കുറ്റിച്ചിറ തനിക്ക് വെറും ഒരു ഡിവിഷനല്ലെന്ന് ഫാത്തിമ തഹ്‍ലിയ; തദ്ദേശ ഉപതെരഞ്ഞെടുപ്പ് ചൂടിൽ കേരളം, 38 വാർഡുകളിൽ നാളെ വോട്ടെടുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കാനിരിക്കെ സർക്കാറിന് അഭിമാനപോരാട്ടവും പ്രതിപക്ഷത്തിന് തിരിച്ചുവരവിനുള്ള അവസരവും. ജനപ്രതിനിധികൾ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് രാജിവെച്ചതാണ് പലയിടത്തും തെരഞ്ഞെടുപ്പിന് കാരണമായത്. പരസ്യപ്രചാരണം ശനിയാഴ്ച വൈകിട്ടോടെ അവസാനിച്ചു. നിയമസഭാംഗമായതിനാൽ വാര്‍ഡ് മെമ്പർ സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് എട്ടിടത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നേറ്റം, നിയമസഭാ തെരഞ്ഞെടുപ്പിൽ തരംഗം, ഭരണത്തിലേറി നാലാം മാസത്തിലെ ഉപതെരഞ്ഞെടുപ്പിലും ഇതേ പ്രകടനം യു.ഡി.എഫ് തുടുരമോ എന്നതാണ് പ്രധാനചോദ്യം. ഇതാണ് 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്‍റെ ആവേശം കൂട്ടുന്ന ചോദ്യം. ഏഴിടത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥികളായി വിജയിപ്പിച്ചവരെ തൊട്ടുപിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ടര്‍മാര്‍ ജയിപ്പിച്ചതിനാലാണ് ഉപതെരഞ്ഞെടുപ്പ് എന്നത് ശ്രദ്ധേയമാണ്.
കോഴിക്കോട് കോര്‍പറേഷനിലെ കുറ്റിച്ചിറ ഡിവിഷനിൽ, ഫാത്തിമ തഹ്‌ലിയ പേരാമ്പ്രയിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇവിടെ എല്‍.ഡി.എഫ് സ്ഥാനാർഥി ഐ.എന്‍.എല്ലിന്റെ ടി.ടി. ജംഷീനയാണ്. യു.ഡി.എഫ് സ്ഥാനാർഥി മുസ്‍ലിം ലീഗിലെ ഫർസീനയാണ്. 2135 വോട്ടുകളായിരുന്നു, ഫാത്തിമ തഹ്‌ലിയയുടെ ഭൂരിപക്ഷം.
കുറ്റിച്ചിറയിൽ ഫർസീനയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വിഡിയോ പങ്കുവെച്ച്, കുറ്റിച്ചിറ എന്നത് തനിക്ക് വെറും ഒരു ഡിവിഷനല്ല, ജീവിതത്തിന്റെ ഒരു ഭാഗമാണെന്ന് ഫാത്തിമ തഹ്‍ലിയ എം.എൽ.എ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. പദവി മാറിയിരിക്കാം, എന്നാൽ തന്റെ ഉത്തരവാദിത്തം മാറിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
വാമനപുരത്ത് അട്ടിമറി ജയം നേടി നിയമസഭിയലെത്തി സുധീര്‍ ഷാ പാലോട് തിരുവനന്തപുരം ജില്ല പഞ്ചായത്തിൽ നിന്ന് രാജിവെച്ചതിനാലാണ് കല്ലറ ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പ്. ജില്ലയിൽ രണ്ടിടത്ത് കൂടി ഉപതെരഞ്ഞെടുപ്പിന് കാരണം നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിത്വമാണ്. അഞ്ചുതെങ്ങ് വാര്‍ഡിൽ ജയിച്ച ബി.എസ്. അനുപ് കോണ്‍ഗ്രസ് വിട്ട് ചിറയിൻകീഴിൽ ബി.ജെ.പി സ്ഥാനാര്‍ഥിയാകാൻ ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ചു.
വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് അംഗം സ്മിത സുന്ദരേശൻ പാര്‍ട്ടി മാറി വര്‍ക്കല നിയമസഭാ സീറ്റിൽ ബി.ജെ.പിക്കായി മത്സരിച്ചു. സി.പി.എം വിട്ട സ്മിത, ഒറ്റൂര്‍ വാര്‍ഡ് മെംബര്‍ സ്ഥാനവും രാജിവെച്ചു. പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലി വാര്‍ഡിൽ മെംബര്‍ സി.വി. ശാന്തകുമാര്‍, അടൂര്‍ എം.എൽ.എ ആയി.
ജില്ല പഞ്ചായത്ത് മെംബര്‍ വിനു ജോബ് ചങ്ങനാശ്ശേരി എം.എൽ.എ ആയപ്പോള്‍ കോട്ടയം തൃക്കൊടിത്താനത്തും വോട്ടെടുപ്പ് വേണ്ടിവന്നു. മന്ത്രി ഒ.ആര്‍. കേളുവിനെ അട്ടിമറിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉഷ വിജയൻ മാനന്തവാടി തിരിച്ചുപിടിച്ചതോടെ, മാനന്തവാടി ബ്ലോക്കിലെ പള്ളിക്കൽ വാര്‍ഡ് അംഗത്വം ഉഷ ഒഴിഞ്ഞു. യു.ഡി.എഫിന്‍റെ കോര്‍പറേഷൻ കൗണ്‍സിലര്‍മാരായിരുന്ന ദീപക് ജോയിയും നിയമസഭാംഗമായി. കൊച്ചി അയ്യപ്പന്‍കാവിലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.