പാലക്കാട്: പാലക്കാട് മാട്ടുമന്ത പൊതുശ്മശാനത്തിൽ എൻ.എസ്.എസ് വലിയപാടം കരയോഗത്തിന് ഷെഡ് നിർമിക്കാൻ 20 സെന്‍റ് നൽകിയതിനെ തുടർന്നുണ്ടായ വിവാദത്തിൽ പ്രതികരിച്ച് നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ. ആറേമുക്കാൽ ഏക്കർ സ്ഥലമാണുള്ളതെന്നും അതിൽ 20 സെന്‍റ് ആണ് എൻ.എസ്.എസിന് ഷെഡ് നിർമിക്കാൻ അനുവദിച്ചതെന്നും പ്രമീള ശശിധരൻ പറഞ്ഞു.
സാമൂഹ്യ വിരുദ്ധരുടെ ശല്യം ഒഴിവാക്കാനാണ് മതിലുകെട്ടുന്നത്. അതിൽ ബോർവെൽ കുഴിക്കുന്നുണ്ട്. മോട്ടോർ ഉപയോഗിക്കുന്നുണ്ട്. അതൊന്നും ആരും എടുത്തോണ്ട് പോകാതിരിക്കാനാണ് മതിലുകെട്ടുന്നത്. ജാതിമതഭേദമന്യേ ആർക്കും ഷെഡ് ഉപയോഗിക്കാം. എൻ.എസ്.എസിന് മാത്രമല്ല, ബ്രാഹ്മിൻ സമുദായത്തിനും നെടുങ്ങാടി സമുദായത്തിനും അനുമതി നൽകിയിട്ടുണ്ട്. ഏത് സമുദായത്തിന് വേണമെങ്കിലും അനുവാദം കൊടുക്കും.
ബ്രാഹ്മണരുടെ ഷെഡിലെത്ര ദലിത് ശവശരീരങ്ങൾ ഇറക്കി വച്ചിട്ടുണ്ടെന്ന് ഒന്നന്വേഷിക്കണേ?. അല്ലെങ്കിൽ വേണ്ട നായർ ശവശരീരങ്ങളെത്ര അവിടെ ഇറക്കി വച്ചിട്ടുണ്ടെന്ന് അന്വേഷിക്ക്. ശവസംസ്കാരത്തിനും വിവാഹത്തിനും ഏറ്റവും കൂടുതൽ ഇടകലരുന്ന ഒരു പുരോഗമന സമൂഹമാണ് അവർ. അതറിയാത്ത ഒരാളും ഈ നാട്ടിൽ കാണില്ല. എൻ.എസ്.എസ് മതിൽ നിർമിച്ചത് കൊണ്ട് ഇത് ചർച്ചയായി.
ഷെഡ് കെട്ടുന്ന വിവരം അറിഞ്ഞ ഉടൻ തന്നെ ഇടപെടുകയും എൻ.എസ്.എസിന്‍റെ സ്പോൺസർഷിപ്പിൽ നഗരസഭ നിർമിച്ചു തരാമെന്ന് അറിയിക്കുകയും ചെയ്തു. താൽകാലികമായി നിർമാണം നിർത്തിവെച്ചിരിക്കുകയാണെന്നും അടുത്തയാഴ്ച നഗരസഭയുടെ നേതൃത്വത്തിൽ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്നും പ്രമീള ശശിധരൻ ചാനൽ ചർച്ചയിൽ വ്യക്തമാക്കി.
പാലക്കാട് മാട്ടുമന്ത പൊതുശ്മശാനത്തിൽ എൻ.എസ്.എസ് വലിയപാടം കരയോഗത്തിന് ഷെഡ് നിർമിക്കാൻ 20 സെന്‍റ് നൽകിയ നഗരസഭ നടപടിയാണ് വിവാദത്തിന് വഴിവെച്ചത്. 2023 സെപ്റ്റംബർ 15ന് സംസ്കാരക്രിയ ചെയ്യാൻ 10 സെന്‍റ് ചോദിച്ച കരയോഗം യൂനിറ്റിന് രണ്ടാഴ്ചക്കുള്ളിൽ അജണ്ടയിൽ ഉൾപ്പെടുത്തി ചോദിച്ചതിന്റെ ഇരട്ടിസ്ഥലം നൽകാൻ പാലക്കാട് നഗരസഭ അനുമതി നൽകുകയായിരുന്നു.
ഷെഡ് പണിയുക മാത്രമല്ല, പൊതുശ്മശാനത്തിൽ മതിൽ കെട്ടിത്തുടങ്ങുകയും ചെയ്തതോടെയാണ് ‘ ജാതി തിരിച്ച്’ നൽകിയ ശ്മശാന ഭൂമി വിവാദമായത്. നേരത്തേ ശ്മശാനത്തിൽ ബ്രാഹ്മണർ സംസ്കാരക്രിയ ചെയ്യാൻ പ്രത്യേക സ്ഥലം ഉപയോഗിച്ചിരുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് എൻ.എസ്.എസ് യൂനിറ്റ് അപേക്ഷ നൽകിയത്.
വിവിധ ജാതി-മതവിഭാഗങ്ങൾക്ക് പൊതുശ്മശാനത്തിൽ അതിരുകൾ നിശ്ചയിച്ച് നൽകുന്നതിനെതിരെ പൊതുപ്രവർത്തകർ രംഗത്തെത്തി. പൊതുശ്മശാനത്തിൽ അതിര് നിശ്ചയിച്ച് നൽകുന്നത് വിപരീതഫലം ചെയ്യുമെന്ന് പൊതുപ്രവർത്തകൻ ബോബൻ മാട്ടുമന്ത പറഞ്ഞു. ജാതി സമ്പ്രദായത്തിലേക്ക് തിരിച്ചു പോക്കിന് അത് കാരണമാകും. നഗരസഭ തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ഒരു ജാതിക്കാർക്കു മാത്രമായി പൊതുശ്മശാനം വീതിച്ചുനൽകിയെന്ന പ്രചാരണം തെറ്റിദ്ധാരണജനകമെന്ന് പാലക്കാട് നഗരസഭ വൈസ് ചെയർമാൻ അഡ്വ. ഇ. കൃഷ്ണദാസ് പറഞ്ഞു. നഗരസഭയോഗത്തിൽ എടുത്ത തീരുമാനമാണിത്. സംസ്കാരച്ചടങ്ങുകൾ നടത്തുമ്പോൾ മഴ നനയാതിരിക്കാൻ ഷെഡ് നിർമിക്കാനും കുഴൽകിണർ കുഴിക്കാനുമായിരുന്നു എൻ.എസ്.എസ് അപേക്ഷ നൽകിയത്. അത് ഒരു സമുദായത്തിനു മാത്രം വേണ്ടിയായിരുന്നില്ല. ചുറ്റുമതിൽ കെട്ടുന്നത് സംരക്ഷണത്തിനാണെന്നും അദ്ദേഹം വ്യക്തമാക്കി.
Palakkad Municipality, NSS, public crematorium, land allocation, public crematorium, പാലക്കാട് നഗരസഭ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.