കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ പ്രതാപ വർമ തമ്പാൻ അന്തരിച്ചു

കൊല്ലം: കെ.പി.സി.സി ജനറൽ സെക്രട്ടറിയും മുൻ ചാത്തന്നൂർ എം.എൽ.എയുമായിരുന്ന കൊല്ലം തേവള്ളി പാലസ് വാർഡ് കൃഷ്ണകൃപയിൽ ജി. പ്രതാപവർമ തമ്പാൻ (63) അന്തരിച്ചു. വ്യാഴാഴ്ച വൈകീട്ട് 5.30ഓടെ വീട്ടിലെ കുളിമുറിയിൽ വീണ് പരിക്കേറ്റതിനെ തുടർന്ന് ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് കരുതുന്നു. സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം നാലിന് പേരൂരിലെ വീട്ടുവളപ്പിൽ.

2001ലാണ് ചാത്തന്നൂർ മണ്ഡലത്തിൽനിന്ന് നിയമസഭയിലെത്തിയത്. 2006ൽ ചാത്തന്നൂരിലും 1991ൽ ചവറ മണ്ഡലത്തിലും നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിച്ചില്ല. കേരള സർവകലാശാല സെനറ്റംഗം, കെ.എസ്.യു സംസ്ഥാന ട്രഷറർ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കൊല്ലം ഡി.സി.സി പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസിനുള്ളിലെ എ ഗ്രൂപ്പിന്‍റെ ശക്തനായ വക്താവായിരുന്നു. നിലവിൽ പേരൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്‍റായിരുന്നു.

സ്കൂൾ വിദ്യാഭ്യാസ കാലത്താണ് രാഷ്ട്രീയത്തിലേക്കെത്തിയത്. കൊല്ലം ക്രിസ്തുരാജ് സ്കൂളിൽ പഠിക്കുമ്പോൾ കെ.എസ്.യു യൂനിറ്റ് പ്രസിഡന്‍റായി. കൊല്ലം എസ്.എൻ കോളജിൽ പ്രീഡിഗ്രി പഠനകാലത്ത് കെ.എസ്.യുവിന്‍റെ ജില്ല നേതൃത്വത്തിലേക്കും തുടർന്ന് സംസ്ഥാന നേതൃനിരയിലുമെത്തി. എൽഎൽ.ബി ബിരുദധാരിയായിരുന്ന അദ്ദേഹം രാഷ്ട്രതന്ത്രത്തിൽ ബിരുദാനന്തര ബിരുദവും പിഎച്ച്.ഡിയും നേടി.

കിളികൊല്ലൂർ പേരൂർ മുല്ലവനം വീട്ടിൽ പി. ഗോപാലപണിക്കരുടെയും കെ. ഭാരതിയുടെയും മകനാണ്. ഭാര്യ: ദീപ തമ്പാൻ. മക്കൾ: ഗോകുൽ വർമ, ചൈത്ര ജി. തമ്പാൻ (യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി). 

Tags:    
News Summary - Prathapa Varma Thampan passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.