മലപ്പുറം: സിദ്ദീഖ് കാപ്പനെതിരെ അസ്വാഭാവിക നീക്കങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് പൊലീസ്. പ്രത്യേക കേസുകളിലുൾപ്പെട്ടവരുടെ ലിസ്റ്റ് പ്രകാരമുള്ള അന്വേഷണം മാത്രമാണ് നടന്നതെന്നും ഒരു ദുരൂഹനീക്കവും ഉണ്ടായിട്ടില്ലെന്നുമാണ് പൊലീസിൽനിന്നുള്ള വിശദീകരണം. സിദ്ദീഖ് കാപ്പന്‍റെ വീട്ടിൽ പൊലീസ് എത്തിയതിലും കാര്യങ്ങൾ അന്വേഷിച്ചതിലും ദുരൂഹമായി ഒന്നുമില്ലെന്നും സാധാരണ നടപടികളുടെ ഭാഗം മാത്രമാണെന്നും വേങ്ങര പൊലീസ് ഇൻസ്പെക്ടർ രാജേന്ദ്രൻ നായർ പറഞ്ഞു. അതേസമയം, അർധരാത്രിയിൽ നടന്ന അന്വേഷണത്തിൽ പൊലീസ് വ്യക്തത വരുത്താൻ തയാറായില്ലെന്നാണ് കുടുംബവും സിദ്ദീഖ് കാപ്പന്‍റെ അഭിഭാഷകനും പറഞ്ഞത്. പൊലീസിന്‍റെ അസാധാരണ നീക്കത്തിൽ കുടുംബം ആശങ്കയിലാണെന്ന് സിദ്ദീഖ് കാപ്പന്‍റെ ഭാര്യ റൈഹാന സിദ്ദീഖ് പ്രതികരിച്ചു.
ശനിയാഴ്ച വൈകീട്ട് 6.30ഓടെയാണ് സിദ്ദീഖ് കാപ്പന്‍റെ വീട്ടിൽ രണ്ടു പൊലീസുകാരെത്തിയതെന്നാണ് കുടുംബം പറയുന്നത്. രാത്രി 12 കഴിഞ്ഞ് വീട്ടിൽ സിദ്ദീഖ് കാപ്പൻ ഉണ്ടാകുമോ എന്ന് പൊലീസുകാർ ചോദിച്ചു. പരിശോധനക്കായി മലപ്പുറത്തുനിന്ന് അർധരാത്രി പൊലീസെത്തുമെന്നും വീട്ടിലേക്കുള്ള വഴിയും കാപ്പന്‍റെ സാന്നിധ്യവും ഉറപ്പുവരുത്താനാണ് മുൻകൂട്ടി ചോദിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
എന്തിനാണ് പരിശോധനയെന്ന് ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരമുണ്ടായില്ലെന്നും സിദ്ദീഖ് കാപ്പന്‍റെ ഭാര്യ പറഞ്ഞിരുന്നു. അതേസമയം, ശനിയാഴ്ച അർധരാത്രി പൊലീസുകാരാരും വീട്ടിൽ എത്തിയിട്ടില്ലെന്നും കുടുംബം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.