അരിയിൽ ഷുക്കൂർ വധക്കേസ് പ്രതി പി.പി. സുരേശൻ സി.പി.എം സ്ഥാനാർഥി

മലപ്പുറം: അരിയില്‍ ഷുക്കൂര്‍ വധക്കേസ് പ്രതി തദ്ദേശ തെരഞ്ഞെടുപ്പില്‍ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നു. ഷുക്കൂര്‍ വധക്കേസിലെ 28-ാം പ്രതി പി.പി സുരേശനാണ് സി.പി.എം സ്ഥാനാർഥിയായി മത്സരിക്കുന്നത്. പട്ടുവം ഗ്രാമപഞ്ചായത്തിലെ 14ാം വാര്‍ഡായ വെളിച്ചാങ്കില്‍ നിന്നാണ് സുരേശന്‍ ജനവിധി തേടുന്നത്. 2012 ഫെബ്രുവരി 20നാണ് എം.എസ്.എഫ് തളിപ്പറമ്പ് മണ്ഡലം ട്രഷററായിരുന്ന ഷുക്കൂര്‍ കൊല്ലപ്പെട്ടത്.

ഷുക്കൂർ വധക്കേസ് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാണ് സുരേശനെതിരെ കേസെടുത്തത്. ഷുക്കൂർ കൊല്ലപ്പെട്ട സ്ഥലത്ത് ഇയാളുടെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.

അന്ന് സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനും ടി.വി രാജേഷും സഞ്ചരിച്ച വാഹനം ആക്രമിക്കപ്പെട്ടിരുന്നു. അതിനുപിന്നാലെയാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. സി.പി.എം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി പരസ്യവിചാരണ ചെയ്ത് ഷുക്കൂറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. കണ്ണപുരം കീഴറയിലെ വള്ളുവൻ കടവിനടുത്ത് വെച്ച് ഷുക്കൂറിനെ രണ്ടര മണിക്കൂറോളം ബന്ദിയാക്കിയ ശേഷമാണ് കൊലപ്പെടുത്തിയത്. 24ാം വയസ്സിലാണ് ഷുക്കൂർ കൊല്ലപ്പെട്ടത്. ഷുക്കൂര്‍ വധക്കേസില്‍ വിചാരണാ നടപടികള്‍ ഈ വര്‍ഷം മെയ് മാസമാണ് ആരംഭിച്ചത്.

കഴിഞ്ഞ ദിവസം ഫസല്‍ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരനെയും സി.പി.എം സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. തലശേരി നഗരസഭയില്‍ ചെളളക്കര വാര്‍ഡില്‍ നിന്നാണ് ചന്ദ്രശേഖരന്‍ ജനവിധി തേടുന്നത്. 2015ല്‍ തലശേരി നഗരസഭ ചെയര്‍മാനായിരുന്ന കാലത്താണ് ഫസല്‍ കൊലക്കേസില്‍ പ്രതിയായ കാരായി ചന്ദ്രശേഖരന്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന കോടതി വിധി വന്നത്. കേസില്‍ ഗൂഢാലോചനാക്കുറ്റമാണ് കാരായി ചന്ദ്രശേഖരന് എതിരെ സി.ബി.ഐ ചുമത്തിയിരുന്നത്.

2006 ഒക്ടോബറിലാണ് പത്രവിതരണക്കാരനായ ഫസൽ തലശ്ശേരി സെയ്ദാർ പള്ളിക്ക് സമീപം കൊല്ലപ്പെട്ടത്. കേസിലെ ജാമ്യവ്യവസ്ഥയിൽ എറണാകുളം ജില്ല വിട്ട് പോകരുതെന്ന ഉപാധിയുണ്ടായിരുന്നു. ഇതേ തുടർന്ന് ഇദ്ദേഹം എറണാകുളം ഇരുമ്പനത്തായിരുന്നു താമസിച്ചിരുന്നത്. ഒമ്പത് വർഷത്തിന് ശേഷമാണ് ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചത്. ഇതിനുപിന്നാലെ കാരായി ചന്ദ്രശേഖരനും കേസിലെ മറ്റൊരു പ്രതിയായ സഹോദരൻ കാരായി രാജനും തലശേരിയിലേക്ക് മടങ്ങിയെത്തിയിരുന്നു.

Tags:    
News Summary - P.P. Sureshan, accused in the Ariyil Shukkur murder case, is the CPM candidate.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.