പൊലീസില്‍ സൗജന്യ കോള്‍; സൈബര്‍ കുറ്റം തടയാന്‍ ‘കാക്കി ഹാറ്റ്സ്’

തിരുവനന്തപുരം: പൊലീസ് സേനാംഗങ്ങളെയും മിനിസ്റ്റീരിയല്‍ ജീവനക്കാരെയും ഒരു മൊബൈല്‍ നെറ്റ്വര്‍ക്കിന് കീഴിലാക്കുന്ന ‘സംഹിത’ അടക്കം പൊലീസില്‍ സമഗ്രമാറ്റം കുറിക്കുന്ന മൂന്ന് പദ്ധതികള്‍ക്ക് തിങ്കളാഴ്ച തുടക്കമാകും. എല്ലാ പൊലീസുദ്യോഗസ്ഥര്‍ക്കും സൗജന്യ കോള്‍ സൗകര്യം നല്‍കുന്ന ‘സംഹിത’, സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ ‘കാക്കി ഹാറ്റ്സ്’, ഉദ്യോഗസ്ഥരുടെ സര്‍വിസ് വിവരങ്ങള്‍ ലഭ്യമാകുന്ന ‘ക്ളോണ്‍ ഫ്രീ ഹൈടെക് സ്മാര്‍ട്ട് കാര്‍ഡ്’ പദ്ധതികള്‍ വൈകീട്ട് അഞ്ചിന് ടാഗോര്‍ തിയറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 

‘സംഹിത’ പദ്ധതിയില്‍ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരും ബി.എസ്.എന്‍.എല്ലിന്‍െറ സൗജന്യ കോള്‍ നെറ്റ്വര്‍ക്കില്‍ വരും. ഇവര്‍ക്ക് പരിധിയില്ലാതെ സി.യു.ജി നമ്പറിലേക്ക് സൗജന്യമായി പരസ്പരം വിളിക്കാം. പൊലീസ് സ്റ്റേഷനിലെ ലാന്‍ഡ് ഫോണ്‍ നമ്പറിലേക്കും സൗജന്യമായി വിളിക്കാം. സൈബര്‍ കുറ്റവാളികളെ ഫലപ്രദമായി നേരിടുന്നതിനും നിയമത്തിനുമുന്നില്‍ എത്തിക്കുന്നതിനും വൈദഗ്ധ്യംനേടിയ പൊലീസ് സേനയെ സൃഷ്ടിക്കുകയാണ് ‘കാക്കി ഹാറ്റ്സ്’ പദ്ധതിയുടെ ലക്ഷ്യം. ഇതിന്‍െറ ഭാഗമായി രണ്ടുവര്‍ഷത്തിനകം കഴിവും അഭിരുചിയുമുള്ള മുന്നൂറോളം പൊലീസ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്ത് അന്തര്‍ദേശീയനിലവാരത്തിലുള്ള എത്തിക്കല്‍ ഹാക്കിങ് ട്രെയിനിങ് നല്‍കും. 

മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ചിപ്പ് ഘടിപ്പിച്ച ‘ക്ളോണ്‍ ഫ്രീ ഹൈടെക് സ്മാര്‍ട്ട് കാര്‍ഡ്’ നല്‍കുന്നത് അവര്‍ക്ക് ലഭിക്കേണ്ട ധനപരവും ഭരണപരവുമായ സേവനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിന് സഹായിക്കും. സി-ഡാക്കുമായി സഹകരിച്ചാണ് സ്മാര്‍ട്ട് കാര്‍ഡ് ലഭ്യമാക്കുന്നത്. വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. 

Tags:    
News Summary - police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.