അമിത വേഗതക്ക് കരിമ്പട്ടികയിലായ ജീപ്പുമായി പൊലീസിന്റെ വാഹന പരിശോധന, ഇന്‍ഷുറന്‍സും കഴിഞ്ഞതായി പരിവാഹൻ; ഇൻഷുറൻസ് പുതുക്കിയ രേഖ പുറത്തുവിട്ട് പൊലീസ്

ഗുരുവായൂര്‍: മമ്മിയൂര്‍ ജങ്ഷനില്‍ പൊലീസിന്റെ വാഹന പരിശോധനക്ക് വിധേയനായ ആള്‍ക്കൊരു മോഹം... തന്നെ പരിശോധിച്ച പൊലീസിന്റെ ജീപ്പും ഒന്ന് പരിശോധിച്ചു കളയാമെന്ന്. അപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്: അമിത വേഗതക്ക് കരിമ്പട്ടികയിലായ ജീപ്പാണിതെന്നും വാഹനത്തിന്റെ ഇന്‍ഷുറന്‍സ് കാലാവധി അഞ്ചുമാസംമുമ്പ് കഴിഞ്ഞുവെന്നുമാണ് മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ വെബ്സൈറ്റിന്റെ വെളിപ്പെടുത്തൽ.

കെഎല്‍ 01 ബിക്യു 5430 നമ്പര്‍ പൊലീസ് വാഹനത്തെ കുറിച്ച് പരിവാഹന്‍ ആപ്പിലൂടെ പരിശോധിച്ചപ്പോഴാണ് കൗതുകം ജനിപ്പിക്കുന്ന വിവരങ്ങൾ കണ്ടത്. തിരുവനന്തപുരം ആര്‍.ടി.ഒ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വാഹനമാണ് ഈ നമ്പറിലുള്ളതെന്നാണ് പരിവാഹന്‍ നല്‍കിയ വിവരം. ഇതിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷ 2022 ജൂലൈ നാലിന് കഴിഞ്ഞതായും ചൂണ്ടിക്കാട്ടി. ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് ഉപയോഗിക്കുന്നതാണ് ഈ വാഹനം.

എം പരിവാഹൻ ആപ്പില്‍ ലഭിച്ച വിവരങ്ങള്‍

2015 ഫെബ്രുവരി 22ന് ചാലക്കുടിയിലൂടെ അമിത വേഗത്തില്‍ പാഞ്ഞതിനാണ് പിഴ വിധിച്ചിരുന്നത്. ഇത് അടക്കാതിരുന്നതിനെ തുടര്‍ന്നാണ് കരിമ്പട്ടികയിലായത്. ഇന്‍ഷുറന്‍സ് പുതുക്കാത്ത, അമിത വേഗതക്ക് പിഴ വിധിച്ചിട്ടും അടക്കാത്ത വാഹനം ഉപയോഗിച്ചാണ് പൊലീസ് പൊതുജനത്തിന്റെ വാഹനങ്ങള്‍ പരിശോധിച്ച് പിഴ വിധിക്കുന്നതെന്ന വിമർശനം ഉയരുന്നുണ്ട്.

പൊലീസ് പുറത്തുവിട്ട വാഹനത്തിന്റെ ഇൻഷുറൻസ് അടച്ച രേഖ

എന്നാൽ, ഇന്‍ഷുറന്‍സ് അടച്ചതാണെന്നും പരിവാഹനില്‍ അപ്ഡേറ്റ് ചെയ്യാത്തത് ആപ്പി​ന്റെ കുഴപ്പമാണെന്നും ടെമ്പിള്‍ ഇന്‍സ്‌പെക്ടര്‍ സി. പ്രേമാനന്ദകൃഷ്ണന്‍ 'മാധ്യമം ഓൺലൈനി'നോട് പറഞ്ഞു. ഇൻഷുറൻസ് പേപ്പറും പൊലീസ് പുറത്തുവിട്ടു. മുഖ്യമന്ത്രിക്ക് പൈലറ്റായി പോയ സമയത്തെ വേഗതക്കാണ് അമിത വേഗതക്ക് പിഴ ചുമത്തിയതെന്നും അറിയിച്ചു.

Tags:    
News Summary - Police vehicle inspection with blacklisted jeep for over speed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.