എം.എം. മണി, വൈദ്യുതി മന്ത്രി സണ്ണി ജോസഫ്
വൈദ്യുതി പ്രതിസന്ധി: ജനങ്ങളെ സഹായിക്കാൻ സർക്കാരിന് കഴിയണം, വൈദ്യുതി മന്ത്രി സ്ഥാനത്ത് നിന്ന് സണ്ണി ജോസഫ് മാറണമെന്ന് എം.എം. മണി
ഇടുക്കി: വൈദ്യുതി മന്ത്രി സണ്ണി ജോസഫ് രാജിവെച്ച് യു.ഡി.എഫിൽ മറ്റ് ആരെയെങ്കിലും വകുപ്പ് ഏൽപിക്കണമെന്ന് മുൻ വൈദ്യുതി മന്ത്രി എം.എം. മണി. നിലവിലെ വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്നും എം.എം. മണി പറഞ്ഞു. ജനങ്ങളെ സഹായിക്കാൻ സർക്കാറിന് കഴിയണം. അത് ഏതു വകുപ്പിലായാലും അങ്ങനെ വേണം. എൽ.ഡി.എഫിന് ഭരണത്തിൽ കൃത്യമായ കാഴ്ചപ്പാടുണ്ടായിരുന്നു. മുഖ്യമന്ത്രിക്കും കാഴ്ചപ്പാടുണ്ടായിരുന്നു. ചെറിയൊരു പങ്ക് വൈദ്യുതി മന്ത്രിയെന്ന നിലയിൽ ഞാനും വഹിച്ചിട്ടുണ്ട്. സാമാന്യം നല്ല മഴ പെയ്താലും 40 ശതമാനം വൈദ്യുതിയേ ഇവിടെ ഉൽപാദിപ്പിക്കാൻ കഴിയൂ. 60 ശതമാനം പുറത്തുനിന്നാണ് വാങ്ങിക്കുന്നത്. അതെല്ലാം മുൻകൂട്ടി കാണണമെന്നും എം.എം. മണി പറഞ്ഞു.
അതേസമയം, വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ട പോലെ പരിഹരിക്കാനാകുന്ന വിഷയമല്ലെന്നും സാഹചര്യം മനസ്സിലാക്കി എല്ലാവരും സഹകരിക്കണമെന്നും മന്ത്രി സണ്ണി ജോസഫ്. പരിഹാരത്തിന് മനുഷ്യസാധ്യമായ എല്ലാം സർക്കാറും കെ.എസ്.ഇ.ബിയും നടത്തും. ആരുടെയെങ്കിലും പ്രത്യേക അനാസ്ഥയല്ല പ്രതിസന്ധിക്ക് കാരണമെന്നും പ്രതികൂല സാഹചര്യവും കാലാവസ്ഥ പ്രശ്നങ്ങളുമാണെന്നും വൈദ്യുതി ഉന്നതതല യോഗത്തിന് ശേഷം മന്ത്രി വാർത്തമ്മേളനത്തിൽ പറഞ്ഞു.
എൽനിനോ പ്രതിഭാസം മൂലം മഴ ഗണ്യമായി കുറയുകയും ചൂട് കൂടുകയും ചെയ്തപ്പോൾ ഉൽപാദനം കുറയുകയും ഉപയോഗം വർധിക്കുകയും ചെയ്തതാണ് പ്രതിസന്ധിക്ക് കാരണമായത്. കഴിഞ്ഞ സെപ്റ്റംബറിൽ ഒരു ദിവസം 3794 മൊവാട്ട് ആശ്യമായിരുന്നുവെങ്കിൽ ഇന്നലെ 5200 മെഗാവാട്ടാണ് ഉപയോഗം. സെപ്റ്റംബറിൽ 700-900 മെഗാവാട്ട് കുറവ് പ്രതീക്ഷിക്കുന്നു. 700 മെഗാവാട്ടിന്‍റെ കുറവ് ഗ്രിഡ് കൺട്രോൾ ഓഫ് ഇന്ത്യയും സൂചിപ്പിച്ചിട്ടുണ്ട്. ആവശ്യമുള്ള വൈദ്യുതിയുടെ 25 ശതമാനം മാത്രമാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്. ആന്ധ്രയിൽ 86ഉം തെലുങ്കാനയിൽ 67ഉം കർണാടകയിൽ 60ഉം തമിഴ്നാട്ടിൽ 50ഉം ശതമാനമാണ് ഉൽപാദനം. നമുക്ക് ആവശ്യമുള്ള ബാക്കി വൈദ്യുതിക്ക് കേന്ദ്രത്തെയും മറ്റു നിലയങ്ങളെയുമാണ് ആശ്രയിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് കൂടി വന്നതിനാലാണ് രാത്രി വൈകിയും ഉപയോഗം വർധിക്കുകയാണ്.
സൗരോർജം പകൽ ഉൽപാദിപ്പിക്കുന്നുവെങ്കിലും അത് സംഭരിക്കാൻ മാർഗമില്ല. ആ ഉൽപാദകർക്കും രാത്രി കെ.എസ്.ഇ.ബി വൈദ്യുതി നൽകണം. സൗരോർജം സംഭരിക്കാനുള്ള ബസ് പദ്ധതിയിൽ ചിലത് ഉടൻ പൂർത്തിയാകും. റദ്ദായ ദീർഘകാല കരാർ പുനഃസ്ഥാപിക്കാൻ സുപ്രിംകോടതിയെ കേരളം സമീപിച്ചിട്ടുണ്ട്. അതിൽ സർക്കാറും ഇപെടൽ നടത്തുമെന്നും മന്ത്രി പറഞ്ഞു. ഉമ്മൻ ചാണ്ടി സർക്കാറിന്‍റെ കാലത്ത് 465 മെഗാവാട്ട് വൈദ്യുതി യൂനിറ്റിന് 4.29 രൂപക്ക് വാങ്ങാനായി ഉണ്ടാക്കിയ ദീർഘകാല കരാർ ഇടത് സർക്കാർ റദ്ദാക്കിയതും ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. കരാർ റദ്ദാക്കിയശേഷം യൂനിറ്റിന് എട്ട് മുതൽ 14 രൂപക്ക് വരെ വാങ്ങി. കരാർ നിലനിന്നെങ്കിൽ ഈ പ്രശ്നം ഉണ്ടാകില്ല. ഇപ്പോൾ യൂനിറ്റിന് 10 രൂപക്ക് വാങ്ങുകയാണെന്നും മന്ത്രിസഭ യോഗത്തിന് ശേഷം അദ്ദേഹം വാർത്തസമ്മേളനത്തിൽ പ്രതികരിച്ചു.
വൈദ്യുതി വിഷയത്തിൽ സർക്കാർ ധാരാളം നടപടികൾ സ്വീകരിക്കുന്നുണ്ട്. പ്രതിദിന ഉപയോഗം 86-88 ദശലക്ഷം യൂനിറ്റായി ഉയർന്നു. അണക്കെട്ടുകളിൽ മതിയായ നീരൊഴുക്കില്ല. പലതിലും പകുതിയിൽ താഴെയാണ് ജലനിരപ്പ്. സമീപകാലത്തൊന്നും കാണാത്ത വിധം മഴ കുറഞ്ഞു. പീക്ക് സമയ വൈദ്യുതി ആവശ്യകത മുൻ വർഷം ഇതേ സമയത്തേക്കാൾ 800-900 മെഗാവാട്ട് കൂടുതലാണ്. വൈദ്യുതിയുടെ ലഭ്യത പ്രശ്നവുമുണ്ട്. കൽക്കരി ക്ഷാമം മൂലം പീക്ക് സമയത്ത് വൈദ്യുതി കിട്ടുന്നില്ല. അധിക നിരക്ക് അടച്ചേൽപ്പിക്കാതെ വൈദ്യുതി ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കൂടുതൽ വൈദ്യുതി എത്തിച്ച് സെപ്റ്റംബർ 15ഓടെ പരിഹാരം ഉണ്ടാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. നിയന്ത്രണ സമയം കൃത്യമായി അറിയിക്കാൻ കെ.എസ്.ഇ.ബിക്ക് നിർദേശം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.