പിണറായി വിജയൻ, അലൻ ഷുഹൈബ്
'ചായ കുടിക്കാൻ പോയതല്ലല്ലോ'; ഇ.ഡി നടപടികൾക്കിടെ പിണറായിയെയും റിയാസിനെയും പരിഹസിച്ച് അലൻ ഷുഹൈബ്
കോഴിക്കോട്: സി.എം.ആർ.എൽ മാസപ്പടി ഇടപാടിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും സി.പി.എം നേതാവുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം ശക്തമാക്കിയ പശ്ചാത്തലത്തിൽ, മുഖ്യമന്ത്രി മുൻപ് തങ്ങൾക്കെതിരെ പ്രയോഗിച്ച പരിഹാസവാക്കുകൾ അതേപടി തിരിച്ചടിച്ച് പന്തീരാങ്കാവ് യു.എ.പി.എ കേസിൽ പ്രതിയാക്കപ്പെട്ട അലൻ ഷുഹൈബ്.
"പിണറായി വിജയനോടും റിയാസിനോടും വീണയോടും എനിക്ക് ഇത്രയേ പറയാനുള്ളൂ. 'ചായ കുടിക്കാൻ പോയതല്ലല്ലോ'" എന്നാണ് അലൻ ഷുഹൈബ് ഫേസ്ബുക്കിൽ കുറിച്ചത്. പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ അലൻ ഷുഹൈബിനെയും താഹ ഫസലിനെയും യു.എ.പി.എ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത സമയത്ത്, അവർക്കെതിരായ പൊലീസ് നടപടിയെ ന്യായീകരിക്കാൻ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞ വിവാദ വാചകമായിരുന്നു ഇത്. 'അവർ ചായ കുടിക്കാൻ പോയപ്പോഴല്ല പൊലീസ് പിടിച്ചതെന്നും മാവോയിസ്റ്റുകൾ ആയതുകൊണ്ടാണ് നടപടിയെന്നും' അന്ന് പിണറായി പരസ്യമായി പ്രതികരിച്ചിരുന്നു.
വർഷങ്ങൾക്കിപ്പുറം, മാസപ്പടി കേസിൽ വീണ വിജയന്റെയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകളിൽ ഇ.ഡി റെയ്ഡുകളും അന്വേഷണങ്ങളും ശക്തമാക്കുകയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഇ.ഡി നിർദ്ദേശം നൽകുകയും ചെയ്ത പുതിയ രാഷ്ട്രീയ സാഹചര്യത്തിലാണ്, പിണറായിയുടെ പഴയ വാക്കുകൾ തന്നെ ആയുധമാക്കി അലൻ ഷുഹൈബ് രംഗത്തെത്തിയിരിക്കുന്നത്. നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായ പോസ്റ്റിന് അനുകൂലിച്ചും എതിർത്തും വലിയ തോതിലുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.