സി​നോ​ജ് മാ​ത്യു

ഇന്ന് അധ്യാപക ദിനം; ചിത്രകലയെ ജീവിതവ്രതമാക്കി സിനോജ് മാഷ്

ചെറുതോണി: ആയിരക്കണക്കിനു കുട്ടികളെ വരകളുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയ ചിത്രകല അധ്യാപകൻ സിനോജ് മാത്യു തലച്ചിറയിൽ 28 വർഷം പൂർത്തിയാക്കുന്നു. നാലു സ്കൂളുകളിൽ ഡ്രോയിങ് മാസ്റ്ററായി ജോലിനോക്കുന്ന മാത്യു ഒഴിവു സമയങ്ങളിൽ പെയിന്റിങ്ങിനും സമയം കണ്ടെത്തുന്നു. ഹൈറേഞ്ചിലെ ഒട്ടുമിക്ക സാംസ്കാരിക സംഘടനകൾക്ക് മാത്രമല്ല, പള്ളികളിലും അൾത്താരയിലുമുള്ള രൂപങ്ങളും ഇദ്ദേഹത്തിന്റെ കരവിരുതിന്റെ ഉത്തമോദാഹരണങ്ങളാണ്. ഡി. പോൾ രാജമുടി, സെൻറ് മേരീസ് രാജകുമാരി, മണിപ്പാറ തുടങ്ങിയ സ്കൂളുകളിലെ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ കുട്ടികൾക്ക് ക്ലാസെടുക്കുന്നുണ്ട്.

വാട്ടർ കളർ, പെൻസിൽ ഡ്രോയിങ്, ഓയിൽ പെയിന്റിങ് എന്നിവയാണ് കാൻവാസിൽ ഉപയോഗിക്കുന്നത്. ഇദ്ദേഹത്തിന്റെ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ കുട്ടികൾക്കും മുതിർന്നവർക്കും നവ്യാനുഭവം പകരുന്നു. ഇടുക്കി കോട്ടയം രൂപതകളിലെ 25ൽപരം അൾത്താരകൾക്ക് നിറം പകർന്നത് ഇദ്ദേഹമാണ്. സിനിമയിൽ കലാസംവിധായകനായി ജോലി ചെയ്തിരുന്ന സിനോജ് അവിടെനിന്നാണ് സ്കൂളുകളിലേക്ക് ചുവടുമാറ്റിയത്. നിരവധി സീരിയലുകളിലും കലാസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.

ക്രൂശിതനായ ക്രിസ്തു മുതൽ നീലജലാശയങ്ങൾ വരെ കാൻവാസിൽ പകർത്തി പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. മാത്രമല്ല, കഴിഞ്ഞ 16 വർഷമായി സൺഡേ സ്കൂൾ അധ്യാപകൻ കൂടിയാണ്. വീട്ടമ്മയായ സീനയാണ് ഭാര്യ. ഡിയോൺ, സ്നേഹ, ഡെൽന. ആൻ തെരേസ് ഡോണൽ, ജോസഫ് എന്നിവരാണ് മക്കൾ. കൊച്ചുകരിമ്പൻ ആന്റോപുരത്തു താമസിക്കുന്ന ഈ 49കാരന്റെ ജീവിതം ചിത്രകലക്കുവേണ്ടി മാറ്റിവെച്ചിരിക്കുകയാണ്. ജന്മസിദ്ധമായ ഈ കഴിവ് വരുന്ന തലമുറക്കു പകർന്നുനൽകുന്നതിലാണ് ഇദ്ദേഹത്തിന്റെ ആത്മസംതൃപ്തി.

Tags:    
News Summary - Teachers’ Day: Sinoj Mash Lives for Painting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.