ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കുറ്റപത്രം വൈകും

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വസതിയിൽ പരിശോധനക്കെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പൊലീസ് ഉടൻ കുറ്റപത്രം സമർപ്പിക്കാൻ സാധ്യതയില്ല. റിമാൻഡിലുള്ള പ്രതികളുടെ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലം ഉൾപ്പെടെ രേഖകൾ ലഭിക്കാൻ വൈകുന്നതിനാലാണിത്. കേസിൽ പ്രതികളായ 20ഓളം പേരെ ഇനിയും പിടികൂടാനുണ്ട്. അതിൽ ചിലർ വിദേശത്തേക്ക് കടന്നയതായാണ് വിവരം.

ഒരു പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. സംഭവത്തിൽ ഗൂഡാലോചന ആരോപിച്ച് ഇ.ഡി രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സി.പി.എം നേതൃത്വത്തിന്‍റെ പങ്കും അന്വേഷിക്കേണ്ടിവരും. സമഗ്ര അന്വേഷണത്തിനുശേഷം കുറ്റപത്രം സമർപ്പിച്ചാൽ മതിയെന്ന നിയമോപദേശമാണ് പൊലീസിന് ലഭിച്ചത്. ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിക്കാനുള്ള ശ്രമം തടഞ്ഞ പൊലീസിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് മറ്റൊരു കേസുമുണ്ട്.

ആ കേസിൽ ഒരു എസ്.എഫ്.ഐ നേതാവിനെ അറസ്റ്റ് ചെയ്തിരുന്നു. ആ കേസും ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിനൊപ്പം ചേർത്ത് ഒറ്റ കുറ്റപത്രമായി നൽകാൻ പൊലീസ് ആലോചിക്കുന്നു. കേസിൽ 26 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. ഒമ്പതാംപ്രതിക്ക് ജില്ല കോടതി ജാമ്യം നൽകി. മറ്റ് പ്രതികളുടെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളി. എട്ട് പ്രതികൾ ജാമ്യാപേക്ഷയുമായി ജില്ല കോടതിയെ സമീപിച്ചു. ജാമ്യഹരജി ജൂലൈ മൂന്നിന് കോടതി പരിഗണിക്കും.  

Tags:    
News Summary - Chargesheet in ED officer attack case to be delayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.