അഞ്ചിൽ ഏത് വേണമെങ്കിലും തെരഞ്ഞെടുക്കാം; ആശ്രിതനിയമനത്തിൽ പുതിയ ഉത്തരവ്, ആശ്രിതർ ഇവർ

തിരുവനന്തപുരം: സംസ്​ഥാന സർക്കാറിന്റെ സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ആശ്രിത നിയമനത്തിന്​ അർഹരായിട്ടും ജോലി ലഭിക്കാത്തവർക്ക്​ യോഗ്യതക്കനുസരിച്ച്​ അർഹമായ അഞ്ച്​ തസ്​തികകൾ വരെ തെരഞ്ഞെടുക്കാൻ​ (ഓപ്റ്റ്​ ചെയ്യാൻ) ഒറ്റത്തവണ അവസരം നൽകി ഉത്തരവ്​.

അപേക്ഷ സമർപ്പിച്ച ശേഷം പുതിയ തസ്​തികകൾ കൂട്ടിച്ചേർക്കാനോ തെരഞ്ഞെടുത്ത തസ്​തികകൾ ഒഴിവാക്കാനോ അവസരമുണ്ടാവില്ല. ഓപ്റ്റ്​ ചെയ്യുന്ന ഓരോ തസ്​തികക്കും നിഷ്​കർഷിച്ച വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം. സർട്ടിഫിക്കറ്റുകൾ സഹിതമല്ലാത്തവ പരിഗണിക്കില്ല.

നിയമനാനുമതി നൽകിയതോ അർഹത നിർണയിക്കുന്ന നടപടി പൂർത്തിയാക്കിയതോ ആയ കേസുകളിൽ നിയമനം ലഭിക്കാത്ത അപേക്ഷകരിൽനിന്ന് തസ്​തിക ഓപ്റ്റ് ചെയ്​ത്​ സമയബന്ധിതമായി ലഭ്യമാക്കാൻ​ ഭരണവകുപ്പുകൾ അവരുടെ കീഴിലുള്ള വകുപ്പുകൾക്ക്​ നിർദേശം നൽകണം. ഒരേ തസ്​തികയിലേക്ക്​ ഒന്നിലധികം അപേക്ഷകർ ഓപ്ഷൻ സമർപ്പിച്ചാൽ വിദ്യാഭ്യാസ യോഗ്യത ആർജിച്ച സമയപരിധി കണക്കിലെടുക്കാതെ, ആശ്രിത നിയമനത്തിന്​ സമർപ്പിച്ച സാധുവായ അപേക്ഷാ തീയതി അടിസ്​ഥാനമാക്കിയായിരിക്കും പൊതുഭരണ വകുപ്പ്​ സീനിയോറിറ്റി നിശ്​ചയിക്കുക.

ആർക്കൊക്കെ നിയമനം ലഭിക്കും?

ജീവനക്കാരൻ/ജീവനക്കാരി മരണമടയുന്ന തീയതിയിൽ 13 വയസ്സോ അതിനു മുകളിലോ പ്രായമുള്ള ആശ്രിതരാവണം. വിധവ/വിഭാര്യൻ, മകൻ, മകൾ, ദത്തെടുത്ത മകൻ, ദത്തെടുത്ത മകൾ, അവിവാഹിതരായ ജീവനക്കാരനാണെങ്കിൽ അച്ഛൻ, അമ്മ, അവിവാഹിതരായ സഹോദരി, സഹോദരൻ എന്നീ മുൻഗണനാ ക്രമത്തിൽ ആശ്രിത നിയമനത്തിന് അർഹതയുണ്ട്. ആശ്രിതർ തമ്മിൽ അഭിപ്രായ സമന്വയമുണ്ടെങ്കില്‍ അപ്രകാരവും അല്ലാത്ത പക്ഷം മുൻഗണനാ ക്രമത്തിലും നിയമനം നൽകും.

ജീവനക്കാരൻ മരണമടയുന്ന സമയത്ത് വിവാഹിതരായ മകൻ/മകൾ എന്നിവർ വിവാഹശേഷവും അവർ മരണമടഞ്ഞ ഉദ്യോഗസ്ഥ​ന്റെ/ ഉദ്യോഗസ്ഥയുടെ ആശ്രിതരായിരുന്നു എന്ന തഹസിൽദാരുടെ സർട്ടിഫിക്കറ്റ് കൂടി ആശ്രിത നിയമന അപേക്ഷയോടൊപ്പം ഹാജരാക്കണം. വിധവ/വിഭാര്യൻ, ഒഴികെയുള്ള ആശ്രിതർ വിധവയുടെയോ/ വിഭാര്യന്റെയോ സമ്മതപത്രം കൂടി അപേക്ഷയോടൊപ്പം ഹാജരാക്കണം. ആശ്രിതർ തമ്മിൽ തർക്കമുണ്ടാകുന്ന പക്ഷം വിധവ/ വിഭാര്യൻ നിർദേശിക്കുന്ന ആളിന് ആശ്രിത നിയമനം നൽകും. വിധവ/വിഭാര്യൻ എന്നിവർക്ക് മറ്റ് ആശ്രിതരുടെ സമ്മതപത്രം ആവശ്യമില്ല.

വിവാഹമോചിതരായ സർക്കാർ ജീവനക്കാർ സർവിസിലിരിക്കെ മരണമടയുന്ന സാഹചര്യത്തിൽ മക്കൾ ഉണ്ടെങ്കിൽ മകൻ, മകൾ, ദത്തുപുത്രൻ, ദത്തു പുത്രി എന്ന മുൻഗണനാ ക്രമത്തിലും അച്ഛൻ/ അമ്മ, അവിവാഹിതരായ സഹോദരി/സഹോദരൻ എന്നിവർക്കും മുൻഗണനാ ക്രമത്തിൽ, ഇവർ ജീവനക്കാരനെ ആശ്രയിച്ചായിരുന്നു കഴിഞ്ഞിരുന്നതെന്ന തഹസിൽദാരുടെ സാക്ഷ്യപത്രം ഹാജരാക്കുകയാണെങ്കിൽ മറ്റ് വ്യവസ്ഥകൾക്ക് വിധേയമായി ആശ്രിത നിയമനത്തിന് അർഹതയുണ്ട്.

നിയമപരമായി ആദ്യ ഭാര്യ/ഭർത്താവിനെ വേർപിരിഞ്ഞ് പുനർവിവാഹം ചെയ്യുന്ന കേസുകളിൽ ആദ്യ ഭാര്യ അല്ലെങ്കിൽ ആദ്യ ഭർത്താവിൽ ഉണ്ടായ കുഞ്ഞുങ്ങൾക്കും അർഹതയുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.