത്ത് പൊതുവിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു. അനിയന്ത്രിത വിലക്കയറ്റം ഇത്തവണത്തെ ഓണാഘോഷങ്ങളുടെയും സദ്യവട്ടങ്ങളുടെയും മാറ്റുകുറക്കുമെന്ന ആശങ്കയിലാണ് സാധാരണക്കാർ. അരി, വെളിച്ചെണ്ണ, പഞ്ചസാര ഉൾപ്പെടെയുള്ള പലവ്യഞ്ജനങ്ങൾക്ക് കാര്യമായി വില വർധിച്ചിട്ടുണ്ട്. പച്ചക്കറിവിലയും കുതിച്ചതോടെ ഇത്തവണത്തെ ഓണാഘോഷം ചെലവേറിയതാകും.
വിപണിയിൽ അരിക്ക് കിലോക്ക് അഞ്ചു രൂപ വരെ വർധിച്ചു. വെളിച്ചെണ്ണ വിലയും പടിപടിയായി ഉയർന്ന് 300 രൂപയായി. പഞ്ചസാര വില 55ന് മുകളിലാണ്. പച്ചക്കറികളിൽ കാരറ്റ്, ബീൻസ് എന്നിവയുടെ വില 100 രൂപയോട് അടുക്കുകയാണ്. വെളുത്തുള്ളി 220 രൂപ, ഇഞ്ചി 200 രൂപ എന്നിങ്ങനെയാണ് വില.
പയർ, മുരിങ്ങക്കായ, കയ്പക്ക എന്നിവയുടെ വില കിലോക്ക് 60-75 രൂപയും. തക്കാളി-20, വെണ്ടക്ക-50, ബീറ്റ്റൂട്ട്-50, വഴുതന -50, പച്ചമുളക്-80, മത്തൻ-30, വെള്ളരി-30 എന്നിങ്ങനെയാണ് മറ്റ് പച്ചക്കറികളുടെ വില. നേന്ത്രപ്പഴത്തിന്റെ വില 75 കടന്നു. ഓണപ്പലഹാരങ്ങളായ വറുത്തുപ്പേരിയും ശർക്കരവരട്ടിയും തയാറാക്കാൻ ഉപയോഗിക്കുന്ന പച്ചക്കായയുടെ വിലയും കുതിക്കുകയാണ്. നല്ലയിനം വറുത്തുപ്പേരിയും ശർക്കരവരട്ടിയും കിട്ടണമെങ്കിൽ 400 രൂപക്ക് മുകളിൽ കൊടുക്കണം. സദ്യ വിളമ്പാനുള്ള വാഴയിലയുടെ വിലയും മുൻവർഷങ്ങളെ അപേക്ഷിച്ച് വർധിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓഫിസുകളിലും റെസിഡന്റ്സ് അസോസിയേഷനുകളിലും ഓണാഘോഷങ്ങൾ ആരംഭിക്കുന്നതോടെ സാധനങ്ങളുടെ വില ഇനിയും കുതിച്ചുയരാനാണ് സാധ്യത.
തമിഴ്‌നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽനിന്നാണ് കേരളത്തിലേക്ക് പച്ചക്കറികൾ കൂടുതലായി വരുന്നത്. ഇവിടങ്ങളിൽ ഉൽപാദനം കുറഞ്ഞതാണ് പച്ചക്കറിക്ക് വില വർധിക്കാൻ പ്രധാന കാരണമായി വ്യാപാരികൾ പറയുന്നത്. കൂടാതെ, കേരളത്തിലുണ്ടായ പ്രളയക്കെടുതിയിൽ പ്രാദേശിക പച്ചക്കറി ഉൽപാദനം വൻതോതിൽ ഇടിഞ്ഞതും തിരിച്ചടിയായി. ഓണം മുന്നിൽകണ്ട് കുടുംബശ്രീ, കാർഷിക-അയൽപക്ക കൂട്ടായ്മകൾ ഒക്കെ ഇറക്കിയ പച്ചക്കറി കൃഷിയെല്ലാം വെള്ളത്തിലായി.
വിലക്കയറ്റം കാരണം കേറ്ററിങ് സ്ഥാപനങ്ങളും ഹോട്ടലുകളും സദ്യയുടെ നിരക്കുകൾ കുത്തനെ ഉയർത്താനോ വിഭവങ്ങളുടെ എണ്ണം കുറക്കാനോ നിർബന്ധിതരായിട്ടുണ്ട്. സൈപ്ലകോയും കൺസ്യൂമർഫെഡും സൂപ്പർമാർക്കറ്റുകളും ഓണച്ചന്തകളും വഴി സബ്സിഡി നിരക്കിൽ സാധനങ്ങൾ വിതരണം ചെയ്യുന്നുണ്ടെങ്കിലും വിലക്കയറ്റം പിടിച്ചുനിർത്താൻ അവ വേണ്ടത്ര ഫലപ്രദമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.