അമിത് ഷാ
അമിത് ഷായ്ക്ക് നേരെ കരിങ്കൊടി കാട്ടിയതിൽ സുരക്ഷാ വീഴ്ച ആരോപിച്ച് ബിജെപി, ഡിജിപിക്ക് പരാതി നൽകി
കൊല്ലം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൊല്ലം സന്ദർശനത്തിനിടെ ഗുരുതര സുരക്ഷാ വീഴ്ച ആരോപിച്ച് ബി.ജെ.പി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. സംഭവത്തിൽ അടിയന്തര അന്വേഷണം വേണമെന്നാണ് ആവശ്യം. ഇതുസംബന്ധിച്ച് ബി.ജെ.പി നിയമസഭ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ എം.എൽ.എയാണ് പരാതി നൽകിയത്.
ശനിയാഴ്ച കൊല്ലം ആശ്രാമം മൈതാനത്തു നിന്ന് വാഹനവ്യൂഹം പോകുമ്പോൾ അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചിരുന്നു. വാഹനവ്യൂഹം കടന്നുപോയ വഴിയിൽ നിന്ന് ഏകദേശം 50 മീറ്റർ അകലത്തേക്ക് പ്രതിഷേധക്കാർക്ക് എത്താനായത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. സുരക്ഷാ വീഴ്ച വരുത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വി.വി.ഐ.പി സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതായും പരാതിയിൽ പറയുന്നു.
വി.വി.ഐ.പിയുടെ സുരക്ഷാ വലയത്തിന് സമീപത്തേക്ക് ജനപ്രതിനിധികൾ ഉൾപ്പെട്ട സംഘത്തിന് എങ്ങനെ എത്താൻ കഴിഞ്ഞുവെന്നത് ഗൗരവമായി പരിശോധിക്കണമെന്ന് ബി.ബി. ഗോപകുമാർ ആവശ്യപ്പെട്ടു. സംഭവത്തെ സാധാരണ പ്രതിഷേധമായി കണ്ട് നിസ്സാരവത്കരിക്കരുത്. പ്രതിഷേധ സംഘത്തിൽ കൊല്ലം കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കൗൺസിലറും ഉൾപ്പെട്ടിരുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. അതേസമയം, സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അമിത് ഷാ കൊല്ലത്ത് കുണ്ടറ മുളവനയിലെ പവിത്രം കൺവെൻഷൻ സെന്ററിൽ അന്താരാഷ്ട്ര വനിതാകർഷക വർഷാചരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ‘സഹകരണത്തിലൂടെ സമൃദ്ധി (സഹ്കാർ സേ സമൃദ്ധി)’ പരിപാടിയിലാണ് പങ്കെടുത്തത്. ഈ ചടങ്ങിന് ശേഷം മാതാ അമൃതാനന്ദമയി മഠവും സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.