ശാസ്താംകോട്ട: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി, സമൂഹത്തിലെ പ്രതിഭകളായ കുട്ടികളുടെ ഉന്നമനത്തിനായിട്ടുള്ള പ്രതിഭാമരം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബി. അരുണാമണി നിർവഹിച്ചു. ലോക മലയാളികൾ നെഞ്ചിലേറ്റിയ സംഗീത വിസ്മയം ആദിത്യ സുരേഷിന്‍റെ വസതിയിൽ ലളിതമായ ചടങ്ങോടെ കോവിഡ് മാനദണ്ഡ പ്രകാരമായിരുന്നു ഉദ്ഘാടനം നടന്നത്.
അധ്യാപക അവാർഡ് ജേതാവും സംസ്ഥാന വനമിത്ര അവാർഡ് ജേതാവും കൂടിയായ എൽ. സുഗതനാണ് വ്യത്യസ്തമായ ഈ പദ്ധതിയുടെ അമരക്കാരൻ. കഴിഞ്ഞ കുറെ നാളുകളായി സ്‌കൂളും കൂട്ടുകാരും അന്യരായ അവസ്ഥയിൽ വിവിധ മാനസിക പ്രശ്നങ്ങൾ നേരിടുകയാണ് നമ്മുടെ കുട്ടികൾ. ഈ അവസരത്തിൽ അവർക്ക് കൂടുതൽ ആത്മവിശ്വാസവും ആത്മധൈര്യവും പകർന്നു നൽകേണ്ടത് സമൂഹത്തിന്‍റെ ബാധ്യതയാണ്. ഈ ബാധ്യതയാണ് സുഗതൻ മാഷ് ഏറ്റെടുത്തതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരുണമാണി അഭിപ്രായപ്പെട്ടു.
പരിപാടിയുടെ തുടക്കമെന്ന നിലയിൽ വിവിധ മേഖലകളിൽ മികവാർന്ന കഴിവുകളുള്ള കുട്ടികളെ അവരുടെ വീട്ടിലെത്തി, അവരെ കൂടുതൽ ആത്മവിശ്വാസം ഉള്ളവരും പരിസ്ഥിതി സ്നേഹികളുമാക്കി തീർക്കുകയെന്ന ലക്ഷ്യമാണ് പദ്ധതിക്കുള്ളത്. അതിനായി അവരെ അനുമോദിക്കുന്നതോടൊപ്പം വീട്ടുമുറ്റത്ത് ഒരു ഫലവൃക്ഷം കൂടി നട്ടുപിടിപ്പിക്കും. തന്‍റെ കഴിവുകളെ സംരക്ഷിച്ചു വളർത്തുന്നതോടൊപ്പം വൃക്ഷത്തൈയും പരിപാലിച്ച് വളർത്തി പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സുഗതൻ മാഷ് പറഞ്ഞു.
ജില്ലാ സോഷ്യൽ ഫോറെസ്റ്റ് ഓഫിസർ എസ്. ഹീരാലാൽ മുഖ്യ പ്രഭാഷണം നടത്തി. പരിസ്ഥിതി പ്രവർത്തകരായ ശൂരനാട് രാധാകൃഷ്ണൻ, ദുലാരി, അനിലാ ആനി ലാസർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.