കെ.എം. ഷാജഹാൻ
കഴക്കൂട്ടം: സി.പി.എം വനിത നേതാവ് കെ.ജെ ഷൈനെതിരെ അപവാദ പ്രചാരണം നടത്തിയെന്ന കേസിൽ യൂട്യൂബറും മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന കെ.എം ഷാജഹാന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. തിരുവനന്തപുരം ചെറുവയ്ക്കലുള്ള വീട്ടിലാണ് എറണാകുളം സൈബർ പൊലീസ് സംഘമെത്തിയത്.
ഷാജഹാന്റെ മകന്റെ ലാപ്ടോപ്പ്, കമ്പ്യൂട്ടർ, ഫോൺ തുടങ്ങിയവ പിടിച്ചെടുത്തു. തെളിവ് ശേഖരണത്തിന്റെ ഭാഗമായാണ് നടപടി. കുറുപ്പുംപടി എസ്.എച്ച് ഒയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇവ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുമെന്ന് പൊലീസ് പറഞ്ഞു.
അപവാദ പ്രചാരണ കേസിൽ ഷാജഹാനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. മൊബൈൽ ഫോൺ പരിശോധിച്ച് ശാസ്ത്രീയ പരിശോധനക്ക് അയച്ചശേഷം വിട്ടയച്ചു. പിന്നാലെയാണ് കഴിഞ്ഞ ദിവസം രാത്രി ചെങ്ങമനാട് പൊലീസ് ഷാജഹാനെ അറസ്റ്റ് ചെയ്തത്.
അതേസമയം, കെ.ജെ. ഷൈനിനെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന കേസില്‍ കെ.എം. ഷാജഹാന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകി. പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് തള്ളിയാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സമാന കുറ്റകൃത്യം ആവർത്തികരുതെന്നും തെളിവുകൾ നശിപ്പിക്കരുതെന്നും കോടതി വ്യവസ്ഥ വെച്ചിട്ടുണ്ട്.
തിടുക്കത്തിൽ കേസെടുത്ത് മൂന്ന് മണിക്കൂറിനുള്ളിൽ തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത കൊച്ചിയിൽ എത്തിച്ച പൊലീസ് നടപടിക്കാണ് ഷാജഹാന് കോടതി ജാമ്യം അനുവദിച്ചതോടെ തിരിച്ചടിയായത്. ഷാജഹാനെതിരെ ഐ.ടി ആക്ടിലെ 67-ാം വകുപ്പ് (അശ്ലീല ദൃശ്യങ്ങളുടെ പ്രചരണം) ചുമത്തിയതാണ് തിരിച്ചടിയായതെന്നാണ് പ്രാഥമിക നിഗമനം.
അറസ്റ്റ് ചെയ്ത നടപടിക്രമങ്ങളെയും പൊലീസിന്റെ അവകാശവാദങ്ങളും കോടതി ചോദ്യം ചെയ്തു. വ്യാഴാഴ്ച രാത്രി തിരുവനന്തപുരം ആക്കുളത്തെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഷാജഹാനെ ആലുവ റൂറൽ സൈബർ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
എന്നാൽ, കേസ് രജിസ്റ്റർ ചെയ്ത് വെറും മൂന്ന് മണിക്കൂറിനുള്ളിൽ എങ്ങനെയാണ് പൊലീസ് എറണാകുളത്തു നിന്ന് തിരുവനന്തപുരത്തെത്തി കസ്റ്റഡിയിലെടുത്തതെന്ന് കോടതി ചോദിച്ചു. ആലുവ റൂറൽ സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ചെങ്ങമനാട് പൊലീസിന് എങ്ങനെയാണ് അറസ്റ്റ് ചെയ്യാൻ കഴിയുകയെന്നും കോടതി ചോദിച്ചു.
എന്നാൽ, ചെങ്ങമനാട് എസ്.എച്ച്.ഒ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടതിനാലാണ് അറസ്റ്റ് ചെയ്തതെന്നായിരുന്നു പ്രോസിക്യൂഷന്‍റെ മറുപടി. പ്രതിക്ക് ജാമ്യം നൽകരുതെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു. എന്നാൽ, റിമാൻഡ് റിപ്പോർട്ടിലുള്ള ലൈംഗിക പരാമർശങ്ങളൊന്നും വീഡിയോയിൽ ഇല്ലല്ലോയെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യം എന്താണെന്നും കോടതി ആരാഞ്ഞു.
സി.പി.എം നേതാവ് കെ.ജെ. ഷൈനിനെ അധിക്ഷേപിച്ചെന്ന പരാതിയില്‍ ഇന്നലെയാണ് കെ.എം. ഷാജഹാനെ അറസ്റ്റ് ചെയ്തത്. എറണാകുളം റൂറൽ സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ചെങ്ങമനാട് പൊലീസ് തിരുവനന്തപുരം ആക്കുളത്തെ വസതിയിലെത്തിയാണ് അറസ്റ്റ് ചെയ്തത്.
ഷൈനിനിന്റെ പരാതിയിൽ ഷാജഹാനെ കൂടാതെ കോൺഗ്രസ് പറവൂർ മണ്ഡലം സെക്രട്ടറി സി.കെ. ഗോപാലകൃഷ്ണനെതിരെയും കേസ് രജിസ്റ്റർ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.