കെ. സുധാകരൻ

'ചരിത്രം വാക്ക് പാലിച്ചവരുടേതാണ്'; വി.ഡി. സതീശന്‍റെ ഓഫിസിന് മുന്നിലടക്കം കെ. സുധാകരനെ അനുകൂലിച്ച് പോസ്റ്റർ

എറണാകുളം: കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. സുധാകരനെ അനുകൂലിച്ച് എറണാകുളത്തിന്‍റെ വിവിധയിടങ്ങളിൽ പോസ്റ്റർ. പറവൂർ, ഇടപ്പള്ളി, ആലുവ പ്രദേശങ്ങളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ ഓഫിസിന് മുമ്പിലും പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. സേവ് കോൺഗ്രസ് ഫോറത്തിന്‍റെ പേരിലാണ് പോസ്റ്റർ.

വാക്കുകൾ പാലിക്കപ്പെടാനുള്ളതാണെന്നും ചരിത്രം വാക്ക് പാലിച്ചവരുടേതാണ് എന്നും പോസ്റ്ററിൽ പറയുന്നു. രാഹുൽ ഗാന്ധിയും കെ. സുധാകരനും ഒന്നിച്ചുള്ള ചിത്രവും പോസ്റ്ററിൽ ഉണ്ട്. രാഹുൽ ഗാന്ധി സുധാകരന് സീറ്റ് നൽകുമെന്ന് വാക്ക് നൽകിയിട്ടുണ്ടെന്നും കേരളത്തിലെ ഏത് മണ്ഡലത്തിൽ മത്സരിച്ചാലും വിജയിക്കാൻ സാധ്യതയുള്ള നേതാവാണ് സുധാകരനെന്നും പോസ്റ്ററിൽ പറയുന്നു.

അതേസമയം, കണ്ണൂർ നിയമസഭ മണ്ഡലത്തിൽ മത്സരിക്കാനുള്ള ആഗ്രഹം തുറന്നുപറഞ്ഞിട്ടും നടക്കില്ലെന്നായതോടെ സുധാകരൻ ​ഫേസ്ബുക്കിൽ വൈകാരിക കുറിപ്പ് പങ്കുവെച്ചിരുന്നു. കണ്ണൂരുമായുള്ള തന്റെ ബന്ധം എണ്ണിപ്പറഞ്ഞാണ് ഫേസ്ബുക് പോസ്റ്റ്. ഡൽഹിയിൽനിന്ന് മടങ്ങിയെത്തിയതിന് പിന്നാലെയാണ് ​വൈകാരിക കുറിപ്പ് പങ്കുവെച്ചത്.

സുധാകരന്‍റെ കുറിപ്പ്

‘കണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോൺഗ്രസ്സ് എന്നും എന്റെ മേൽവിലാസവുമാണ്. കല്ലിൽ നിന്നും, കത്തിയിൽ നിന്നും, അരിവാളിൽ നിന്നും, ബോംബിൽ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുന്നതുപോലെ ഞാൻ മുന്നിൽ നിന്ന് പൊരുതി സംരക്ഷിച്ച എന്റെ സഹോദരരെ കമ്മ്യൂണിസ്റ്റു കാപാലികർ ഉപദ്രവിക്കുന്നത് കണ്ടു നില്ക്കാൻ എനിക്കൊരിക്കലും സാധിക്കില്ല.

ഞാൻ ഉണരുമ്പോൾ എന്റെ കണ്ണിൽ തെളിയുന്നത് ജീവനും രക്തവും നൽകി നമ്മളൊരുമിച്ചു കെട്ടിപ്പടുത്ത നമ്മുടെ പാർട്ടിയുടെ സ്വപ്നങ്ങളാണ്. ഞാൻ കണ്ണടക്കുമ്പോൾ ഉൾക്കണ്ണിൽ തെളിഞ്ഞു വരുന്നത് കമ്മ്യൂണിസ്റ്റുകാർ നരനായാട്ട് നടത്തി കൊലപ്പെടുത്തിയ എന്റെ സഹപ്രവർത്തകരുടെ ചേതനയറ്റ മുഖവുമാണ്.

കണ്ണൂർ ഹൃദയരക്തം ഇറ്റി വീണ നമ്മുടെ മണ്ണാണ്. പൊരുതി വിജയിച്ച കോൺഗ്രസ്സുകാരുടെ ത്യാഗഭൂമിയാണ്. ആ മണ്ണിന് വേണ്ടി കോൺഗ്രസിന്റെ ത്രിവർണ്ണ പതാക നെഞ്ചിലേറ്റി കെ. സുധാകരൻ എന്നും മുന്നിൽ തന്നെ ഉണ്ടാകും. എന്റെ ചോരയും വിയർപ്പും വീണ മണ്ണിൽ, എന്റെ സഹപ്രവർത്തകരുടെ ചോരവീണ മണ്ണിൽ, ഉറ്റവരെ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ചങ്കു പിളർന്ന വിലാപങ്ങളുയർന്ന മണ്ണിൽ കെ. സുധാകരൻ തലയുയർത്തി നില്ക്കും.

എന്റെ പ്രസ്ഥാനത്തെ സംരക്ഷിക്കാനുള്ള പ്രവർത്തനത്തിനിടയിൽ എന്റെ വീടിനെയും വീട്ടുകാരെയും കുറിച്ച് ഞാൻ ഈ നിമിഷം വരെ ചിന്തിച്ചിട്ടില്ല. എന്റെ കൈപിടിച്ച് വളർന്നവരും പ്രവർത്തിച്ചവരുമാണ് ഇന്ന് കണ്ണൂരിലുള്ള ഓരോ നേതാക്കളും. ഞാൻ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല. കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷെ എനിക്കതൊന്നും മരണത്തിലും മറക്കാനാവാത്ത പച്ചയായ യാഥാർഥ്യങ്ങളാണ്.’

Tags:    
News Summary - Poster in support of K. Sudhakaran in Ernakulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.