ഇലവുംതിട്ട പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പാചകം ചെയ്യുന്നതിന്റെയും കഴിക്കുന്നതിന്റെയും ദൃശ്യങ്ങൾ
പന്തളം: പൊലീസുകാരുടെ പാചകം തമിഴ്നാട്ടിലടക്കം സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതോടെ, ജോലി സമയത്തെ പാചകത്തിന് വിശദീകരണം തേടിയിരിക്കയാണ് ദക്ഷിണമേഖല ഐ.ജി. പത്തനംതിട്ട ജില്ലയിലെ ഇലവുംതിട്ട പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കപ്പയും ചിക്കന് കറിയും പാചകം ചെയ്യുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.
ഇലവുംതിട്ട ചന്തയിൽനിന്ന് ചിക്കനും വാങ്ങി പൊലീസ് ജീപ്പിൽ വരുന്നതും സമീപ വീട്ടിൽ കയറി കറിവേപ്പില ശേഖരിക്കുന്നതും സ്റ്റേഷനിൽ പാചകം ചെയ്യുന്നതും ഒന്നിച്ചിരുന്ന് കഴിക്കുന്നതുമെല്ലാമാണ് വിഡിയോയിലുള്ളത്. തൊട്ടു പിന്നാലെ പാചകം ചെയ്ത് കഴിക്കുന്ന വിഡിയോ തമിഴ് സിനിമാ ഗാനത്തിന്റെ അകമ്പടിയോടെ സമൂഹമാധ്യമങ്ങളിൽ ഇടുകയും ചെയ്തു. ഇത് വ്യാപകമായി പ്രചരിച്ചതോടെയാണ് ഡ്യൂട്ടി സമയത്തെ പാചകത്തിനും സമൂഹ മാധ്യമങ്ങളിലെ ഇടപെടലിലും ഇലവുംതിട്ട പൊലീസിനോട് വിശദീകരണം ചോദിച്ചത്.
പത്തനംതിട്ട സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല. നിരവധി പേരാണ് വിഡിയോയിലെ പൊലീസുകാരെ അഭിനന്ദിച്ച് പ്രതികരിച്ചത്. വീട് വാടകക്ക് എടുത്താണ് ഇലവുംതിട്ട പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ഇവിടെ അടുക്കള സൗകര്യവുമുണ്ട്. വിഡിയോയിൽ തെറ്റായ ഒരു സന്ദേശവും നൽകുന്നില്ലെന്നാണ് ഇലവുംതിട്ട പൊലീസിന്റെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.