ലഹരി മാഫിയകള്‍ക്കെതിരെ ജനകീയ പ്രതിരോധം; മത, സാമുദായിക, സാംസ്‌ക്കാരിക നേതാക്കളുടെ പിന്തുണ തേടി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ലഹരി മാഫിയകള്‍ക്ക് എതിരായ പോരാട്ടത്തിന്റെ ഭാഗമായുള്ള ജനകീയ പ്രതിരോധത്തില്‍ മത, സാമുദായിക, സാമൂഹിക സംഘടനാ നേതാക്കളുടെയും സാംസ്‌കാരിക, പൊതുപ്രവര്‍ത്തകരുടെയും പിന്തുണ തേടി പ്രതിപക്ഷ നേതാവ്. മത, സാമുദായിക, സാമൂഹിക സംഘടനാ നേതാക്കള്‍ക്കും സാംസ്‌കാരിക, പൊതുപ്രവര്‍ത്തകര്‍ക്കും പ്രതിപക്ഷ നേതാവ് കത്തയയ്ക്കുകയും അവരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുകയും ചെയ്യും.

ഇന്നുവരെ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത അതീവ ഗുരുതരമായ സാമൂഹിക പ്രതിസന്ധിയിലൂടെയാണ് നമ്മുടെ നാട് കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത് കുഞ്ഞുങ്ങളും, വിദ്യാര്‍ഥികളും, യുവാക്കളും രാസലഹരി വസ്തുക്കള്‍ക്ക് അടിപ്പെടുന്നത് ആര്‍ക്കും സഹിക്കാനാകില്ല. ലഹരിയുടെ സ്വാധീനത്തില്‍ അവര്‍ എന്തൊക്കെയാണ് ചെയ്ത് കൂട്ടുന്നത്. എത്രയെത്ര കൂട്ടക്കുരുതികളും അക്രമങ്ങളും. ഇനിയും നമ്മള്‍ നിശബ്ദരാകരുത്. ലഹരിയെന്ന സാമൂഹിക വിപത്തിനെതിരെ ഒറ്റക്കല്ല ഒന്നിച്ച് പോരാടണം. അങ്ങനെ ഭാവി തലമുറയെ നമ്മള്‍ സുരക്ഷിതരാക്കണം. ലഹരി- ഗുണ്ടാ മാഫിയകള്‍ക്കെതിരെ ജനകീയ പ്രതിരോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.

സംസ്ഥാനത്തേക്ക് ലഹരി വസ്തുക്കള്‍ എത്തുന്ന സ്രോതസുകള്‍ കണ്ടെത്തി എന്നെന്നേക്കുമായി അടച്ചില്ലെങ്കില്‍ ഈ കൊച്ചു കേരളം തകര്‍ന്നു പോകും. നമ്മുടെ ഓരോരുത്തരുടെയും മനസിലുള്ള ഭീതി അകറ്റാനും ചുറ്റും നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാനും കുറ്റവാളികളെ പിടികൂടാനും സമഗ്രമായ കർമ പദ്ധതി വേണം. അതില്‍ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരുടെ സജീവമായ ഇടപെടലുകള്‍ അനിവാര്യതയാണ്.

ഏത് ഉള്‍ഗ്രാമത്തിലും 15 മിനിറ്റിനുള്ളില്‍ ലഹരി വസ്തുക്കള്‍ എത്തിക്കാനുള്ള സംവിധാനം ലഹരി മാഫിയക്ക്ക്കുണ്ട്. ലഹരി ഉപഭോഗം വര്‍ധിച്ചതോടെ അക്രമങ്ങളുടെ സ്വഭാവവും മാറുകയാണ്. ആര് എന്ത് സംരക്ഷണം ഒരുക്കിയാലും ലഹരി മാഫിയയില്‍ നിന്നും കേരളത്തെ രക്ഷക്കാന്‍ നാം ഓരോരുത്തരും മുന്നിട്ടിറങ്ങണം.

ലഹരിയുടെ കെണിയില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ ഡഉഎ പ്രതിജ്ഞാബദ്ധമാണ്. നിയമസഭയിലും പുറത്തും ഈ വിഷയം നിരന്തരം ഉന്നയിച്ച് ഗൗരവമായ ചര്‍ച്ചകള്‍ക്ക് ഞങ്ങള്‍ വഴിയൊരുക്കിയിട്ടുണ്ട്. സെക്രട്ടേറിയറ്റിന് മുന്നില്‍ ലഹരിക്കെതിരെ ഏകദിന ഉപവാസം സംഘടിപ്പിച്ചു. അതിന്റെ തുടര്‍ച്ചകള്‍ ഉണ്ടാകണം.

രാസലഹരി ഉള്‍പ്പെടെയുള്ളവ വ്യാപകമായിട്ടും ഒരു നടപടികളും സ്വീകരിക്കാതെ ലഹരി മാഫിയാ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ രാഷ്ട്രീയ രക്ഷകര്‍തൃത്വം നല്‍കുകയാണ്. ഈ സാഹചര്യത്തിലാണ് പൊതുസമൂഹത്തിന്റെ പിന്തുണയോടെ ജനകീയ പ്രതിരോധത്തിന് മുന്‍കൈ എടുക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു.

Tags:    
News Summary - Popular resistance against drug mafias; Opposition leader seeks support from religious, communal and cultural leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.