തിരുവനന്തപുരം: കാലവർഷം കനത്തതോടെ തലസ്ഥാന നഗരം വെള്ളക്കെട്ടിന്റെ പിടിയിൽ. പ്രീ-മൺസൂൺ ശുചീകരണ പ്രവർത്തനങ്ങൾ പേരിനു മാത്രമായി മാറിയതോടെയാണ് നഗരത്തിന്റെ പല ഭാഗങ്ങളും മഴയിൽ മുങ്ങിയത്. തമ്പാനൂർ, ഈസ്റ്റ് ഫോർട്ട് തുടങ്ങിയ നഗരത്തിലെ തിരക്കേറിയ മേഖലകൾ ആദ്യത്തെ മഴയിൽ തന്നെ വെള്ളത്തിനടിയിലായി. നഗരസഭയുടെയും ജലസേചന വകുപ്പിന്റെയും ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകളാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന വിമർശനം ശക്തമായിരിക്കുകയാണ്.
മേയർ വി.വി. രാജേഷ് പഴവങ്ങാടി തോടിന്റെ ശുചീകരണം ഉദ്ഘാടനം ചെയ്ത് വലിയ പ്രചാരണം നൽകിയിരുന്നെങ്കിലും, പ്രായോഗിക തലത്തിൽ കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ ദിവസങ്ങളിലെ സ്ഥിതി. അമയഴഞ്ചാൻ കനാലിൽ മാലിന്യം കെട്ടിക്കിടക്കുന്നത് തമ്പാനൂർ, ഈസ്റ്റ് ഫോർട്ട് ഭാഗങ്ങളിൽ ഗുരുതരമായ വെള്ളക്കെട്ടിന് ഇടയാക്കുന്നുണ്ട്. ശുചീകരണത്തിന്റെ പേരിൽ നഗരസഭ നടത്തിയത് വെറും പ്രഹസനമാണെന്നും, മാലിന്യം നീക്കം ചെയ്യുന്നതിൽ അധികൃതർ കാട്ടിയ അനാസ്ഥയാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നും റെസിഡന്റ്സ് അസോസിയേഷൻ ഫെഡറേഷൻ കുറ്റപ്പെടുത്തി.
അതേസമയം, നഗരസഭയും ജലസേചന വകുപ്പും തമ്മിലുള്ള പഴിചാരലും രൂക്ഷമാണ്. ഫണ്ട് അനുവദിക്കുന്നതിലെ കാലതാമസവും ഏകോപനമില്ലായ്മയുമാണ് ശുചീകരണം പാളാൻ കാരണമെന്ന് ആരോപണമുയരുന്നു. മഴ തുടങ്ങിയ ശേഷമാണ് വാർഡ് തലത്തിൽ ശുചീകരണത്തിന് ഫണ്ട് അനുവദിച്ചതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഒരു വാർഡിൽ ഒരു ലക്ഷം രൂപ എന്ന വിഹിതം തീർത്തും അപര്യാപ്തമാണെന്നും, മേയറും ഭരണപക്ഷവും ഫേസ്ബുക്ക് റീലുകൾ ഉണ്ടാക്കുന്നതിലല്ല, മറിച്ച് പ്രായോഗികമായ പ്രവർത്തനങ്ങളിലാണ് ശ്രദ്ധിക്കേണ്ടതെന്നും എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ എസ്.പി. ദീപക് വിമർശിച്ചു.
എന്നാൽ, നഗരസഭയുടെ കീഴിലുള്ള കനാലുകൾ കൃത്യമായി വൃത്തിയാക്കിയിട്ടുണ്ടെന്നും, ജലസേചന വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് വെള്ളക്കെട്ടിന് കാരണമെന്നുമാണ് മേയർ വി.വി. രാജേഷിന്റെ വാദം. കലുങ്കുകൾക്ക് അടിയിൽ സിമന്റ് പോലെ ഉറച്ച മാലിന്യങ്ങൾ നീക്കം ചെയ്യാൻ ജലസേചന വകുപ്പിന്റെ സഹകരണം അത്യാവശ്യമാണെന്നും മേയർ ചൂണ്ടിക്കാട്ടുന്നു. ഫണ്ടില്ലാത്തതിനാൽ ഈ വർഷം ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചിട്ടില്ലെന്നാണ് ജലസേചന വകുപ്പിന്റെ വിശദീകരണം. മഴ കനക്കുമ്പോൾ എപ്പോഴും കേൾക്കുന്ന പതിവ് പഴിചാരലുകൾക്കിടയിൽ തലസ്ഥാന നഗരവാസികളാണ് ദുരിതത്തിലാകുന്നത്. ശാസ്ത്രീയമായ ആസൂത്രണമോ സമയബന്ധിതമായ ശുചീകരണമോ നടക്കാത്തപക്ഷം വരും ദിവസങ്ങളിലും നഗരം വെള്ളപ്പൊക്ക ഭീഷണിയിൽ തന്നെയായിരിക്കുമെന്ന് ഉറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.