കൊച്ചി/കരിപ്പൂർ: പ്രവാസികളുമായി ആദ്യ രണ്ട് വിമാനങ്ങളും കേരളത്തിലെത്തി. നാല് കുട്ടികളും 49 ഗർഭിണികളുമുൾപ്പെടെ 181 പ്രവാസികൾ കൊച്ചിയിൽ വിമാനമിറങ്ങി. വ്യാഴാഴ്ച രാത്രി 10.08 നാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്. കരിപ്പൂരിൽ അഞ്ച് കുട്ടികളടക്കം 182 പേരാണ് രാത്രി 10.32 ന് വിമാനമിറങ്ങിയത്. പ്രവാസികളെ ക്വാറന്‍റീൻ കേന്ദ്രങ്ങളിലേക്ക് എത്തിക്കാനായി കെ.എസ്.ആർ.ടി.സി ബസുകളും ആംബുലൻസുകളും ടാക്സികളും സജ്ജമാക്കിയിരുന്നു.
കൊച്ചിയിൽ വിമാനമിറങ്ങിയ നാല് കുട്ടികളും 49 ഗർഭിണികളുമുൾപ്പെടെ 53 പേരെ വീടുകളിലേക്ക് അയക്കും. ഇവർ വീടുകളിൽ ക്വാറന്‍റീനിൽ കഴിയണം. ഇവരെ ബന്ധുക്കൾക്ക് കൂട്ടിക്കൊണ്ടുപോകാം. മറ്റുള്ളവർ ഏഴ് ദിവസം ക്വാറന്‍റീനിൽ കഴിയണം. ഏഴ് ദിവസം കഴിഞ്ഞ് പരിശോധനക്ക് ശേഷം രോഗമില്ലെങ്കിൽ വീട്ടിലേക്ക് പോകാം. വീടുകളിൽ ഏഴ് ദിവസം നിരീക്ഷണത്തിൽ കഴിയണം.
യാത്രികരിൽ 25 പേരാണ് എറണാകുളം ജില്ലക്കാർ. തൃശൂർ -73, പാലക്കാട് -13, മലപ്പുറം -23, കാസർകോട് -ഒന്ന്, ആലപ്പുഴ -15, കോട്ടയം -13, പത്തനംതിട്ട -എട്ട് എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ യാത്രക്കാർ. ഇതിൽ എറണാകുളത്തുള്ളവരെയും കാസർകോട് സ്വദേശിയെയും കളമശ്ശേരിയിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. തൃശൂർ ജില്ലയിലുള്ളവരെ മൂന്ന് കെ.എസ്.ആർ.ടി.സി ബസുകളിൽ ഗുരുവായൂരിലെ ക്വാറന്‍റീൻ കേന്ദ്രത്തിലേക്ക് മാറ്റും. ഒരു ബസിൽ 20 പേരെ മാത്രമേ അനുവദിക്കൂ.
മലപ്പുറം ഉൾപ്പെടെ ഒമ്പത് ജില്ലകളിൽ നിന്നുള്ളവരാണ് കരിപ്പൂരിൽ വിമാനമിറങ്ങിയത്. യാത്രക്കാരെ ടെർമിനലിലേക്ക് പ്രവേശിക്കുന്ന എയ്റോബ്രിഡ്ജിൽ തന്നെ തെർമൽ സ്കാനിങിന് വിധേയരാക്കി. ഓരോ യാത്രക്കാരുടേയും കൃത്യമായ വിവരശേഖരണം നടത്തിയ ശേഷമാണ് എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധന നടത്തിയത്.
Abu Dhabi -Kochi first flight landed at Cochin International Airport with 181 passengers which includes 49 pregnant women. #COVID19 #evacuation #stranded #coronavirus video credit CIAL pic.twitter.com/NApe8imKs1
— SIVARAM V. (@shivphotos) May 7, 2020
മലപ്പുറം ജില്ലയിൽ നിന്നുള്ള ആരോഗ്യ പ്രശ്നമില്ലാത്തവരെ കാളികാവിലെ സഫ ആശുപത്രിയിലെ കോവിഡ് കെയര്‍ സെന്‍ററിലേക്ക് പ്രത്യേക നിരീക്ഷണത്തിന് മാറ്റും. മറ്റ് ജില്ലകളിൽ നിന്നുള്ളവരെ കെ.എസ്.ആർ.ടി.സി ബസുകളിലും ടാക്സികളിലുമായാണ് യാത്രയാക്കുക. അബൂദബിയിൽ നിന്ന് കൊച്ചിയിലെത്തിയ 23 മലപ്പുറം ജില്ലക്കാരിൽ 18 പേരെ കാലിക്കറ്റ് സർവകലാശാല ഹോസ്റ്റലിലേക്ക് മാറ്റും. റിയാദ് വിമാനം വെള്ളിയാഴ്ച കരിപ്പൂരിലെത്തും. മേയ് 11ന് ബഹ്ൈറനിൽ നിന്നും 13ന് കുവൈത്തിൽ നിന്നും കരിപ്പൂരിലേക്ക് സർവിസുണ്ട്.
പ്രവാസികളെ സ്വീകരിക്കാൻ കൊച്ചി വിമാനത്താവളത്തിൽ വിപുലമായ സജ്ജീകരണം ഒരുക്കിയിരുന്നു. ബാഗേജുകൾ അണുനശീകരണം നടത്താൻ ഡിഫൻസ് റിസർച്ച് ഡവലപ്‌മെന്‍റ് ഓർഗനൈസേഷന്‍റെ സഹായമുൾപ്പെടെ വിപുലമായ സന്നാഹമാണ് ഒരുക്കിയത്. രോഗലക്ഷണമില്ലാത്തവർക്ക് ഹെൽത്ത് കൗണ്ടറുകളിൽ വീണ്ടും ആരോഗ്യ പരിശോധന നടത്തിയാണ് ഇമിഗ്രേഷൻ കൗണ്ടറിൽ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.