മാർപാപ്പയുടെ വിഡിയോ സന്ദേശം: അന്വേഷണം വേണമെന്ന് വൈദിക യോഗം

കൊച്ചി: മാർപാപ്പയുടെ വിഡിയോ സന്ദേശത്തിൽ വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങൾ കടന്നു കൂടിയതിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് വൈദികയോഗം ആവശ്യപ്പെട്ടു. അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനത്തുനിന്ന് വത്തിക്കാന്‍ നീക്കിയ ആര്‍ച് ബിഷപ് ആന്‍ഡ്രൂസ് താഴത്ത് ഇനി എറണാകുളം-അങ്കമാലി അതിരൂപതയുടെ വിഷയങ്ങളില്‍ ഇടപെടരുതെന്നും യോഗം ആവശ്യപ്പെട്ടു.

ആര്‍ച് ബിഷപ് സിറില്‍ വാസില്‍ മാധ്യമങ്ങളോട് പറഞ്ഞതുപോലെ സംഭാഷണത്തിന്‍റെയും ചര്‍ച്ചകളുടെയും പാതയിലൂടെയാണെങ്കില്‍ അദ്ദേഹത്തോട് സഹകരിക്കുമെന്ന് യോഗാധ്യക്ഷന്‍ ഫാ. ജോസ് ഇടശ്ശേരി പറഞ്ഞു. വസ്തുതാപരമായ തെറ്റുകളും അവ്യക്തതകളും നിറഞ്ഞ സന്ദേശത്തിന്‍റെ ഉറവിടം ആര്‍ച് ബിഷപ് ആന്‍ഡ്രൂസ് താഴത്തും അദ്ദേഹത്തിന്‍റെ വാക്കുകള്‍ മുഖവിലയ്ക്കെടുത്ത് മാര്‍പാപ്പയെക്കൊണ്ട് എന്തും ചെയ്യിക്കുന്ന പൗരസ്ത്യകാര്യാലയവുമാണ്. വര്‍ഷങ്ങളായി സിറോ മലബാര്‍ സിനഡ് ചര്‍ച്ച ചെയ്യുകയും പരിശ്രമിക്കുകയും ചെയ്തതിന്‍റെ പശ്ചാത്തലത്തിലാണ് സിനഡ് ഫോര്‍മുല ആവിഷ്കരിച്ചതെന്ന പ്രസ്താവന വസ്തുതക്ക് നിരക്കുന്നതല്ലെന്ന് സിറോ-മലബാര്‍ സിനഡിന്‍റെ കഴിഞ്ഞ 10 വര്‍ഷത്തെ റിപ്പോര്‍ട്ട് വായിച്ചാല്‍ മനസ്സിലാവും.

ഏതാനും ചില വൈദികര്‍ സിനഡ് കുര്‍ബാനക്ക് എതിരാണെന്നും അവരെ ഇക്കാര്യത്തില്‍ വിശ്വാസികള്‍ കേള്‍ക്കരുതെന്നും എന്നത് സിനഡാലിറ്റിയെക്കുറിച്ച് ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പറയുന്നത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭാഷയല്ല.

ഇവിടെ 464 വൈദികരില്‍ പത്തോ പന്ത്രണ്ടോ പേരൊഴികെ ബാക്കി എല്ലാവരും ജനാഭിമുഖ കുര്‍ബാനക്കുവേണ്ടി ജീവിക്കുന്നവരാണ്. ഒരു അനുഷ്ഠാന രീതിയുടെ പേരില്‍ കൂട്ടായ്മയിൽനിന്ന് പുറത്താക്കുമെന്ന ഭീഷണി ആര്‍ച് ബിഷപ് ആന്‍ഡ്രൂസ് താഴത്തിന്‍റേതല്ലാതെ മറ്റാരുടേതുമല്ലെന്ന് യോഗം വിലയിരുത്തി. 300ഓളം പേർ പങ്കെടുത്തു.

Tags:    
News Summary - Pope's Video Message: Inquiry Needed - Clergy Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.