തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷം ലഭിച്ചിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ കോൺഗ്രസിൽ തർക്കം തുടരുമ്പോൾ പിന്തുണക്കുന്ന എം.എൽ.എമാരുടെ എണ്ണം പ്രധാനമാണെന്ന് വ്യക്തമാക്കി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. രാഷ്ട്രീയം നമ്പറുകളുടെ കളിയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് എം.എൽ.എമാരുടെ പിന്തുണ സംബന്ധിച്ച് കെ.സി, വി.ഡി, ചെന്നിത്തല പക്ഷങ്ങൾ അവകാശവാദം ഉന്നയിക്കുന്നതിനിടെ കെ.പി.സി.സി പ്രസിഡന്റിന്റെ പരാമർശം വ്യക്തമായ സൂചനയാണ് നൽകുന്നത്. അധികാരം പരസ്പരം പങ്കുവെക്കാൻ നേതാക്കൾ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എം.എൽ.എമാരുടെ പിന്തുണ സംബന്ധിച്ച് നേതാക്കളുടെ അവകാശവാദം സംബന്ധിച്ച് ചോദിച്ചപ്പോൾ നമ്പർ ഒരു പ്രധാന ഘടകമല്ലേ! എന്നായിരുന്നു പ്രസിഡന്റിന്റെ മറുചോദ്യം. 'പൊളിറ്റിക്സ് ഈസ് ദി ഗെയിം ഓഫ് നമ്പേഴ്സ് (രാഷ്ട്രീയം നമ്പറുകളുടെ കളിയാണ്) അങ്ങനെയല്ലേ.' അദ്ദേഹം ചോദിച്ചു. മറ്റു ഘടകങ്ങളും പരിശോധിക്കാം. പക്ഷേ വളരെ വ്യത്യാസത്തിലുള്ള നമ്പറുകൾ വരുമ്പോൾ നേതൃത്വമാണ് തീരുമാനിക്കേണ്ടത്. നമ്പർ ഒരു പ്രശ്നമാകരുതെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ നടക്കുന്ന സംഭവ വികാസങ്ങളിൽ വലിയ വിഷമമുണ്ട്. ഒരിക്കലും ഇങ്ങനെ ആവാൻ പാടില്ല. ഹൈക്കമാൻഡിന്റെ ഉചിതമായ തീരുമാനത്തിന് എല്ലാവരും കാത്തിരിക്കണം. അമിതാവേശം ജനങ്ങളിൽ നിരാശയുണ്ടാക്കും. മുതിർന്ന നേതാക്കൾ സംയമനം പാലിക്കണം. നേതാക്കൾ എല്ലാം വലിയ ജനപിന്തുണയുള്ളവരും കഴിവ് തെളിച്ചവരുമാണ്. പക്ഷേ ഒരാളെയല്ലേ മുഖ്യമന്ത്രിയാക്കാൻ കഴിയൂ. അധികാരം പരസ്പരം പങ്കുവെക്കാൻ തയ്യാറാവണം. നേതാക്കൾ സംയമനത്തിലേക്ക് വരണം. ഘടകകക്ഷികൾ കർശനമായ നിലപാടൊന്നും സ്വീകരിക്കില്ല. കോൺഗ്രസിന്റെ തീരുമാനം അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.