കളമശ്ശേരി: ജപ്തി ഭീഷണിക്കെതിരെ പ്രീത ഷാജി നടത്തിവന്ന രണ്ടാം ഘട്ട നിരാഹാര സമരം പ്രതിപക്ഷ നേതാവിെൻറ സാന്നിധ്യത്തിൽ അവസാനിപ്പിച്ചു. സമരം പൊതുസമൂഹം ഏറ്റെടുത്ത സാഹചര്യത്തിൽ നിരാഹാരം അവസാനിപ്പിക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭ്യർഥന മാനിച്ചാണ് നിരാഹാരം അവസാനിപ്പിച്ചത്. രാത്രി 8.30ഒാടെ പത്തടിപ്പാലം മാനാത്ത് പാടത്തെ സമരപ്പന്തലിലെത്തിയ ചെന്നിത്തല സമരസമിതി നേതാക്കളുമായും പ്രീതയുമായും സംസാരിച്ചു.
സർഫാസി നിയമം പിൻവലിക്കണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രിയോട് ആവശ്യപ്പെടും. കോടിക്കണക്കിന് രൂപ വൻകിടക്കാർ തട്ടിക്കൊണ്ട് പോകുമ്പോഴാണ് ഒന്നോ രണ്ടോ ലക്ഷം രൂപ വായ്പയെടുത്തവരെ സർഫാസി നിയമത്തിൽ കുരുക്കുന്നത്. ധനമന്ത്രി തോമസ് ഐസക്കുമായി സംസാരിക്കുമെന്നും പ്രതിപക്ഷം വ്യവസ്ഥാപിതമായി സമരത്തിനൊപ്പം ഉണ്ടാകുമെന്നുമുള്ള ഉറപ്പും ചെന്നിത്തല പ്രീത ഷാജിക്ക് നൽകി. ഈ ഉറപ്പ് സ്വീകരിച്ച പ്രീത ഷാജി നിരാഹാരം അവസാനിപ്പിക്കാൻ തയാറായി. തുടർന്ന് ചെന്നിത്തല നൽകിയ നാരങ്ങാനീര് കുടിച്ച് കഴിഞ്ഞ 15 ദിവസം നടത്തിവന്ന അനിശ്ചിതകാല നിരാഹാരം അവസാനിപ്പിക്കുകയായിരുന്നു.
നിരാഹാരം അവസാനിപ്പിച്ചെങ്കിലും സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. ചെന്നിത്തല ക്കൊപ്പം വി.ഡി. സതീശൻ എം.എൽ.എ, കെ.പി.സി.സി മെംബർ ജമാൽ മണക്കാടൻ, ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് തുടങ്ങിയവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.