മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ കള്ളത്തരവുമായി പൊലീസ്​

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ മൃതദേഹം സൂക്ഷിക്കാൻ കോട്ടയം വെസ്​റ്റ്​ പൊലീസ് വ്യാജരേഖയുണ്ടാക്കി. ആശുപത്രി അധികൃതരുടെ ഇടപെടലിനെ തുടർന്ന് മൃതദേഹം ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി.

വ്യാഴാഴ്​ച രാത്രി 10ന് കോട്ടയം മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലായിരുന്നു സംഭവം. കോട്ടയം വെസ്​റ്റ്​ പൊലീസ് സ്​റ്റേഷൻ അതിർത്തിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയാളെ നടപടി അക്രമങ്ങൾക്കുശേഷം എസ്.ഐയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിക്കുന്നതിനായി കൊണ്ടുവന്നു. മൃതദേഹം മോർച്ചറിയിൽ വെക്കുന്ന 117 കൗണ്ടറിലെത്തിയ എസ്.ഐ മോർച്ചറിയിൽ സൂക്ഷിക്കുന്നത് സംബന്ധിച്ച രേഖ ജീവനക്കാരന് കൈമാറി.

കോവിഡ് മരണങ്ങൾ കൂടുതലായതിനാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ മരണപ്പെടുന്നവരോ, ഏറ്റുമാനൂർ, ഗാന്ധിനഗർ സ്​റ്റേഷനുകളിൽനിന്ന്​ കൊണ്ടുവരുന്ന മൃതദേഹങ്ങളോ സൂക്ഷിക്കാനേ സാധിക്കൂവെന്നും ആശുപത്രി അധികൃതരുടെ അനുമതി വാങ്ങണമെന്നും ജീവനക്കാരൻ പറഞ്ഞു.

ജീവനക്കാരൻ തന്നെ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ ജില്ല ആശുപത്രിയിൽ സൂക്ഷിച്ചശേഷം വെള്ളിയാഴ്​ച കോവിഡ് പരിശോധനക്കുശേഷം പോസ്​റ്റ്​മോർട്ടം നടത്താൻ കൊണ്ടുവന്നാൽ മതിയെന്ന്​ അറിയിച്ചു.

തുടർന്ന്​ പൊലീസ് മടങ്ങിയെങ്കിലും അൽപസമയം കഴിഞ്ഞപ്പോൾ, അത്യാഹിത വിഭാഗത്തിലെത്തി, ആശുപത്രിയിലേക്ക് കൊണ്ടുവരുന്നത് വഴി മരണപ്പെട്ടതാണെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്​ടറെ തെറ്റിദ്ധരിപ്പിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതുവഴി മരണപ്പെട്ടാൽ, മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിക്കണമെന്നാണ് ചട്ടം. അതിനാണ് കളവ് പറഞ്ഞ് രേഖയുണ്ടാക്കിയത്.

മെഡിക്കൽ ഓഫിസർ, നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം മോർച്ചറിയിലേക്ക് മാറ്റാൻ ഡ്യൂട്ടി നഴ്​സിന് നിർദേശം നൽകി. നഴ്​സ്​ ബന്ധപ്പെട്ട ജീവനക്കാരനെ അറിയിച്ചു. ജീവനക്കാരൻ, അത്യാഹിത വിഭാഗത്തിലെത്തിയപ്പോഴാണ് ആദ്യം പൊലീസ്​ ​കൊണ്ടുവന്ന മൃദദേഹമാണെന്ന് മനസ്സിലായത്. ഡോക്​ടറോട് വിവരം പറഞ്ഞതിനെ തുടർന്ന്​ പൊലീസും ജീവനക്കാരനും തമ്മിൽ വാക്കുതർക്കമായി.

തുടർന്ന് മെഡിക്കൽ ഓഫിസർ രേഖ റദ്ദാക്കിയ ശേഷം മൃതദേഹം ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശിക്കുകയും പൊലീസ് കൊണ്ടുപോകുകയും ചെയ്​തു.

വെള്ളിയാഴ്​ച രാവിലെ കോവിഡ് പരിശോധനഫലം ലഭിച്ചശേഷം മൃത​ദേഹം പൊലീസ്​ നടപടി പൂർത്തീകരിച്ച് ജില്ല ആശുപത്രിയിൽ തന്നെ പോസ്​റ്റ്​മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറുകയായിരുന്നു.

കഴിഞ്ഞ മാസം തലയോലപ്പറമ്പ്, കടുത്തുരുത്തി സ്​റ്റേഷനുകളിലും സമാന സംഭവങ്ങൾ ഉണ്ടായെങ്കിലും പ്രത്യേക സാഹചര്യം കണക്കിലെടുത്തു മൃതദേഹങ്ങൾ സൂക്ഷിക്കാൻ അനുമതി നൽകുകയും ആവർത്തിക്കരുതെന്ന് അറിയിപ്പ് നൽകുകയും ചെയ്​തിരുന്നുവെന്നും ആശുപത്രി അധികൃതർ പറയുന്നു. 

Tags:    
News Summary - Police with forgery to keep the body in the mortuary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.