ആ കോൾ പൊലീസിന്റേതല്ല....കെണിയിൽ വീഴരുത്
തൃശൂർ: സൈബർ സെല്ലിൽ നിന്നുമാണെന്ന് പറഞ്ഞ് അസമയത്ത് ലഭിക്കുന്ന കോൾ പൊലീസിന്റേതല്ലെന്നും അത്തരം ഫോൺകോളുകളിൽ വഞ്ചിതരാകരുതെന്നും മുന്നറിയിപ്പ്. ഫോണിലെ ഇന്റർനെറ്റ് ഉപയോഗം നിരീക്ഷിച്ചുവെന്നും അതിൽ അസ്വാഭാവികത തോന്നിയതിനാലാണ് സൈബർ സെൽ പൊലീസ് ഉദ്യോഗസ്ഥൻ വിളിക്കുന്നതെന്നുമാണ് പറയുക.
ഭീഷണി സ്വരത്തിലുള്ള വർത്തമാനത്തിൽ പേടിക്കുകയോ സ്തബ്ധിച്ചുപോകുകയോ ചെയ്യും. ഇതോടെ തട്ടിപ്പുകാരൻ സ്വകാര്യ വിവരങ്ങൾ മുഴുവൻ തട്ടിയെടുക്കും. ഇത്തരത്തിലുള്ള കോളുകൾ നിരവധി പേർക്ക് ലഭിക്കുന്നതായി പരാതി ലഭിക്കുന്നുണ്ടെന്നും സിറ്റി പൊലീസിന്റെ സൈബർ സെൽ വിഭാഗവും സൈബർ ക്രൈം പൊലീസ് സ്റ്റേഷനും ഇത്തരം വ്യാജ ടെലിഫോൺ കോളുകൾ നിരീക്ഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
പൊലീസ് മുന്നറിയിപ്പ്
- സൈബർ സെൽ, സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്ന് പൊതുജനങ്ങളെ വിളിക്കുകയാണെങ്കിൽ വിളിക്കുന്നയാളിന്റെ പേര്, ഔദ്യോഗിക വിലാസം, നിങ്ങളെ വിളിക്കാനുള്ള ആവശ്യം എന്നിവ ചോദിച്ച് മനസ്സിലാക്കുക. അവിടത്തെ ലാൻഡ് ലൈൻ ടെലിഫോൺ നമ്പർ ആവശ്യപ്പെടുകയും അതിലേക്ക് തിരിച്ചുവിളിക്കാമെന്നും പറയുക.
- സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളുടെയും പൊലീസ് ഓഫിസുകളുടെയും പൊലീസുദ്യോഗസ്ഥരുടേയും ടെലിഫോൺ നമ്പറുകൾ, മൊബൈൽ നമ്പറുകൾ എന്നിവ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
- വ്യാജ നമ്പറുകൾ സൃഷ്ടിച്ചാണ് സൈബർ തട്ടിപ്പുകാർ സന്ദേശങ്ങൾ അയക്കുകയും ടെലിഫോൺ വിളികൾ നടത്തുകയും ചെയ്യുന്നത്. ഇത്തരം നിരോധിത പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും.
- തട്ടിപ്പുകാരുടെ ടെലിഫോൺ വിളികൾ വരുമ്പോൾ നാലക്ക നമ്പർ മാത്രമേ സ്ക്രീനിൽ തെളിയൂ. ഇത്തരത്തിലുള്ള നമ്പറുകളിൽനിന്ന് വരുന്ന കോളുകൾ എടുക്കരുത്.
- സൈബർ സെൽ ഉദ്യോഗസ്ഥൻ ചമഞ്ഞ് ഭീഷണിപ്പെടുത്തുന്ന കോളുകൾ ഉത്ഭവിക്കുന്നത് കൂടുതലായും വിദേശ രാജ്യങ്ങളിൽ നിന്നുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം കുറ്റവാളികളെ പിടികൂടൻ നടപടി സ്വീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.