തൃശൂർ: കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ പ്രവീൺ റാണ എന്ന കെ.പി. പ്രവീണിനെ പൊലീസ് പിടികൂടിയത് തമിഴ്നാട്ടിൽ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് ഒളിച്ചുകഴിയുമ്പോൾ. സന്യാസിയായി വേഷം മാറിയായിരുന്നു 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ റാണ തൊഴിലാളികൾക്കൊപ്പം കഴിഞ്ഞത്. ഇവരിലൊരാളുടെ ഫോണിൽ നിന്ന് വീട്ടിലേക്ക് വിളിച്ചതാണ് പൊലീസിനെ സ്ഥലത്തെത്തിച്ചത്.
കഴിഞ്ഞ ദിവസം കൊച്ചിയിൽ അറസ്റ്റിന് പൊലീസ് എത്തിയപ്പോൾ റാണ കണ്ണുവെട്ടിച്ച് കടന്നിരുന്നു. പിന്നാലെ സംസ്ഥാന വ്യാപകമായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. കണ്ണൂരിലുണ്ടെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. എന്നാൽ, കുടുംബാംഗത്തിന്‍റെ ഫോണിലേക്ക് തമിഴ്നാട്ടിൽ നിന്ന് വന്ന ഫോൺ കോൾ റാണക്ക് വിനയായി. ഈ നമ്പർ തിരഞ്ഞ് പൊലീസ് എത്തിയത് റാണ ഒളിച്ചുകഴിഞ്ഞിരുന്ന കോയമ്പത്തൂരിനും പൊള്ളാച്ചിക്കുമിടയിലെ ദേവരായപുരം എന്ന സ്ഥലത്തായിരുന്നു. അവിടെ ഒരു കരിങ്കൽ ക്വാറിയിൽ അതിഥി തൊഴിലാളികൾക്കൊപ്പമായിരുന്നു താമസം.
തൃശൂർ ഈസ്റ്റ് സി.ഐ പി. ലാൽകുമാറിന്‍റെ നേതൃത്വത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്. കൂട്ടാളികൾക്കൊപ്പം എതിർത്തു നിൽക്കാൻ ശ്രമിച്ചെങ്കിലും റാണക്ക് കീഴടങ്ങേണ്ടിവന്നു. തങ്ങളുടെ കൂടെ സന്യാസിയെന്ന പേരിൽ കഴിഞ്ഞയാൾ കോടികളുടെ തട്ടിപ്പ് വീരനാണെന്ന് അറിഞ്ഞ ഞെട്ടലിലായിരുന്നു തൊഴിലാളികൾ. പെരുമ്പാവൂർ സ്വദേശിയാണ് റാണക്ക് ഈ ഒളിസങ്കേതം ഒരുക്കിയതെന്ന് വിവരം ലഭിച്ചിട്ടുണ്ട്.
തൃശൂരിൽ എത്തിച്ച പ്രവീൺ റാണയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി ചോദ്യംചെയ്യുകയാണ്. 100 കോടിയോളം രൂപയുടെ തട്ടിപ്പാണ് ഇയാൾ നടത്തിയത്. എന്നാൽ, ഇനിയുമാളുകൾ പരാതിയുമായി രംഗത്തെത്തുമെന്നാണ് പൊലീസ് കരുതുന്നത്. ചോദ്യംചെയ്യലിന് ശേഷം റാണയെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.