പാലക്കാട്: രാഹുൽ മാങ്കൂട്ടത്തില്‍ എം.എല്‍.എയുടെ കാൽ വെട്ടുമെന്ന് പറഞ്ഞിട്ടില്ലെന്ന് ബി.ജെ.പി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ. അങ്ങനെ പറഞ്ഞതായി തെളിയിച്ചാൽ പരസ്യമായി മാപ്പ് പറയാനോ നിയമപരമായി നേരിടാനാ തയ്യാറാണ്. ആലങ്കാരിക പ്രയോഗമാണ് നടത്തിയത്. കാല് കുത്താൻ അനുവദിക്കില്ല എന്നതിനർത്ഥം കാല് വെട്ടുമെന്നല്ല എന്നും പ്രശാന്ത് പറഞ്ഞു.
‘എം.എൽ.എക്ക് എതിരെ കൊലവിളി നടത്തിയിട്ടില്ല. പാലക്കാട് വന്നാൽ കാല് വെട്ടും എന്നും പറഞ്ഞിട്ടില്ല. അങ്ങനെയൊരു സ്റ്റേറ്റ്മെന്റിന്റെ വിഡിയോ നൽകാൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ വെല്ലുവിളിക്കുന്നു. എം.എൽ.എ ഇരവാദം നത്തുകയാണ്. പാലക്കാട് കാല് കുത്താന്‍ അനുവദിക്കില്ലെന്ന പരാമർശത്തെ വളച്ചൊടിക്കുകയാണ്. രാഹുലിനെതിരെ ഉൾപ്പെടെ ബിജെപി പ്രവർത്തകർ പ്രകോപന മുദ്രാവാക്യങ്ങൾ വിളിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണ്. നിയമവാഴ്ചയെ അട്ടിമറിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തില്‍. ഇരവാദം ഉയര്‍ത്തി ജനങ്ങളുടെ സിംപതി പിടിച്ചുപറ്റുന്ന മൂന്നാംകിട രാഷ്ട്രീയമാണ് രാഹുലും കോൺഗ്രസും നടത്തുന്നത്’ -പ്രശാന്ത് പറഞ്ഞു.
കൊലക്കേസ് പ്രതിയാണെന്ന വെളിപ്പെടുത്തലിനോട് പ്രശാന്ത് പ്രതികരിക്കാൻ വിസമ്മതിച്ചു. പിണറായി വിജയൻ കൊലക്കേസ് പ്രതിയായിരുന്നുവെന്നും ആരോപണം ഉന്നയിച്ച സന്ദീപിന് എതിരെ കൂടുതൽ പറയുന്നില്ലെന്നുമായിരുന്നു മറുപടി. ഹെഡ്ഗേവാറിന്റെ പേര് നൽകിയതിൽ യാതൊരു നിമയ വിരുദ്ധതയും ഇല്ല. അങ്ങനെയുണ്ടെങ്കില്‍ അതും തെളിയിക്കാൻ രാഹുലിനെ വെല്ലുവിളിക്കുന്നു. സന്ദീപ് പാർട്ടി വിട്ടില്ലെങ്കിൽ മറ്റ് ചില കാര്യങ്ങൾക്ക് പുറത്താകുമായിരുന്നു. തശൂർ ടൗണിൽ കൂടി ഓടിയത് എന്തിനെന്ന് ഒന്ന് അന്വേഷിക്കാവുന്നതാണ് -പ്രശാന്ത് പറഞ്ഞു.
അതേ സമയം, കാല് വെട്ടുമെന്നും തലയെടുക്കുമെന്നും പറഞ്ഞ ബി.ജെ.പിക്കാരുമായി ചർച്ച നടത്തി തീരുമാനിക്കാൻ ഒന്നുമില്ലെന്നും കേസെടുക്കുകയാണ് വേണ്ടതെന്നും രാഹുൽ മാങ്കുത്തിൽ പറഞ്ഞു. പാലക്കാട്ടെ കൊലവിളി പ്രസംഗവും അക്രമവും തടയാൻ കോൺഗ്രസിനെയും ബി.ജെ.പിയേയും പൊലീസ് ചർച്ചക്ക് ക്ഷണിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.