ഇരിക്കൂറിലെ മോഷണവും കൊലപാതകവും: പൂജാരി അറസ്റ്റിൽ

ഇരിക്കൂർ: ഇരിക്കൂർ കല്യാട്ട് നാലു ലക്ഷം രൂപയും 30പവന്‍ സ്വര്‍ണവും മോഷണം പോവുകയും യുവതി കൊല്ലപ്പെടുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്ര പൂജാരിയെ പൊലീസ് പിടികൂടി. കർണാടക സിംഗപട്ടണം സ്വദേശി മഞ്ജുനാഥ് ആണ് പിടിയിലായത്. കൊല്ല​പ്പെട്ട ദർശിതയോട് പ്രേതശല്യം ഒഴിപ്പിക്കാൻ രണ്ട് ലക്ഷം രൂപ മാത്രമാണ് താൻ വാങ്ങിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

ആഗസ്ത് 22നാണ് സിബ്ഗ കോളജിനു സമീപം പുള്ളിവേട്ടയ്‌ക്കൊരു മകന്‍ ക്ഷേത്രത്തിനടുത്ത് അഞ്ചാംപുര വീട്ടില്‍ കെ.സി. സുമതയുടെ വീട്ടില്‍ മോഷണം നടന്നത്. ഇതിന് പിന്നാലെ സുമതയുടെ മകന്‍ സുഭാഷിന്റെ ഭാര്യ ദര്‍ശിത(22)യെ കര്‍ണാടക സാലിഗ്രാമത്തിലെ ലോഡ്ജില്‍ ക്രൂരമായി ​കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. പണവും സർണവുമെടുത്ത് പോയ ദർശിതയെ സുഹൃത്ത് കൊലപ്പെടുത്തുകയായിരുന്നു.

മോഷണമുതൽ കണ്ടെത്താനുള്ള ഇരിക്കൂർ പൊലീസിന്റെ അന്വേഷണമാണ് ഇപ്പോൾ പൂജാരി മഞ്ജുനാഥിന്റെ അറസ്റ്റിലേക്ക് എത്തിച്ചത്. ഇയാൾക്ക് ദർശിത പണം നൽകുന്ന സി.സി.ടി.വി ദൃശ്യം പുറത്തുവന്നിരുന്നു. ദർശിതയുടെ വീട്ടിലെ പ്രേതശല്യം ഒഴിപ്പിക്കാൻ രണ്ട് ലക്ഷം രൂപ വാങ്ങിയെന്നാണ് പൂജാരി മൊഴി നൽകിയത്. ഇത് പൊലീസ് പൂർണമായി വിശ്വാസത്തിൽ എടുത്തിട്ടില്ല.

കവർച്ച നടന്ന സുമതയും മറ്റൊരു മകന്‍ സൂരജും ചെങ്കല്‍പണയില്‍ ജോലിക്ക് പോയതായിരുന്നു. ഇതിന് പിന്നാലെയാണ് ദര്‍ശിത രണ്ടര വയസ്സുള്ള മകളോടൊപ്പം വീട് പൂട്ടി കര്‍ണാടകയിലെ സ്വന്തം വീട്ടിലേക്ക് പോയത്. സുമത വൈകീട്ട് തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. അപ്പോള്‍ തന്നെ ദർശിതയെ ഫോൺ വിളിച്ചപ്പോൾ രണ്ടു ദിവസം കഴിഞ്ഞുവരാമെന്ന് പറഞ്ഞു. ഫോണെടുത്തപ്പോള്‍ മറ്റാരോടോ സംസാരിക്കുന്നത് കേള്‍ക്കാമായിരുന്നെന്നും ഇവര്‍ പറഞ്ഞു. തുടർന്ന് ദര്‍ശിതയോട് വിവരങ്ങള്‍ അന്വേഷിക്കാന്‍ പോലീസ് ബന്ധപ്പെട്ടപ്പോള്‍ ലഭ്യമായിരുന്നില്ല.

പിന്നീടാണ് ഇവരെ കര്‍ണാടകയിലെ ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. ആൺസുഹൃത്ത് സിദ്ധരാജുവാണ് കൊലപ്പെടുത്തിയത്. ക്വാറികളില്‍ പാറ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന ഡിറ്റണേറ്റര്‍ ദര്‍ഷിതയുടെ വായില്‍ തിരുകി പൊട്ടിച്ചായിരുന്നു കൊലപാതകം. തല പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു. മൊബൈൽ ചാര്‍ജര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടമെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇതിലാണ് ഡിറ്റണേറ്റര്‍ കണക്ട് ചെയ്തതെന്നും സിദ്ധരാജു മൊഴി നല്‍കി. ദർശിത ഭര്‍ത്താവിനൊപ്പം ഗള്‍ഫിലേക്ക് പോകാന്‍ തീരുമാനിച്ചതും കടം നല്‍കിയ പണം തിരികെ ചോദിച്ചതുമാണ് കൊലപാതകത്തിനുള്ള പ്രകോപനമത്രെ.

Tags:    
News Summary - poojari arrested in irikkur darshitha murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.