വടകര പൊലീസ് സ്റ്റേഷന് മുന്നിൽ കീർത്തന അക്രമണത്തിന് ഇരയായ സ്ഥലത്ത് ഫോറൻസിക്, വിരലടയാള വിദഗ്ധർ പരിശോധന നടത്തുന്നു. 

എം.ഡി.എം.എ കേസ്; കീർത്തനയെ അക്രമിച്ചത് വധിക്കാൻ ലക്ഷ്യമിട്ട്, കത്തിയുടെ പിടി ഭാഗം പൊട്ടിയത് രക്ഷയായി

വടകര: എം.ഡി.എം.എ പണമിടപാട് കേസിൽ ഹൈക്കോടതി ജാമ്യ വ്യവസ്ഥയിൽ വടകര പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയ പ്രതി കീർത്തനയെ പങ്കാളി കുത്തി വീഴ്ത്തിയത് വധിക്കാൻ ലക്ഷ്യമിട്ട്.

ഒരാഴ്ചയായി കത്തി കൈയ്യിൽ കരുതി സാഹചര്യത്തിനായി കാത്തിരിക്കുകയായിരുന്നുവെന്ന് അറസ്റ്റിയിലായ പങ്കാളി പേരാമ്പ്ര പെരുവണ്ണാമൂഴി താനിയോടത്ത് ജിനീഷ് (38) പൊലീസിന് മൊഴി നൽകി. ഇൻസ്റ്റഗ്രാമിൽ അപകീർത്തികരമായി പോസ്റ്റിടുകയും കീർത്തനയുടെ സുഹൃത്തുക്കൾ നിരന്തരം ഭീഷണിപ്പെത്തുകയും ചെയ്തത് പ്രതിയെ പ്രകോപിതനാക്കിയിരുന്നു. കൂടാതെ കീർത്തന എം.ഡി.എം.എ കേസിൽ ഉൾപെട്ടതും അക്രമണത്തിന് കാരണമായി. നേരത്തെ വിവാഹിതരായിരുന്ന ഇരുവരും ബന്ധം ഒഴിവാക്കിയിരുന്നു.

കീർത്തനയുമായി പരിചയപ്പെട്ടതോടെ രണ്ട് പേരും രണ്ട് വർഷമായി ഒരുമിച്ച് കഴിഞ്ഞുവരികയായിരുന്നു. ഇതിനിടയിൽ രണ്ട് പേരും തമ്മിൽ പ്രശ്‌നങ്ങൾ ഉടലെടുത്തിരുന്നു. കീർത്തനയും മറ്റ് ആൺ സുഹൃത്തുക്കളും തമ്മിലുള്ള സൗഹൃദം ജിനീഷ് എതിർത്തിരുന്നു. ഇതേതുടർന്ന് രണ്ട് പേരും തമ്മിൽ വഴക്ക് പതിവായി. കീർത്തന എം.ഡി.എം.എ കേസിൽ ഉൾപെട്ടതോടെ പക വർധിച്ചു. എം.ഡി.എം.എ സാമ്പത്തിക ഇടപാട് കേസിൽ ജാമ്യത്തിലിറങ്ങിയ കീർത്തന ഹൈക്കോടതി ജാമ്യ വ്യവസ്ഥ പ്രകാരം വടകര പൊലീസ് സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുന്നതിനിടെ രാവിലെ 10 ഓടെ വനിത പൊലീസ് സ്റ്റേഷന് മുന്നിൽ വെച്ചാണ് പ്രതി കുത്തി വീഴ്ത്തിയത്. കത്തി കൊണ്ട് അഞ്ച് കുത്തുകളാണ് കുത്തിയത്. കഴുത്തിനേറ്റ കുത്ത് ഗുരുതരമാണ്.

അക്രമണത്തിനിടെ കത്തിയുടെ പിടി ഭാഗം പൊട്ടിപ്പോവുകയും കൂടുതൽ കുത്താൻ കഴിയാതെ പോവുകയും ചെയ്തതിനാൽ കീർത്തന രക്ഷപെടുകയായിരുന്നു. കൂടാതെ പൊലീസിന്റെ സന്ദർഭോചിതമായ ഇടപെടലും ജീവൻ രക്ഷിക്കാനായി. എം.ഡി.എം.എ കേസിൽ പേരാമ്പ്ര ബി.ആർ.സി അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്മ, ജിജിൻ കുര്യാക്കോസ്, സഫ്വാൻ എന്നിവരാണ് പ്രതികൾ. കീർത്തന, കാവ്യ, സഫ്വാൻ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഫോറൻസിക്, വിരലടയാള വിദഗ്ധർ സ്ഥലത്ത് പരിശോധന നടത്തി വിവരങ്ങൾ ശേഖരിച്ചു.

Tags:    
News Summary - MDMA Case Knife Handle Broke Keerthana Escaped Attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.