തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും സംസ്ഥാന പൊലീസ് മേധാവിയുടെയും നിർദേശങ്ങളു ം ഉത്തരവുകളും കാറ്റിൽപറത്തി പൊലീസിൽ വീണ്ടും ദാസ്യപ്പണി സജീവം. ക്യാമ്പ് ഫോളോവേഴ്സ ് നിയമനം പി.എസ്.സി വഴിയാക്കാനുള്ള സർക്കാർ നീക്കങ്ങൾ ചുവപ്പുനാടയിൽ കുരുങ്ങിയതോ ടെയാണ് ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥർ വീടുകളിലെ അടുക്കളപ്പണിക്കും മറ്റ് ജോലികൾക്കുമായി വീണ്ടും ജീവനക്കാരെ നിയോഗിച്ചത്.
നിയമാനുസൃത ജോലികളേ ക്യാമ്പ് ഫോളോവർമാരെക്കൊണ്ട് ചെയ്യിക്കാവൂയെന്നും അല്ലാത്തപക്ഷം കർശന നടപടിയുണ്ടാകുമെന്നുമുള്ള ഡി.ജി.പിയുടെ സർക്കുലർ നിലനിൽക്കെയാണിത്. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, എറണാകുളം ജില്ലകളിൽ നിന്നാണ് കൂടുതൽ പരാതി. കഴിഞ്ഞമാസം തൃശൂർ രാമവർമപുരം പൊലീസ് ക്യാമ്പിൽ ശുചീകരണ ജോലിക്ക് നിയോഗിക്കപ്പെട്ട ക്യാമ്പ് ഫോളോവറെ മേലുദ്യോഗസ്ഥർ കോൺക്രീറ്റ് പണിക്കും കല്ല് ചുമക്കാനും നിയോഗിച്ചതും അധികജോലിക്കിടെ ജീവനക്കാരൻ തളർന്നുവീണതും വാർത്തയായിരുന്നു.
തൃശൂർ എ.ആർ ക്യാമ്പിലെ 12 ജീവനക്കാരിൽ ഒമ്പതും ഉന്നത ഐ.പി.എസുകാരുടെ വീടുകളിലാണ്. തൃശൂർ സിറ്റിയിൽ രണ്ട് ഐ.പി.എസുകാരുടെ വീട്ടിൽ മാത്രം നാല് പേരുണ്ട്. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളിലും ഇതാണ് അവസ്ഥ. ദാസ്യപ്പണി പരാതികളുടെയും മാധ്യമവാർത്തകളുടെയും അടിസ്ഥാനത്തിൽ കഴിഞ്ഞ ജൂൺ 22ന് നിയമനം പി.എസ്.സി വഴിയാക്കുമെന്ന് സർക്കാർ ആവർത്തിച്ചിരുന്നു.
കരട് ചട്ടം ഒരുമാസത്തിനകം തയാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചെങ്കിലും ഒന്നും നടന്നില്ല. ദിവസവേതനക്കാരാണ് ഇത്തരം ജോലികൾക്ക് നിയോഗിക്കപ്പെടുന്നവരിൽ ഭൂരിഭാഗവുമെന്ന് കേരള പൊലീസ് ക്യാമ്പ് ഫോളോവേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.കെ. രാധാകൃഷ്ണൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇതിനെതിരെ അസോസിയേഷൻ മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.