കോഴിക്കോട്: ഇന്ത്യയില്‍ വെറുപ്പിന്‍െറ രാഷ്ട്രീയത്തിന് നേതൃത്വം കൊടുക്കുന്ന സംഘ്പരിവാര്‍ സംഘടനകള്‍ യഥാര്‍ഥത്തില്‍ വാസ്കോഡ ഗാമയുടെയും മറ്റ് അധിനിവേശ ചൂഷകശക്തികളുടെയും അജണ്ടയാണ് ഇവിടെ പുന$സ്ഥാപിക്കാന്‍ ശ്രമിക്കുന്നതെന്ന് പോപുലര്‍ ഫ്രണ്ട് ദേശീയ വൈസ് ചെയര്‍മാന്‍ ഇ.എം. അബ്ദുറഹ്മാന്‍. ഭയമകറ്റുന്ന രാഷ്ട്രീയത്തെ ശക്തിപ്പെടുത്താന്‍ മുന്നിട്ടിറങ്ങണം. സ്വന്തം ചുമലുകളില്‍നിന്ന് ഭയത്തിന്‍െറ രാഷ്ട്രീയം വലിച്ചെറിയാന്‍ ഓരോരുത്തരും തയ്യാറാവുമ്പോള്‍ മാത്രമേ അതിന് സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
‘നിര്‍ത്തൂ, വെറുപ്പിന്‍െറ രാഷ്ട്രീയം’ പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശവ്യാപകമായി നടത്തുന്ന കാമ്പയിനിന്‍െറ സംസ്ഥാനതല സമാപനത്തോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച ജനമഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്വേഷത്തിന്‍െറ രാഷ്ട്രീയത്തിന് ചുക്കാന്‍ പിടിക്കുന്നവര്‍പോലും കുഞ്ഞാലി മരയ്ക്കാറുടെയും സാമൂതിരിയുടെയും പാരമ്പര്യം പറഞ്ഞ് മലയാളികളെ കൈയിലെടുക്കാനും വഴിതെറ്റിക്കാനും ശ്രമിക്കുന്ന കാലത്ത് നാം അതിനെതിരെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റ് സി. അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ തേജസ് പബ്ളിക്കേഷന്‍ പ്രസിദ്ധീകരിച്ച ‘അസഹിഷ്ണുത നാടുവാഴുമ്പോള്‍’ പുസ്തകം ഡോ. ആനന്ദ് തെല്‍തുംദെ, എ. വാസുവിന് നല്‍കി പ്രകാശനം ചെയ്തു.
ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ് അംഗവും ഓള്‍ ഇന്ത്യ മില്ലി കൗണ്‍സില്‍ വര്‍ക്കിങ് കമ്മിറ്റി അംഗവുമായ മുഫ്തി സയ്യിദ് ബാഖിര്‍ അര്‍ഷദ്, 2002ല്‍ ഗുജറാത്തില്‍ ഫാഷിസ്റ്റുകളാല്‍ ക്രൂരമായി കൊലചെയ്യപ്പെട്ട മുന്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഇഹ്സാന്‍ ജാഫരിയുടെ വിധവ സകിയ ജാഫരി, പ്രമുഖ രാഷ്ട്രീയ വിശകലന വിദഗ്ധനും പൗരാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ. ആനന്ദ് തെല്‍തുംദെ, ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ ഭീഷണി നേരിടുന്ന പ്രമുഖ എഴുത്തുകാരന്‍ യോഗേഷ് മാസ്റ്റര്‍, പി.സി. ജോര്‍ജ് എം.എല്‍.എ, പോപുലര്‍ ഫ്രണ്ട് പ്രഥമ ചെയര്‍മാന്‍ ഇ. അബൂബക്കര്‍, എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്‍റ് എ. സഈദ്, പോപുലര്‍ ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി എം. മുഹമ്മദലി ജിന്ന, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്‍റ് മുഹമ്മദ് ഈസ ഫാദില്‍ മമ്പഈ, പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എച്ച്. നാസര്‍, സെക്രട്ടറി ബി. നൗഷാദ്, എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്‍റ് പി. അബ്ദുല്‍ മജീദ് ഫൈസി, സാമൂഹിക മനുഷ്യാവകാശ പ്രവര്‍ത്തകരായ എ. വാസു, രൂപേഷ്കുമാര്‍, എന്‍.ഡബ്ള്യു.എഫ് ദേശീയ പ്രസിഡന്‍റ് എ.എസ്. സൈനബ, കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റ് സി.എ. റഊഫ് എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി വളന്‍റിയര്‍ മാര്‍ച്ചും റാലിയും നടന്നു.
ജനമഹാസമ്മേളനം; കരുത്തറിയിച്ച് പ്രകടനം
കോഴിക്കോട്: വെറുപ്പിന്‍െറയും വിദ്വേഷത്തിന്‍െറയും രാഷ്ട്രീയത്തിനെതിരെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ ജനമഹാസമ്മേളനത്തില്‍ ജനസാഗരമിരമ്പി. ‘നിര്‍ത്തൂ, വെറുപ്പിന്‍െറ രാഷ്ട്രീയം’ ദേശീയ കാമ്പയിന്‍െറ സംസ്ഥാനതല സമാപനത്തോടനുബന്ധിച്ച് നടന്ന പ്രകടനം പശുവിന്‍െറയും പോത്തിന്‍െറയും പേരില്‍ മനുഷ്യരെ കൊല്ലുന്ന രീതികള്‍ വിവരിച്ചും സവര്‍ണ മേല്‍ക്കോയ്മകളുടെ തന്ത്രങ്ങള്‍ തുറന്നുകാട്ടിയുമാണ് കടന്നുപോയത്. കാവിവത്കരിക്കപ്പെടുന്ന രാജ്യത്ത് ന്യൂനപക്ഷങ്ങളും ദലിതരും മറ്റു പിന്നാക്ക സമൂഹങ്ങളും മതനിരപേക്ഷ ബുദ്ധിജീവികളും സാംസ്കാരിക പ്രവര്‍ത്തകരുമൊക്കെ നേരിടുന്ന ഭീഷണികളെ തുറന്നുകാട്ടി. ബി.ജെ.പി അധികാരത്തില്‍ വന്ന ശേഷം വിദ്വേഷ രാഷ്ട്രീയത്തിന്‍െറ പേരില്‍ രാജ്യത്ത് നടന്ന കൊലകളുടെ നിശ്ചലദൃശ്യങ്ങള്‍ റാലിയില്‍ ഇടംനേടി.
ഫാഷിസം മനുഷ്യത്വത്തെ മൃഗീയമായി കശാപ്പു ചെയ്യുന്നതിന്‍െറതടക്കമുള്ള ദൃശ്യങ്ങളും റാലിയിലുണ്ടായി. ഉച്ചകഴിഞ്ഞ് മൂന്നരയോടെ അരയിടത്തുപാലത്തുനിന്നാരംഭിച്ച റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു. റാലിയുടെ മുന്‍നിരയില്‍ സന്നദ്ധ സേവകര്‍ അണിനിരന്നു. റാലിക്കിടയില്‍ ആറ് പ്ളോട്ടുകളില്‍ ക്രിസ്ത്യന്‍ മിഷനറിയുടെയും മകന്‍െറയും ദാരുണ ദുരന്തം പുനരാവിഷ്കരിച്ച ദൃശ്യവും ഉണ്ടായി.
പ്രകടനവും കടപ്പുറത്ത് വൈകീട്ട് നടന്ന മഹാസമ്മേളനവും പോപുലര്‍ ഫ്രണ്ടിന്‍െറ അച്ചടക്കം വിളിച്ചോതുന്നതായി. സ്ത്രീകളുടെ വന്‍ പങ്കാളിത്തവുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.