കൊച്ചി: കൊലക്കേസുകളിലെ പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റ് എല്ലായ്പ്പോഴും സമ്പൂർണ തെളിവായി മാറുന്നില്ലെന്ന് ഹൈകോടതി. മൃതദേഹം പരിശോധിക്കുന്ന ഡോക്ടർ എഴുതിനൽകുന്ന പ്രാഥമിക പ്രസ്താവന മാത്രമാണിത്. കൊല്ലപ്പെട്ടയാളുടെ ശരീരത്തിൽ മുറിവുകളുണ്ടാകാനിടയായ കാരണം, മരണത്തിലേക്ക് നയിച്ചതെന്ത് തുടങ്ങിയവയിൽ വ്യക്തതയുണ്ടായാൽ മാത്രമേ ഈ സർട്ടിഫിക്കറ്റ് പൂർണ തെളിവായി രേഖപ്പെടുത്താനാകൂ.
കാസർകോട് മുദ്ധപ്പ ഗൗഡ കൊലക്കേസിൽ പ്രതികളായ കാസർകോട് കല്ലാപ്പള്ളി സ്വദേശി പി.സി. ലളിത, മകൻ പി.സി. നിതിൻ എന്നിവരുടെ ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം. 2011 മാർച്ച് നാലിന് പറമ്പിലെ കുളത്തിൽനിന്ന് വെള്ളമെടുക്കുന്നത് സംബന്ധിച്ച തർക്കത്തിനിടെ ലളിതയുടെ ഭർതൃസഹോദരനായ മുദ്ധപ്പ ഗൗഡയെ പ്രതികൾ വെട്ടിയും മർദിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്.
കാസർകോട് അഡീ. സെഷൻസ് കോടതി ശിക്ഷ വിധിച്ചതിനെതിരെ ഇരുവരും ഹൈകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. ഈ കേസിൽ പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് മുറിവ്, മരണകാരണം എന്നിവ സംബന്ധിച്ച് പൊലീസ് ചോദിച്ചറിഞ്ഞതെന്ന് കോടതി വിലയിരുത്തി.
പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റിലെ അപര്യാപ്തതക്ക് പുറമെ കുറ്റകൃത്യത്തിന്റെ സമയം രേഖപ്പെടുത്തിയതിലും മൊഴിയിലും പ്രഥമവിവര റിപ്പോർട്ടിലും പൊരുത്തക്കേടുകളുണ്ട്. ആയുധം കണ്ടെത്തിയതിലെ സംശയങ്ങളും വിചാരണ കോടതി കണക്കിലെടുത്തിട്ടില്ല. മുഖ്യസാക്ഷിയും കൊല്ലപ്പെട്ടയാളുടെ മകനുമായ യുവാവിന്റെ മൊഴി വിശ്വാസയോഗ്യമായി കരുതാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.